Sub Lead

രാജ്യം ഇരുണ്ട കാലത്തേക്കു പോവുമ്പോള്‍ ഞങ്ങളൊറ്റക്കാണോ ഈ പോരാട്ടം നയിക്കേണ്ടി വരിക? ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തിന് പിന്തുണതേടി സഞ്ജീവ് ഭട്ടിന്റെ ഭാര്യ

രാജ്യം ഇരുണ്ട കാലത്തേക്കു പോവുമ്പോള്‍ ഞങ്ങളൊറ്റക്കാണോ ഈ പോരാട്ടം നയിക്കേണ്ടി വരിക?  ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തിന് പിന്തുണതേടി സഞ്ജീവ് ഭട്ടിന്റെ ഭാര്യ
X

അഹ്മദാബാദ്: 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യയുടെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഹിന്ദുത്വരുടെ ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരേ നിലകൊണ്ടതു കൊണ്ടു മാത്രം ഇരയാക്കപ്പെട്ട സഞ്ജീവ് ഭട്ടിനു നീതി ലഭിക്കാനായുള്ള പോരാട്ടത്തിനു പിന്തുണ തേടിയുള്ളതാണ് ഭാര്യ ശ്വേതാ സഞ്ജീവ് ഭട്ടിന്റെ പോസ്റ്റ്. ഭട്ടിനെ കുടുക്കിയതിന്റെ വിശദ വിവരങ്ങളും ശ്വേത കുറിപ്പില്‍ വിവരിക്കുന്നുണ്ട്.

ചെയ്യാത്ത കുറ്റത്തിനാണ് സെഷന്‍സ് കോടതി സഞ്ജീവിനെ ജീവപര്യന്തം ശിക്ഷിച്ചത്. സഞ്ജീവിന് വേണ്ടി പിന്തുണയുമായെത്തിയ നിങ്ങളോടൊരു കാര്യം. നിങ്ങളുടെ വാക്കുകള്‍ ഞങ്ങള്‍ക്കാശ്വാസവും പ്രോല്‍സാഹനവുമാണ്. പക്ഷേ, പ്രവൃത്തിയിലില്ലാത്ത വാക്കുകള്‍ക്ക് വലിയ വിലയില്ല. രാജ്യത്തെ ശുഷ്‌കാന്തിയോടെ സേവിച്ചതിന് നീതിയുടെ അസംബന്ധനാടകത്തിന് ഇരയാകേണ്ടി വന്ന ആ മനുഷ്യനെ ഈ വിധിക്ക് വിട്ടു കൊടുക്കാനനുവദിച്ചാല്‍ നിങ്ങളുടെ പിന്തുണ വ്യര്‍ത്ഥമാണ്.

ഐപിഎസ് അസോസിയേഷന്‍കാരോട് ഒരു വാക്ക്, നിങ്ങളുടെ കൂട്ടത്തിലെ ഒരംഗമാണ് യഥാര്‍ത്ഥ ഐപിഎസുകാരനായതിന്റെ പേരില്‍ പകപോക്കലിനിരയായിട്ടുള്ളത്. നിങ്ങളദ്ദേഹത്തെ പിന്തുണച്ചില്ല. സംരക്ഷിച്ചില്ല. ഈ ഭരണകൂടത്തിനെതിരേ അദ്ദേഹം എന്നിട്ടും പോരാടിക്കൊണ്ടിരുന്നു. നിങ്ങളിനിയും മൂകസാക്ഷികളായി തുടരുമോയെന്നാണ് എന്റെ ചോദ്യം.

എല്‍കെ അദ്വാനിയുടെ രഥയാത്രക്ക് പിന്നാലെ 1990 ഓക്ടോബറില്‍ ജാംനഗറില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് നടത്തിയ ഒരറസ്റ്റിന്റെ പേരിലാണ് ഇപ്പോഴുള്ള വിധി. ജാംനഗര്‍ റൂറല്‍ ഡിവിഷനില്‍ അഡീഷനല്‍ സൂപ്രണ്ട് ആയിരിക്കേയാണ് സംഭവം. ജാംനഗര്‍ സിറ്റി, ജാംനഗര്‍ റൂറല്‍, കംബാലിയ എന്നിങ്ങനെ മൂന്നായി തിരിച്ചായിരുന്നു മേഖലയുടെ ക്രമസമാധാന പാലനം നടന്നിരുന്നത്. എന്നാല്‍ കംബാലിയ മേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ ലീവില്‍ പോയതോടെ ഓക്ടോബര്‍ 16ന് ഈ മേഖലയുടെ ചുമതല ഭട്ടിനു കൈമാറി. 24നു കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ജാംനഗര്‍ സിറ്റി ചുമതലയുള്ള പര്‍വീന്‍ ഗോണ്ടിയയും അവധിയില്‍ പ്രവേശിച്ചു. ഈ മേഖലയുടെ ചുമതലയും ഭട്ടിനു തന്നെയാണ് വന്നു ചേര്‍ന്നത്. മുസ്‌ലിംകള്‍ക്കു നേരെ വളരെ ആസൂത്രിതമായ കലാപം നടക്കുമ്പോഴാണ് ക്രമസമാധാന പാലനം നടത്തേണ്ടവര്‍ അവധിയിലാവുന്നതും എല്ലാ മേഖലയും ഭട്ടിനു കീഴില്‍ വരുന്നതും. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യം ശരിയായ വിധം നിര്‍വഹിക്കുക മാത്രമായിരുന്നു അക്കാലത്ത് ഭട്ട് ചെയ്തത്.

