Sub Lead

ദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ

ഞായറാഴ്ച രാത്രി 11ഓടെ മംഗളൂരുവില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സൂറത്ത്കല്ലിലെ കൃഷ്ണപുരയിലെ പള്ളിക്ക് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞിരുന്നു. കാട്ടിപ്പള്ളയിലെ മൂന്നാം ബ്ലോക്കിലെ മസ്ജിദുല്‍ ഹുദാ ജുമാ മസ്ജിദിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഥലത്തെത്തിയ പോലിസ് സംഘം പള്ളിയിലെയും സമീപ സ്ഥലങ്ങളിലെയും സിസിടിവി പരിശോധിച്ചു. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചെങ്കിലും അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.

ദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ
X

ബണ്ട്വാള്‍: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ കലാപനീക്കവുമായി വിഎച്ച്പിയും ബജ്‌റങ്ദളും. മസ്ജിദിനു കല്ലേറുണ്ടായതിനു പിന്നാലെ നബിദിന റാലി തടയാനുള്ള നീക്കവുമായി ഹിന്ദുത്വ നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ചെത്തിയത് സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. ഇതേത്തുടര്‍ന്ന് ബണ്ട്വാള്‍ താലൂക്കിലെ ബിസി റോഡ്, മംഗളൂരുവിലെ കാട്ടിപ്പള്ള എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. നാഗമംഗലയിലെ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ കലാപത്തിനു പിന്നാലെയാണ് പുതിയ പ്രകോപനം.

ഞായറാഴ്ച രാത്രി 11ഓടെ മംഗളൂരുവില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സൂറത്ത്കല്ലിലെ കൃഷ്ണപുരയിലെ പള്ളിക്ക് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞിരുന്നു. കാട്ടിപ്പള്ളയിലെ മൂന്നാം ബ്ലോക്കിലെ മസ്ജിദുല്‍ ഹുദാ ജുമാ മസ്ജിദിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഥലത്തെത്തിയ പോലിസ് സംഘം പള്ളിയിലെയും സമീപ സ്ഥലങ്ങളിലെയും സിസിടിവി പരിശോധിച്ചു. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചെങ്കിലും അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് പേരെ സൂറത്ത്കല്‍ പോലിസ് അറസ്റ്റ് ചെയ്തതായി പോലിസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ അറിയിച്ചു. രണ്ട് ബൈക്കുകളെത്തിയവരാണ് കല്ലെറിഞ്ഞത്. മസ്ജിദ് പ്രസിഡന്റ് കെ എച്ച് അബ്ദുര്‍റഹ്മാന്റെ പരാതിയിലാണ് സൂറത്ത്കല്‍ പോലിസ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് പ്രവാചകന്റെ ജന്‍മദിനാഘോഷ ഭാഗമായി നബിദിന റാലി നടക്കുന്ന തിങ്കളാഴ്ചയും സംഘര്‍ഷനീക്കത്തിന് ശ്രമിച്ചത്. ബെംഗളൂരു-മംഗളൂരു ഹൈവേയില്‍ മംഗളൂരുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബിസി റോഡിലാണ് ഇന്ന് രാവിലെ സംഘര്‍ഷാവസ്ഥയുണ്ടായത്. കഴിഞ്ഞ ആഴ്ച ഗണേഷവിഗ്രഹ നിമജ്ജന യാത്രയ്ക്കിടെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് മാണ്ഡ്യയില്‍ മുസ് ലിംകളുടെ കടകളും വാഹനങ്ങളും തകര്‍ക്കുകയും തീയിടുകയും ചെയ്തിരുന്നു. ഇതിനിടെ നടത്തിയ പ്രതിഷേധതക്തില്‍ വിഎച്ച്പി മംഗളൂരു ഡിവിഷനല്‍ ജോയിന്റ് സെക്രട്ടറി ശരണ്‍ പമ്പ് വെല്‍ വെല്ലുവിളിച്ചിരുന്നു. ഹിന്ദുക്കള്‍ മനസ്സുവച്ചാല്‍ ഈദ് മീലാദ് ഘോഷയാത്ര അനുവദിക്കില്ലെന്നായിരുന്നു വെല്ലുവിളി. ഇതിനെതിരേ ബണ്ട്വാള്‍ ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് ഷെരീഫിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിന്റെ പേരിലാണ് ഇന്ന് വീണ്ടും സംഘര്‍ഷത്തിന് ശ്രമിച്ചത്. ശരണ്‍ പമ്പ് വെല്ല് മിലാദ് റാലി തടയുമെങ്കില്‍ കാണട്ടെയെന്നായിരുന്നു ശബ്ദ സന്ദേശം. ഇതിന്റെ മറപിടിച്ച് തിങ്കളാഴ്ച രാവിലെ ശരണ്‍ പമ്പ്‌വെല്ലിന്റെ നേതൃത്വത്തില്‍ 'ബിസി റോഡ് ചലോ' റാലിയുമായി രംഗത്തെത്തുകയായിരുന്നു. ഞങ്ങള്‍ ജിഹാദികളുടെ വെല്ലുവിളികള്‍ സ്വീകരിക്കുന്നു. സംഭവസ്ഥലത്ത് എത്തുമെന്നാണ് ബജ്‌റങ്ദള്‍ ഡിവിഷനല്‍ കോ കണ്‍വീനര്‍ പുനീത് അത്താവര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ശ്രീരക്തേശ്വരി ദേവി ക്ഷേത്രത്തിന് സമീപം പുലര്‍ച്ചെ തന്നെ ഹിന്ദുത്വര്‍ സംഘടിച്ചെത്തി. ശരണ്‍ പമ്പ്‌വെല്‍, പുനീത് അത്താവര്‍, പ്രസാദ് കുമാര്‍ റായ്, ഭാസ്‌കര്‍ ധര്‍മസ്ഥല എന്നിവരുടെ നേതൃത്വത്തില്‍ പ്രകോപനമുദ്രാവാക്യങ്ങള്‍ വിളിക്കുകയും പോലിസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിസി റോഡിലെ ശ്രീരക്തേശ്വരി ക്ഷേത്രത്തിന് സമീപം ദേശീയ പാതയില്‍ വിഎച്ച്പി, ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വെസ്‌റ്റേണ്‍ ഡിഐജിപി അമിത് സിങ്, ഡികെ എസ്പി എന്‍ യതീഷ്, അസി. കമ്മീഷണര്‍ ഹര്‍ഷവര്‍ദ്ധന്‍, തഹസില്‍ദാര്‍ അര്‍ച്ചന ഭട്ട് എന്നിവര്‍ സ്ഥലത്ത് ക്യാംപ് ചെയ്തു. ബണ്ട്വാളില്‍ മിലാദ് ആഘോഷങ്ങള്‍ തടയാനുള്ള ഇവരുടെ നീക്കം പോലിസ് ചെറുത്തു. ഒരു ക്ഷണവുമില്ലാതെ ധാരാളം ആളുകള്‍ ഒത്തുകൂടിയത് ഹിന്ദുത്വയുടെ വിജയമാണെന്നും ആവശ്യമെങ്കില്‍ മസ്ജിദില്‍ തന്നെയെത്തുമെന്നും ശരണ്‍ പമ്പ്‌വെല്‍ വീണ്ടും വെല്ലുവിളിച്ചു.

