Sub Lead

കെ എസ് ഷാന്‍ ഫാഷിസത്തിനെതിരേ കൃത്യമായ നിലപാടെടുത്ത നേതാവ്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

കെ എസ് ഷാന്‍ ഫാഷിസത്തിനെതിരേ കൃത്യമായ നിലപാടെടുത്ത നേതാവ്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

കണ്ണൂര്‍: ഫാഷിസത്തിനെതിരേ കൃത്യമായ നിലപാട് എടുക്കുകയും നിരന്തരമായി കലഹിക്കുകയും ജനാധിപത്യ രീതിയിലുള്ള പ്രായോഗിക വഴികള്‍ അന്വേഷിക്കുകയും ചെയ്തിരുന്ന നേതാവാണ് കെ എസ് ഷാന്‍ എന്ന് എസ് ഡിപി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. അതിനാലാണ് അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഫാഷിസ്റ്റുകള്‍ തിരഞ്ഞെടുക്കാന്‍ കാരണം. എസ് ഡിപി ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ എസ് ഷാന്‍ അനുസ്മരണവും പ്രവര്‍ത്തക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക-ജില്ലാ നേതൃത്വത്തിലൂടെ ഉയര്‍ന്നുവന്ന് സംസ്ഥാന സെക്രട്ടറി ആയി വളര്‍ന്ന ഒരു നേതാവായിരുന്നു കെ എസ് ഷാന്‍. വ്യക്തമായ നിലപാടും ദീര്‍ഘദൃഷ്ടിയുമുണ്ടായിരുന്നു. ഏല്‍പ്പിക്കപ്പെടുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അമിത ഉല്‍സാഹം കാണിച്ചിരുന്ന അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം പ്രവര്‍ത്തകരെ കൂടുതല്‍ കര്‍മ്മോല്‍സുകരാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ ഇല്ലാതാക്കി ഫാഷിസത്തിന് വല്ലതും നേടാമെന്നത് വ്യാമോഹം മാത്രമാണ്. ബിജെപി ഭരണം ഇന്ത്യയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ബംഗ്ലാദേശിനേക്കാള്‍ പിറകിലേക്ക് പോയി. എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കു പകരം വിദ്വേഷം പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കുക എന്നത് മാത്രമാണ് ബിജെപി ലക്ഷ്യം. പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്തി നിലയ്ക്കുനിര്‍ത്താന്‍ ശ്രമിക്കുകയാണ് ബിജെപി. ഇവിടെയാണ് എസ് ഡിപി ഐയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത്. രാജ്യം ആവശ്യപ്പെടുന്ന നിര്‍ഭയ രാഷ്ട്രീയമാണ് എസ് ഡിപിഐ മുന്നോട്ടുവയ്ക്കുന്നത്. ഫാഷിസത്തിനെതിരേ കൃത്യമായ നിലപാട് പാര്‍ട്ടി മുന്നോട്ടുവയ്ക്കുമ്പോള്‍ സാമ്പ്രാദായിക പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

കാട്ടാമ്പള്ളി യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുള്‍ ജബ്ബാര്‍, ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ മാങ്കടവ്, അബ്ദുല്ല മന്ന, മണ്ഡലം സെക്രട്ടറി സുനീര്‍ പോയ്ത്തുംകടവ്, മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഹനീഫ കണ്ണാടിപ്പറമ്പ, പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെംബര്‍ സി ഷാഫി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഷഹര്‍ബാനു സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് റഹീം ടി വി, ജോയിന്റ് സെക്രട്ടറി ഇസ്മായില്‍ പൂതപ്പാറ, പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെംബര്‍ കെ വി മുബ്‌സിന, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മണ്ഡലം സെക്രട്ടറി സുജിദത്ത് സംബന്ധിച്ചു.

Next Story

RELATED STORIES

Share it