Sub Lead

രാജ്യദ്രോഹക്കേസ്; ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

രാജ്യദ്രോഹക്കേസ്; ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
X

കൊച്ചി: ലക്ഷദ്വീപ് പോലിസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നേരത്തേ ഐഷയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ലക്ഷദ്വീപ് പോലിസ് അറസ്റ്റുചെയ്താലും ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുതവണ ഐഷയെ ലക്ഷദ്വീപ് പോലിസ് ചോദ്യംചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് കൊച്ചിയിലേക്ക് പോവാനും കവരത്തി പോലിസ് അനുമതി നല്‍കി.

താന്‍ രാജ്യദ്രോഹക്കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുകയെന്നാല്‍ രാജ്യദ്രോഹമല്ലെന്നും ഐഷ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഐഷയ്ക്ക് ജാമ്യം നല്‍കുന്നതിനെതിരേ കടുത്ത എതിര്‍പ്പാണ് ലക്ഷദ്വീപ് പോലിസും ഭരണകൂടവും ഉയര്‍ത്തിയത്. ഐഷ വിദ്വേഷപ്രചാരണമാണ് നടത്തിയതെന്നാണ് പോലിസ് വാദം. മാത്രമല്ല, ചോദ്യം ചെയ്യലിനായി ലക്ഷദ്വീപിലെത്തിയ ഐഷ സുല്‍ത്താന ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചെന്നും കഴിഞ്ഞ ദിവസം പോലിസ് കോടതിയെ അറിയിച്ചിരുന്നു.

ഐഷ സുല്‍ത്താന കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തു. ഇതുസംബന്ധിച്ച രേഖകളും പോലിസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണ്‍ ഉപയോഗിക്കുകയാണെന്ന പരാമര്‍ശത്തിലാണ് ഐഷ സുല്‍ത്താനെയ്‌ക്കെതിരേ കേസെടുത്തത്. ബിജെപി ലക്ഷദ്വീപ് ഘടകമായിരുന്നു ഐഷയ്‌ക്കെതിരേ പരാതി നല്‍കിയത്. അതേസമയം, കേന്ദ്രസര്‍ക്കാരിനെ ഉദ്ദേശിച്ചല്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെക്കുറിച്ചാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ഐഷ വ്യക്തമാക്കിയെങ്കിലും പോലിസ് നിയമനടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.

കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിന് വേണ്ടിയുളള പോരാട്ടം തുടരുമെന്നും ഐഷ സുല്‍ത്താന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ വായില്‍നിന്ന് വീണുപോയ വാക്ക് തൊട്ടടുത്ത ദിവസം തന്നെ തിരുത്തിയിരുന്നു. നിയമത്തില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. ഇങ്ങനെ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരേ ഇത്തരം നടപടികളുമായി ഈ ആളുകള്‍ പോവരുതെന്നാണ് തന്റെ ആഗ്രഹമെന്നും ഐഷ പറഞ്ഞു. ലക്ഷദ്വീപ് പോലിസുകാരുടെ ചോദ്യം ചെയ്യലില്‍ തനിക്ക് പരാതിയില്ല. കേസ് ഗൂഢാലോചനപരമാണ്. എന്നാല്‍, പോലിസുകാര്‍ തങ്ങളുടെ ജോലി ചെയ്തതാണ്. നാടിന്റെ പ്രശ്‌നം തരണം ചെയ്യാനാണ് താന്‍ ഇറങ്ങിയത്. ഇനിയും മുന്നോട്ടുതന്നെ പോവും. ജനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഐഷ സുല്‍ത്താന പറഞ്ഞു

Next Story

RELATED STORIES

Share it