Sub Lead

ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം കടുപ്പിച്ച് എസ്എഫ് ഐ; സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം കടുപ്പിച്ച് എസ്എഫ് ഐ; സംഘര്‍ഷം, ലാത്തിച്ചാര്‍ജ്
X

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പ്രതിഷേധം കടുപ്പിച്ച് എസ്എഫ് ഐ. കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാ ഭവനു മുന്നിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഗവര്‍ണര്‍ ഗോ ബാക്ക് തുടങ്ങിയ മുദ്രവാക്യങ്ങളുമായാണ് ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് 50 മീറ്ററിന് അകലെ ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കറുത്ത ടീ ഷര്‍ട്ട്, കറുത്ത ബലൂണ്‍, കരിങ്കൊടി തുടങ്ങിയവ ഉയര്‍ത്തിയാണ് എസ് എഫ് ഐ പ്രവര്‍ത്തകരെത്തിയത്. ഒരുവശത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് ഏതാനും പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി കരിങ്കൊടി വീശിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് നേരിട്ടു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും പോലിസ് വാഹനത്തിലേക്ക് കയറാന്‍ തയ്യാറാവാതിരുന്നത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തി വീശി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. പരീക്ഷാ ഭവനില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിനു മുന്നോടിയായാണ് പ്രതിഷേധം. ഗവര്‍ണര്‍ ഗസ്റ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന് അല്‍പ്പം മുമ്പാണ് വന്‍ പ്രതിഷേധമുണ്ടായത്. എഐഎസ്എഫിന്റെ നേതൃത്വത്തില്‍ പ്രധാന കവാടത്തിന് മുന്നിലും പ്രതിഷേധമുണ്ട്. ഇതിനിടെ, എസ് എഫ് ഐ വെല്ലുവിളിച്ചും പോലിസ് സുരക്ഷ നിരസിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തി. കടകളില്‍ കയറിയും ഹലുവ നുണഞ്ഞും സെല്‍ഫിയെടുത്തുമാണ് ഗവര്‍ണര്‍ സമയം ചെലവഴിച്ചത്. ഗവര്‍ണര്‍ക്കു നേരെ ആക്രമണസാധ്യത കണക്കിലെടുത്ത് പോലിസ് ഏറെ പാടുപെട്ടാണ് മിഠായിത്തെരുവിനെ നിയന്ത്രിച്ചത്.

Next Story

RELATED STORIES

Share it