Sub Lead

മത സൗഹാര്‍ദ്ദത്തിന് ഉജ്ജ്വല മാതൃക; മുസ്‌ലിംകള്‍ക്കായി ഇഫ്ത്താര്‍ ഒരുക്കി ഗുജറാത്തിലെ പ്രമുഖ ക്ഷേത്രം

ഗുജറാത്തിലെ പുരാതന ഹൈന്ദവ ക്ഷേത്രത്തില്‍ റമദാനിനോടനുബന്ധിച്ച് ഇസ്‌ലാംമത വിശ്വാസികള്‍ക്ക് നോമ്പു തുറ ഒരുക്കിയാണ് ഐക്യത്തിന്റെ പുതിയ മാതൃക തീര്‍ത്തിരിക്കുന്നത്.

മത സൗഹാര്‍ദ്ദത്തിന് ഉജ്ജ്വല മാതൃക;  മുസ്‌ലിംകള്‍ക്കായി ഇഫ്ത്താര്‍ ഒരുക്കി   ഗുജറാത്തിലെ പ്രമുഖ ക്ഷേത്രം
X

അഹ്മദാബാദ്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും ദക്ഷിണേന്ത്യയിലെ കര്‍ണാകടയില്‍നിന്നും മുസ്‌ലിം വിദ്വേഷത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റേയും റിപോര്‍ട്ടുകള്‍ ദിനംപ്രതി പുറത്തുവരുന്നതിനിടെ ഗുജറാത്തില്‍നിന്നും മതസൗഹാര്‍ദ്ദം ഉയര്‍ത്തിപിടിച്ച് വേറിട്ട കാഴ്ച. ഗുജറാത്തിലെ പുരാതന ഹൈന്ദവ ക്ഷേത്രത്തില്‍ റമദാനിനോടനുബന്ധിച്ച് ഇസ്‌ലാംമത വിശ്വാസികള്‍ക്ക് നോമ്പു തുറ ഒരുക്കിയാണ് ഐക്യത്തിന്റെ പുതിയ മാതൃക തീര്‍ത്തിരിക്കുന്നത്.

വിശുദ്ധ റംസാന്‍ മാസത്തില്‍ ഗ്രാമീണരായ മുസ്ലീങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ ബനസ്‌കന്ത ജില്ലയിലെ ദല്‍വാന ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ വാതിലാണ് മലര്‍ക്കെ തുറന്നിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വരന്ദ വീര്‍ മഹാരാജ് മന്ദിറിലേക്ക് ഗ്രാമത്തിലെ മുസ്‌ലിംകളെ നോമ്പ് തുറക്കാന്‍ ക്ഷണിക്കപ്പെട്ടത്. അവര്‍ക്ക് ക്ഷേത്ര പരിസരത്ത് മഗ്രിബ് നമസ്‌കരിക്കാനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രകമ്മിറ്റിയുടെ ആതിഥ്യം സ്വീകരിച്ച് നിരവധി മുസ്‌ലിംകളാണ് നോമ്പ് തുറയ്‌ക്കെത്തിയത്.

ഏകദേശം 1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിനും ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദല്‍വാനയിലെ മുസ്‌ലിം നിവാസികളെ ഇത്തരമൊരു ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ഇതാദ്യമാണെന്ന് ക്ഷേത്ര പുരോഹിതന്‍ പങ്കജ് താക്കറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തിലെ ജനങ്ങള്‍ എപ്പോഴും സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നവരാണെന്ന് തകര്‍ പറഞ്ഞു. അതത് മതസ്ഥരുടെ ആഘോഷങ്ങള്‍ വരുമ്പോഴെല്ലാം ഗ്രാമവാസികള്‍ എല്ലായ്‌പ്പോഴും പരസ്പരം സഹകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it