Sub Lead

സെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട്ട് സ്ഥാപിക്കുക

സെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട്ട് സ്ഥാപിക്കുക
X

കോഴിക്കോട്: മലബാറിന്റെ സമഗ്ര വികസനത്തിന് സെക്രട്ടേറിയേറ്റ് അനക്‌സ് കോഴിക്കോട് സ്ഥാപിക്കാന്‍ തയ്യാറാവണമെന്ന് എസ് ഡിപി ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലബാറിനോടുള്ള കാലങ്ങളായുള്ള അവഗണനയ്ക്ക് പരിഹാരം കാണാന്‍ ഇതിലൂടെ സാധിക്കുമെന്നതിനാല്‍ ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും മലബാറിലെ ജനങ്ങളുടെ വികസന സ്വപ്‌നത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാകണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. ഒന്നേ മുക്കാല്‍ കോടിയിലധികം ജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് അനക്‌സ് ഉപകാരപ്പെടും. ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്ക് എല്ലാ മാസവും മലബാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത്. അത്യാവശ്യ സേവനങ്ങള്‍ക്ക് തിരുവനന്തപുത്തേക്കുള്ള യാത്ര ഏറെ ബുദ്ധിമുട്ടിക്കുന്നതാണെന്നിരിക്കെ കൂടുതല്‍ സൗകര്യപ്രദമായ രൂപത്തില്‍ ജനങ്ങളുടെ ആവശ്യപൂര്‍ത്തീകരണത്തിന് കോഴിക്കോട് സെക്രട്ടേറിയറ്റ് അനക്‌സ് സ്ഥാപിക്കുന്നതിലൂടെ കഴിയും.

താങ്ങാനാവാത്ത ചാര്‍ജും യാത്രാ ബുദ്ധിമുട്ടും കാരണം മലബാറിലെ ജനങ്ങള്‍ വിവിധ കേസുകളില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ മടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട് ഇതൊഴിവാക്കാന്‍ ഹൈക്കോടതി ബഞ്ച് കോഴിക്കോട് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവണം. സ്വാഭാവിക നീതി ഒരു മേഖലയിലെ ജനതയ്ക്ക് നിഷേധിക്കപ്പെടാന്‍ ഇത് കാരണമാവുന്നുണ്ട്. മലബാറിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഭൗതിക വികസനത്തിനും ഡോക്ടര്‍മാര്‍ അടക്കമുള്ള സ്റ്റാഫുകളെ നിയമിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ എക്‌സ്‌റേ സംവിധാനം പോലും കാര്യക്ഷമമല്ല. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങളോ ജിവനക്കാരോ ഇല്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം സംവിധാനം രാത്രിയിലും പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ മതിയായ ജീവനക്കാരെ നിയമിച്ചിട്ടില്ല. ഇത്തരം വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും ഇടതുവലതുപക്ഷ ജനപ്രതിനിധികളും തയ്യാറാവാത്തതാണ് ഇത്തരം അവഗണന തുടരുന്നതിന്റെ കാരണമെന്നും എസ് ഡി പി ഐ ആരോപിച്ചു. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഗുരുതര ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്, മാമി തിരോധാനക്കേസ് എന്നിവയും പരിധിയില്‍ വരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷമീര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ ബാലന്‍ നടുവണ്ണൂര്‍, പി ടി അബ്ദുല്‍ ഖയ്യും പങ്കെടുത്തു.

Next Story

RELATED STORIES

Share it