Sub Lead

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചു; പുതിയ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെന്ന് യുപി സര്‍ക്കാരിനോട് കോടതി

കാപ്പന് ജാമ്യം നല്‍കുന്നതിനെതിരേ യുപി സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി. മാര്‍ച്ച് 15ന് അഞ്ച് പ്രമുഖ കേസുകള്‍ക്കൊപ്പം സിദ്ദീഖ് കാപ്പന്റെ കേസും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചു; പുതിയ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെന്ന് യുപി സര്‍ക്കാരിനോട് കോടതി
X

ലഖ്‌നോ: യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. കാപ്പന്റെ കേസ് പരിഗണിച്ച ലഖ്‌നോവിലെ എന്‍ഐഎ പ്രത്യേക കോടതിയുടേതാണ് നടപടി. കാപ്പന് ജാമ്യം നല്‍കുന്നതിനെതിരേ യുപി സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി. ജാമ്യാപേക്ഷയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. അതേസമയം, കേസില്‍ ഇനിയും പുതിയ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെന്ന് യുപി സര്‍ക്കാരിനോട് എന്‍ഐഎ കോടതി വ്യക്തമാക്കി.

മാര്‍ച്ച് 15ന് അഞ്ച് പ്രമുഖ കേസുകള്‍ക്കൊപ്പം സിദ്ദീഖ് കാപ്പന്റെ കേസും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കാപ്പന് വേണ്ടി ലഖ്‌നോവിലെ പ്രമുഖ അഭിഭാഷകന്‍ ഇശാന്‍ ബാഗല്‍ ഹാജരായി. കാപ്പന് വേണ്ടി മൂന്ന് അപേക്ഷകളാണ് ഹൈക്കോടതിയിലും എന്‍ഐഎ കോടതിയിലുമായുള്ളത്. താല്‍ക്കാലിക ജാമ്യം, സ്ഥിര ജാമ്യം എന്നിവയ്ക്കായി രണ്ട് അപേക്ഷകള്‍, സെക്ഷന്‍ 482 പ്രകാരം കാപ്പനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷ എന്നിവയാണ് കോടതിയിലുള്ളത്. അടുത്തിടെയാണ് സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള എട്ടുപേരുടെ കേസ് മഥുര കോടതിയില്‍നിന്ന് ലഖ്‌നോയില്‍ സ്ഥാപിച്ച എന്‍ഐഎ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.

യുഎപിഎ നടപടിയെടുക്കുന്നതിനുള്ള വിചാരണ തടയണമെന്നാവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നോ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ വിചാരണയ്ക്ക് നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

ഹരജി സ്വീകരിക്കുന്നതിനിടയില്‍, ജസ്റ്റിസ് കരുണേഷ് സിങ് പവാര്‍, വിഷയത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹാഥ്‌റസില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെയാണ് കാപ്പനടക്കമുള്ളവരെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഗൂഢാലോചനാകേസ് അടക്കം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 5000 പേജുള്ള കുറ്റപത്രം സിദ്ദീഖ് കാപ്പനടക്കുള്ള നാലുപേര്‍ക്കെതിരേ എസ്ടിഎഫ് മഥുര കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it