പോലിസ് സൂപ്രണ്ട് എന്‍ യതീഷിന്റെയും മറ്റ് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കര്‍ണാടക സ്‌റ്റേറ്റ് റിസര്‍വ് പോലിസ്, ജില്ലാ ആംഡ് റിസര്‍വ് സേന തുടങ്ങിയവരെ വിന്യസിച്ചിട്ടുണ്ട്. മുസ് ലിം യുവാക്കള്‍ കൊടി പിടിച്ച് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുന്നത് കണ്ട പ്രതിഷേധക്കാര്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമിച്ചു. നബിദിന റാലിക്ക് അനുമതി നല്‍കിയപ്പോള്‍ സമാനമായ പ്രകടനത്തിന് അനുമതി നിഷേധിച്ചെന്നു പറഞ്ഞ് പോലിസുകാര്‍ക്കെതിരേയും ഹിന്ദുത്വര്‍ പ്രതിഷേധിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ ആരാധനാലയങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രകോപനപരമായ ശബ്ദ സന്ദേശത്തിന് മുഹമ്മദ് ഷെരീഫിനെതിരേ ബണ്ട്വാള്‍ പോലിസ് ഞായറാഴ്ച കേസെടുത്തിരുന്നു. വിഎച്ച്പി ദക്ഷിണ കര്‍ണാടക പ്രാന്ത ജോയിന്റ് സെക്രട്ടറി ശരണ്‍ പമ്പ് വെല്‍, ബജ്‌റങ്ദള്‍ ഡിവിഷനല്‍ കോകണ്‍വീനര്‍ പുനീത് അത്താവര്‍ എന്നിവര്‍ക്കെതിരെ മംഗളൂരു സിറ്റി പോലിസും കേസെടുത്തിട്ടുണ്ട്. പ്രകോപന പ്രസ്താവനകളും പോസ്റ്റുകളുമിടുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പോലിസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നേരത്തേ, ദക്ഷിണ കന്നഡയിലെ ബിജെപി എംഎല്‍എമാര്‍ മീലാദ് ഘോഷയാത്ര റദ്ദാക്കണമെന്ന് പോലിസിനോട് ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it