Big stories

ഷീലാ ദീക്ഷിത് അന്തരിച്ചു

ഷീലാ ദീക്ഷിത് അന്തരിച്ചു
X

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഷീലാ ദീക്ഷിതിനെ ഗുരുതരാവസ്ഥയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നു വൈകീട്ട് 3.55നായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.

ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായ ദീക്ഷിത് മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് 11നാണു കേരള ഗവര്‍ണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റത്. അഞ്ചു മാസമാണ് അവര്‍ കേരള ഗവര്‍ണറായിരുന്നത്. നിലവില്‍ ഡല്‍ഹി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1998ല്‍ സോണിയ കോണ്‍ഗ്രസിന്റെ ചുമതലയേറ്റശേഷം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ഷീലാ ദീക്ഷിതായിരുന്നു. പിന്നീട് ആംആദ്മിപാര്‍ട്ടിയുടെ കെജരിവാളിനോടേറ്റ പരാജയത്തെ തുടര്‍ന്നു സജീവ രാഷ്ട്രീയത്തില്‍ നിന്നു മാറിനില്‍ക്കുകയായിരുന്നു. 2013ല്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ എഎപി നേതാവായ അരവിന്ദ് കെജരിവാളിനു ലഭിച്ച വോട്ടിന്റെ പകുതി വോട്ടും പോലും ഷീലക്കു നേടാനായിരുന്നില്ല.

പ്രധാനമന്ത്രി, രാഷ്ട്രപതി, രാഹുല്‍ഗാന്ധി തുടങ്ങി നിരവധി പേര്‍ ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it