Big stories

രാജ്യത്ത് 2024ല്‍ വര്‍ഗീയ കലാപങ്ങളില്‍ വന്‍വര്‍ധന; ഇരകള്‍ക്ക് നേരെ ബുള്‍ഡോസര്‍ ആക്രമണവും വ്യാപകമായി

രാജ്യത്ത് 2024ല്‍ വര്‍ഗീയ കലാപങ്ങളില്‍ വന്‍വര്‍ധന; ഇരകള്‍ക്ക് നേരെ ബുള്‍ഡോസര്‍ ആക്രമണവും വ്യാപകമായി
X

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചെന്ന് റിപോര്‍ട്ട്. 2024ല്‍ വിവിധ സംസ്ഥാനങ്ങളിലായി 59 വര്‍ഗീയ കലാപങ്ങള്‍ നടന്നെന്ന് സെന്റര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസം (സിഎസ്എസ്എസ്) തയ്യാറാക്കിയ റിപോര്‍ട്ട് പറയുന്നു. 2023ല്‍ രാജ്യത്ത് 32 വര്‍ഗീയ കലാപങ്ങളാണ് നടന്നതെന്നും 2024ല്‍ 84 ശതമാനം വര്‍ധിച്ച് 59 ആയെന്നും വിവിധ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ നിരീക്ഷിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയില്‍ 12ഉം ഉത്തര്‍പ്രദേശിലും ബിഹാറിലും ഏഴു വീതവും വര്‍ഗീയകലാപമുണ്ടായി. കലാപങ്ങളിലും ആള്‍ക്കൂട്ട ആക്രമണങ്ങളിലും മഹാരാഷ്ട്രയാണ് പോയവര്‍ഷം രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത്. അവിടെ പത്ത് മുസ്‌ലിംകളും മൂന്നു ഹിന്ദുക്കളും കൊല്ലപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ സമയം, സരസ്വതി പൂജ ആഘോഷം, ഗണേശോല്‍സവം എന്നിവയുടെ സമയത്താണ് അധികം കലാപങ്ങളുമുണ്ടായത്.

രാജ്യത്ത് 2024ല്‍ 12 ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്നെന്നും സിഎസ്എസ്എസിന്റെ റിപോര്‍ട്ട് പറയുന്നു. ഈ സംഭവങ്ങളില്‍ പതിനൊന്നുപേര്‍ കൊല്ലപ്പെട്ടു. ഒമ്പത് മുസ്‌ലിംകളും ഒരു ഹിന്ദുവും ഒരു ക്രിസ്ത്യാനിയുമാണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആറെണ്ണം ഹിന്ദുത്വ ഗോരക്ഷകര്‍ നടത്തിയതാണ്. ഒരെണ്ണം പശുവിനെ കശാപ്പ് ചെയ്‌തെന്നു പറഞ്ഞാണ് നടത്തിയത്. ഇതര സമുദായത്തിലെ അംഗങ്ങളുമായുള്ള സൗഹൃദത്തെ ചോദ്യം ചെയ്ത് മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ നടത്തിയതാണ് ബാക്കിയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍. മഹാരാഷ്ട്രയില്‍ മൂന്നും ഛത്തീസ്ഗഡിലും ഗുജറാത്തിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും രണ്ടു വീതവും ആക്രമണങ്ങള്‍ നടന്നു. കര്‍ണാടകത്തില്‍ ഒരു ആക്രമണമാണ് നടന്നിരിക്കുന്നത്. 2023ല്‍ 21 ആള്‍ക്കൂട്ട ആക്രമണങ്ങളാണ് രാജ്യത്ത് നടന്നിരുന്നത്.

ഹിന്ദുക്കളിലെ ചില വിഭാഗങ്ങള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടങ്ങിയപ്പോള്‍ വിഷയത്തില്‍ സുപ്രിംകോടതി ഇടപെട്ടത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കുറയാന്‍ കാരണമായതായി റിപോര്‍ട്ട് നിരീക്ഷിക്കുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നേരിയ കുറവുണ്ടായെങ്കിലും വര്‍ഗീയകലാപങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണുണ്ടായത്. 2024 ഏപ്രില്‍-മേയ് മാസങ്ങളില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന തിരഞ്ഞെടുപ്പു സമയത്തുമാണ് കൂടുതല്‍ കലാപങ്ങള്‍ ഉണ്ടായത്.

രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചന നല്‍കുന്നു. സംഘര്‍ഷങ്ങള്‍ കൂടുതല്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുകയാണെന്നാണ് നിരീക്ഷണം. മുസ്‌ലിം ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ഹിന്ദുത്വര്‍ കോടതികളെ ആശ്രയിക്കുന്നത് വര്‍ധിച്ചുവരുകയാണ്. രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പൈതൃകത്തെ സ്വന്തം താല്‍പ്പര്യത്തിന് അനുസരിച്ച് മാറ്റിത്തീര്‍ക്കാനാണ് ഇത്. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവന്നതും വഖ്ഫ് നിയമഭേദഗതി ബില്ല് കൊണ്ടുവന്നതും ഇതിന് തെളിവാണെന്നും റിപോര്‍ട്ട് പറയുന്നു.

2023ലേതു പോലെ മുസ്‌ലിം സ്വത്തുകള്‍ക്കു നേരെ ബുള്‍ഡോസര്‍ ആക്രമണം തുടര്‍ന്ന വര്‍ഷമാണ് 2024 എന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം സമുദായത്തെ കൂട്ടത്തോടെ ശിക്ഷിക്കാനും ഭയംവിതക്കാനുമാണ് ബുള്‍ഡോസര്‍ ആക്രമണം നടത്തുന്നത്. വര്‍ഗീയ കലാപങ്ങള്‍ക്ക് ഇരയാവുന്ന മുസ്‌ലിംകള്‍ക്ക് നേരെയാണ് പ്രധാനമായും സര്‍ക്കാരുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it