Sub Lead

'സംഘപരിവാറിന് വെള്ളവും വളവും നല്‍കുന്നു'; വെള്ളാപ്പള്ളിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം

സംഘപരിവാറിന് വെള്ളവും വളവും നല്‍കുന്നു; വെള്ളാപ്പള്ളിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം
X
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വര്‍ഗീയ വിദ്വേഷ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം 'ജനയുഗം'. കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനാവില്ലെന്നാണ് 'ജനയുഗം' എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നത്. 'ശ്രീനാരായണ ഗുരുദര്‍ശനം വീണ്ടും വീണ്ടും പഠിക്കേണ്ടതാര്' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ സമാനരീതിയിലുള്ള പരാമര്‍ശം നടത്തിയ ബിജെപി നേതാവിനും പ്രതിപക്ഷ നേതാവിനും പാര്‍ലിമെന്റ് അംഗത്തിനുമെതിരേ വിമര്‍ശനമുയര്‍ത്തുന്നുണ്ട്.

ഗുരുവിന്റെ കാഴ്ചപ്പാടുകളെയാകമാനം തീണ്ടാപ്പാടകലെയാക്കാനും ഗുരു കരുത്തുപകര്‍ന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്തെന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ്സ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിന് മാനക്കേടാണ്. ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവും കടപ്പാടുമാണ്, ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപണ്‍ യൂനിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നില്‍. അതിനെ നയിക്കാന്‍ മുസ്ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതില്‍, രാജ്യത്ത് വര്‍ഗീയ വിഷം പകര്‍ന്നാടുന്ന ബിജെപിയുടെ സംസ്ഥാന നേതാവോ സംഘപരിവാര്‍ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നേതാവോ വിമര്‍ശിക്കുന്നതിനെ ആരും ആ അര്‍ത്ഥത്തിലേ കാണൂ. എന്നാല്‍ ഗുരുദേവന്‍ ആദ്യ അധ്യക്ഷനായി രൂപംകൊടുത്ത ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ ജനറല്‍ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് ശ്രീനാരായണ ഗുരുവിനെ സ്മരിക്കുന്ന കേരളവാസികള്‍ക്കാകെ അപമാനമാണെന്ന് പറയാതിരിക്കാനാവില്ല. ജാതി ലക്ഷണം, ജാതി നിര്‍ണയം പോലുള്ള ഗുരുവിന്റെ ജാതിസങ്കല്‍പം വ്യക്തമാക്കുന്ന കൃതികളെ പുതിയതലമുറയ്ക്ക് മുന്നില്‍ വെറും കടലാസുകെട്ടായി ചിത്രീകരിക്കാനാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി ഈവിധം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നവോത്ഥാന കേരളത്തിനും മലയാളികള്‍ക്കാകെയും ഇതിന് ഐക്യംനേരാനാവില്ല. ഗുരുദേവന്റെ പേരിലുള്ള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി മലബാറുകാരനായ പ്രവാസിയെ നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ വാശികാണിച്ചെന്നാണ് ഗുരുദേവ ദര്‍ശനം പോലും മറന്ന് വെള്ളാപ്പള്ളി പറഞ്ഞുവച്ചിരിക്കുന്നത്. ഇതേ വര്‍ഗീയ നിലപാടുമായി ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷനേതാവും കൊല്ലത്തെ പാര്‍ലമെന്റംഗവുമെല്ലാം രംഗത്തുവന്നത് തീര്‍ത്തും രാഷ്ട്രീയവും ജാതിബോധവും ഉള്ളില്‍വച്ചുതന്നെയാണ്. ജാതിയോ മതമോ നോക്കാതെ വിസിയെ നിയമിച്ച സര്‍ക്കാര്‍ നടപടി, കേരളത്തിലെ മതേതര ചിന്തയ്ക്ക് മുറിവേല്‍പ്പിച്ചുവെന്ന വെള്ളാപ്പള്ളിയുടെ അതേ വര്‍ഗീയ മനസ്സോടെ ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്നത് കേരളത്തെ വീണ്ടും എങ്ങോട്ടടുപ്പിക്കാനുള്ള ലക്ഷ്യംവച്ചാണെന്ന് മനസ്സിലാക്കുവാനും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല. അനാവശ്യമായ വിചാരവികാര പ്രകടനങ്ങളും വിലകുറഞ്ഞ അഭിപ്രായങ്ങളും വിഷംനിറഞ്ഞ വര്‍ഗീയ പ്രചാരണവും ശ്രീനാരായണ ഗുരുവിന്റെ നാമത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഉയര്‍ത്തുന്നത് ജനങ്ങള്‍ തള്ളിക്കളയണമെന്നും ജനയുഗം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നു.

SN open University VC: CPI criticised against Vellapalli





Next Story

RELATED STORIES

Share it