Sub Lead

ബാബരി മസ്ജിദ് തകര്‍ത്തവരെ പ്രശംസിച്ച് ശിവസേനയുടെ പത്ര പരസ്യം; മഹാ വികാസ് അഘാഡി സഖ്യം വിട്ട് സമാജ്‌വാദി പാര്‍ട്ടി

ഇത്തരം പരാമര്‍ശം നടത്തുന്നവരും ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് അബു ആസ്മി ചോദിച്ചു

ബാബരി മസ്ജിദ് തകര്‍ത്തവരെ പ്രശംസിച്ച് ശിവസേനയുടെ പത്ര പരസ്യം; മഹാ വികാസ് അഘാഡി സഖ്യം വിട്ട് സമാജ്‌വാദി പാര്‍ട്ടി
X

മുംബൈ: ബാബരി മസ്ജിദ് തകര്‍ത്തവരെ പ്രശംസിച്ച് ഉദ്ധവ് താക്കറെയുടെ ശിവസേന പത്രപരസ്യം നല്‍കിയതില്‍ പ്രതിഷേധിച്ച് സമാജ്‌വാദി പാര്‍ട്ടി മഹാ വികാസ് അഘാഡി സഖ്യം വിട്ടു. ഉദ്ധവ് താക്കറെയുടെ വലംകൈയ്യായ മിലിന്ദ് നര്‍വെര്‍കര്‍ ബാബരി മസ്ജിദ് പൊളിക്കാന്‍ പോയ ഹിന്ദുത്വ കര്‍സേവകരെ പ്രശംസിച്ചതും തീരുമാനത്തിന് കാരണമായെന്ന് സമാജ് വാദി പാര്‍ടി സംസ്ഥാന പ്രസിഡന്റ് അബു ആസ്മി പറഞ്ഞു. തീരുമാനം എടുത്തെന്നും ഇക്കാര്യം അഖിലേഷ് യാദവിനെ അറിയിക്കുമെന്നും അബു ആസ്മി പ്രഖ്യാപിച്ചു.

ബാബരി മസ്ജിദിന്റെ ചിത്രവും ശിവസേന സ്ഥാപകനായ ബാല്‍ താക്കറേയുടെ ചിത്രവും 'ഇത് ചെയ്തവരെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു' എന്ന വാക്കുകളും അടങ്ങുന്നതാണ് മിലിന്ദിന്റെ പോസ്റ്റ്. ഉദ്ധവ് താക്കറേയുടേയും ആദിത്യ താക്കറേയുടേയും സ്വന്തം ചിത്രവും മിലിന്ദ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരം പരാമര്‍ശം നടത്തുന്നവരും ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് അബു ആസ്മി ചോദിച്ചു. സമാജ് വാദി പാര്‍ട്ടിക്ക് ഒരിക്കലും വര്‍ഗീയ പ്രത്യയശാസ്ത്രത്തില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മഹാ വികാസ് അഘാഡിയില്‍ നിന്ന് സ്വയം പിന്മാറുകയാണെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ആസ്മി പറഞ്ഞു.

''ശിവസേന ഇക്കാര്യം ആലോചിക്കണം, തീവ്ര ഹിന്ദു പ്രത്യയശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ എന്തുകൊണ്ടാണ് ഇത്തരം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് വ്യക്തമാക്കണം.''

മഹാരാഷ്ട്ര നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് സമാജ്‌വാദി പാര്‍ട്ടിക്കുള്ളത്. ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് എംവിഎ സഖ്യ കക്ഷികള്‍ വിട്ടുനിന്നിരുന്നുവെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള സഖ്യത്തിന്റെ തീരുമാനം ലംഘിച്ച് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരായ അബു അസിം ആസ്മിയും റെയ്‌സ് ഷെയ്ഖും സത്യപ്രതിജ്ഞ ചെയ്തു.

Next Story

RELATED STORIES

Share it