1990 ഒക്ടോബര്‍ 30നാണ് വിശ്വഹിന്ദു പരിഷത്തും ബിജെപിയും ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നത്. കലാപം വ്യാപിച്ചതോടെ മേഖലയില്‍ കര്‍ഫ്യൂ ഏര്‍പെടുത്തി. എന്നാല്‍ അപ്പോഴേക്കും മുസ്‌ലിംകള്‍ വിവിധയിടങ്ങളില്‍ ആക്രമണത്തിനിരയാവുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു തുടങ്ങിയിരുന്നു. മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ കൊള്ളയടിച്ചും തീവച്ചും ഹിന്ദുത്വര്‍ താണ്ഡവമാടിയ ദിനങ്ങളായിരുന്നു അത്.

ഇതിനിടക്കാണ് ജമോദ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ നിന്നു അറിയിപ്പു കിട്ടിയതിനെ തുടര്‍ന്ന് ഭട്ട് അവിടെയെത്തിയത്. ഉച്ചക്ക് 1.30നാണ് ഭട്ട് എത്തുന്നത്. ഇതിനിടക്ക് കലാപത്തിനിറങ്ങിയ വിശ്വഹിന്ദു പരിഷത് നേതാവ് പ്രബുദാസ് മാധവ്ജി വൈഷ്ണനിയും സഹോദരനുമടക്കം 133 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കെന്‍ പട്ടേല്‍, താക്കൂര്‍, മഹാശങ്കര്‍ ജോഷി തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലാണ് 12.15 ഓടെ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തത്. (ഇവരിലെ പ്രബുദാസ് മാധവ്ജി വൈഷ്ണനിയാണ് പിന്നീട് ആശുപത്രിയില്‍ വച്ചു മരിച്ചത്. ഈ മരണത്തിലാണ് ഭട്ടിനു കോടതി ഭട്ടിനു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതും). ഈ പ്രതികളിലാരെയും തന്നെ ഭട്ട് കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. കലാപ പ്രദേശങ്ങളിലെ ഇരകള്‍ക്കു സുരക്ഷയൊരുക്കുകയായിരുന്നു ഈ സമയങ്ങളില്‍ ഭട്ടും സഹപ്രവര്‍ത്തകരും.

31നാണ് പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്. അപ്പോഴോ, പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടപ്പോഴുമൊന്നും ഭട്ടിനെ കുറിച്ചോ കസ്റ്റഡി പീഡനത്തെ കുറിച്ചോ വൈഷ്ണവി അടക്കമുള്ളവര്‍ പരാതിപ്പെട്ടിട്ടില്ല. പിന്നീട് നവംബര്‍ എട്ടിനു ജയിലിലടക്കുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിനിടക്ക് നവംബര്‍ 12നു ആരോഗ്യ പ്രശ്‌നങ്ങളാല്‍ പ്രബുദാസ് മാധവ്ജി വൈഷ്ണനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്തു പോലും വൈഷ്ണനി അടക്കമുള്ളവര്‍ പീഡിപ്പിക്കപ്പട്ടതായി പരാതി നല്‍കിയിട്ടില്ല.

നവംബര്‍ 18നാണ് വൈഷ്ണനി ആശുപത്രിയില്‍ വച്ചു മരിക്കുന്നത്. യാതൊരു തരത്തിലുള്ള പീഡനം ഏറ്റതായി തെളിവില്ലെന്നും ശരീരത്തില്‍ ആന്തരികമോ ബാഹ്യമോ ആയ യാതൊരു പരിക്കുമില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും ആശുപത്രി രേഖകളിലും വ്യക്തമാണ്.

ഇതിനെല്ലാം ശേഷമാണ് വിശ്വഹിന്ദു പരിഷത്ത് നേതാവായ അമൃതലാല്‍ മാധവ്ജി വൈഷ്ണനി കസ്റ്റഡി മര്‍ദനമാരോപിച്ചു പരാതി നല്‍കുന്നത്. ഈ കേസിലാണ് ഇപ്പോള്‍ ഭട്ടിനെ കോടതി ജീവപര്യന്തം ശിക്ഷ നല്‍കിയ ശിക്ഷിച്ചിരിക്കുന്നത്. വൈഷ്ണനിയുടെ മരണത്തിലോ മറ്റോ ഭട്ടിനു യാതൊരു പങ്കുമില്ലെന്നു കാര്യങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവുമെന്നും ശ്വേതാ ഭട്ട് വിശദമാക്കുന്നു.

വളരെ ഇരുണ്ട ഒരു കാലത്തേക്കാണ് രാജ്യം പോകുന്നത്. ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതും. ഞങ്ങളൊറ്റക്കാണോ ഈ പോരാട്ടം നയിക്കേണ്ടി വരിക എന്ന് മാത്രമാണ് ഞാന്‍ നോക്കുന്നത്. ഈ ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാര്‍ പോരാട്ടമവസാനിപ്പിക്കാത്ത ആ മനുഷ്യനോടൊപ്പം ചേരുമോ? എന്നും ശ്വേതാഭട്ട് ചോദിക്കുന്നു.

Next Story

RELATED STORIES

Share it