Sub Lead

സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍; നടപടി 24 വര്‍ഷം മുന്‍പ് നല്‍കിയ കേസില്‍

സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍; നടപടി 24 വര്‍ഷം മുന്‍പ് നല്‍കിയ കേസില്‍
X

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി പോലിസാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന നല്‍കിയ അപകീര്‍ത്തി കേസിലാണ് നടപടി. 23 വര്‍ഷം മുന്‍പാണ് കേസ് നല്‍കിയത്. ഈ കേസില്‍ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടരപതിറ്റാണ്ട് മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എന്‍ജിഒ ആയ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ തലവനായിരുന്നു സക്സേന. തനിക്കും നര്‍മദാ ബച്ചാവോ ആന്തോളനും എതിരെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് സക്‌സേനക്കെതിരെ പട്കര്‍ കേസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ 2001ലാണ് സക്സേന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഒരു ചാനലില്‍ തനിക്കെതിരെ മേധാ പട്കര്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ആരോപിച്ച് രണ്ട് കേസുകളാണ് സക്സേന നല്‍കിയത്. സക്‌സേനയെ 'ഭീരു' എന്ന് വിളിക്കുകയും ഹവാല ഇടപാടുകളില്‍ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്ത മേധാ പട്കറിന്റെ പ്രവര്‍ത്തികള്‍ അപമാനകരം മാത്രമല്ല മറിച്ച് അദ്ദേഹത്തെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്നെന്നും കോടതി കണ്ടെത്തി. കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പട്കറിന് അഞ്ച് മാസം തടവും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി വിധിച്ചു.

മേധാ പട്കറിന്റെ പ്രായവും നല്ല നടപ്പും പരിഗണിച്ച കോടതി തടവില്‍ ഇളവ് നല്‍കുകയും പിഴയിനത്തില്‍ ഒരു ലക്ഷം രൂപ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ തുക കെട്ടിവെക്കാത്തതിലാണ് കോടതി നടപടി സ്വീകരിച്ചത്. 'കോടതി വിധിയെ മനപ്പൂര്‍വം തിരസ്‌ക്കരിക്കുന്ന പ്രവര്‍ത്തികളാണ് പട്കറിന്റെ ഭാഗത്ത് നിന്നുള്ളത്. കോടതിയുടെ ആനുകൂല്യങ്ങള്‍ മുതലെടുക്കുകയും കോടതിയില്‍ ഹാജരാവാതെ ഇരിക്കുകയും ചെയ്തതിനാലാണ് വാറന്റ് ഇഷ്യൂ ചെയ്തത്' കോടതി പറഞ്ഞു.




Next Story

RELATED STORIES

Share it