Sub Lead

സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിന് നേരെ വെടിവയ്പ്

ഹരിയാന അതിര്‍ത്തിയിലെ സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകര്‍ക്ക് നേരെയാണ് രാത്രി അജ്ഞാതസംഘം വെടിയുതിര്‍ത്തത്. കാറിലെത്തിയ സംഘമാണ് വെടിവെച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു.

സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിന് നേരെ വെടിവയ്പ്
X

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിന് നേരെ വെടിവയ്പുണ്ടായതായി റിപോര്‍ട്ട്. നാലംഗ സംഘം മൂന്ന് റൗണ്ട് വെടിവെച്ചതായി കര്‍ഷകര്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഹരിയാന അതിര്‍ത്തിയിലെ സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകര്‍ക്ക് നേരെയാണ് രാത്രി അജ്ഞാതസംഘം വെടിയുതിര്‍ത്തത്. കാറിലെത്തിയ സംഘമാണ് വെടിവെച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഹരിയാനയിലെ കുണ്ട്‌ലിയില്‍ നിന്നും പോലിസ് സേന സ്ഥലത്തെത്തി.

സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. പഞ്ചാബില്‍ നിന്നുള്ള സംഘമാണ് കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പോലിസിന്റെ നിഗമനം. കാറിന്റെ നമ്പര്‍ പ്ലേറ്റ് പഞ്ചാബില്‍ നിന്നുള്ളതാണെന്നും പോലിസ് സൂചിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന സമരം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വനിതകളാകും ഇന്ന് കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കുക. ഇതിനായി പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകരാണ് ഡല്‍ഹിയില്‍ എത്തിച്ചേരുന്നത്

സിംഘു, ടിക്രി, ഗാസിപുര്‍ തുടങ്ങിയ പ്രതിഷേധ കേന്ദ്രങ്ങളിലേക്കാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതകള്‍ എത്തുക. അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.


Next Story

RELATED STORIES

Share it