Big stories

'ഭീരുക്കളെ പോലെ ഒഴിഞ്ഞുമാറി'; 'അമ്മ'യ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാര്‍വതി

ഭീരുക്കളെ പോലെ ഒഴിഞ്ഞുമാറി; അമ്മയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാര്‍വതി
X

ന്യൂഡല്‍ഹി: നടന്‍മാരും സംവിധായകരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്നതിനു പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി നടി പാര്‍വതി. ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ട അവസരത്തില്‍ ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറിയെന്ന് പാര്‍വതി പറഞ്ഞു. ബര്‍ഖാ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ അമ്മയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനങ്ങളും ഉന്നയിച്ചു.

പിരിച്ചുവിട്ട വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ എത്ര ഭീരുക്കളാണ് ഇവരെന്നാണ് ആദ്യം തോന്നിയത്. വിഷയങ്ങളില്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവരുണ്ടായിരുന്നത്. ഞങ്ങള്‍ സ്ത്രീകള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നയിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറുമായി സഹകരിച്ച് ഒരു ചെറിയ നീക്കമെങ്കിലും നടത്തിയിരുന്നുവെങ്കില്‍ എത്ര നന്നാവുമായിരുന്നു. ഇതേ ഭരണസമിതിയാണ്

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്തത്. ലൈംഗികാരോപണങ്ങള്‍ പുറത്ത് വരുന്നത് വരെ അങ്ങനെ യാതൊന്നും ഇവിടെ നടക്കുന്നില്ലെന്ന ഭാവത്തോടെ ഇരുന്നതും ഇതേ കമ്മിറ്റിയാണെന്നും പാര്‍വതി പറഞ്ഞു. 'അമ്മ' എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് എനിക്കറിയാം. ഞാനും അതിന്റെ ഭാഗമായിരുന്നു. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി സര്‍വാധികാരിയായി ഇരിക്കുകയാണ്. നമുക്ക് നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവിടെ അവകാശമില്ല. ഇനിയെങ്കിലും മികച്ച നേതൃത്വം വന്നാല്‍ സംഘടന ശക്തിപ്പെട്ടേക്കാമെന്നും പാര്‍വതി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെയും പാര്‍വതി വിമര്‍ശിച്ചു. പരാതിയുണ്ടെങ്കില്‍ സ്ത്രീകള്‍ മുന്നോട്ട് വരട്ടെയെന്നു പറഞ്ഞ് സര്‍ക്കാരും അശ്രദ്ധ കാണിച്ചു. പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകള്‍ കടന്നുപോകും. അതിന് ശേഷം ഞങ്ങളുടെ കരിയര്‍, മാനസികാരോഗ്യം എന്നിവയെക്കുറിച്ചൊന്നും ആരും ചിന്തിക്കില്ല. അതൊന്നും ആര്‍ക്കും ഒരു വിഷയമേയല്ല. ഞങ്ങളല്ല ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത്. തെറ്റുകാര്‍ ഞങ്ങളല്ല. പക്ഷേ ഇതിന്റെ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്. മുന്നോട്ട് വന്ന സ്ത്രീകളെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. അവരോട് ബഹുമാനമുണ്ട്. ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നേരത്തേ നടപ്പാക്കിയിരുന്നുവെങ്കില്‍ അതിജീവിതര്‍ക്ക് നീതിക്കായി അലയേണ്ടി വരില്ലായിരുന്നുമെന്നും പാര്‍വതി പറഞ്ഞു.

Next Story

RELATED STORIES

Share it