Sub Lead

ഖഷഗ്ജിയുടെ ഘാതകര്‍ക്ക് യുഎസില്‍ പരിശീലനം ലഭിച്ചതായി റിപോര്‍ട്ട്; മൃതദേഹം തുണ്ടം തുണ്ടമാക്കിയത് വൈദ്യുതവാള്‍ കൊണ്ട്

പന്ത്രണ്ടില്‍ അധികം യുഎസ്, സൗദി വൃത്തങ്ങളുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായും ഇതില്‍നിന്നാണ് സൗദി ദ്രുതകര്‍മ സേന യുഎസില്‍ പരിശീലനം തേടിയിരുന്നുവെന്നു വ്യക്തമായതെന്നും ഇഗ്നേഷ്യസ് ചൂണ്ടിക്കാട്ടുന്നു.

ഖഷഗ്ജിയുടെ ഘാതകര്‍ക്ക് യുഎസില്‍  പരിശീലനം ലഭിച്ചതായി റിപോര്‍ട്ട്;  മൃതദേഹം തുണ്ടം തുണ്ടമാക്കിയത് വൈദ്യുതവാള്‍ കൊണ്ട്
X

വാഷിങ്ടണ്‍: സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനും തങ്ങളുടെ കോളമിസ്റ്റുമായ ജമാല്‍ ഖഷഗ്ജിയെ വധിച്ച സൗദി കൊലയാളി സംഘം യുഎസില്‍നിന്ന് പരിശീലനം നേടിയിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. ഖഷഗ്ജിയെ പിടികൂടി സൗദിയില്‍ തിരികെയെത്തിച്ച് ചോദ്യം ചെയ്യലിന് വിധേയനാക്കി തുറങ്കിലടയ്ക്കുകയ എന്നതായിരുന്നു സൗദി സംഘം പദ്ധതി. ഖഷോഗി കൊല്ലപ്പെട്ട കോണ്‍സുലേറ്റില്‍ തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം സ്ഥാപിച്ച രഹസ്യ മൈക്രോഫോണിലെ റെക്കോര്‍ഡിങ്ങിന്റെ പകര്‍പ്പുകളെ ഉദ്ധരിച്ചാണ് വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ഡേവിഡ് ഇഗ്നേഷ്യസ് ഇക്കാര്യം വ്യക്തമാക്കുന്നത്.


ഖഷഗ്ജിയില്‍ വീര്യമേറിയ മയക്കുമരുന്നു കുത്തിവച്ചതായും ഈ രേഖകളിലുണ്ട്. ഒരു ബാഗ് ഖഷഗ്ജിയുടെ മുഖത്തുവച്ചു. ഈ സമയം തനിക്ക് ശ്വാസമെടുക്കാന്‍ കഴിയുന്നില്ലെന്നും ആസ്ത്മ രോഗിയാണെന്നും ഇങ്ങനെ ചെയ്യരുതെന്നും ഖഷഗ്ജി സൗദി സംഘത്തോട് അഭ്യര്‍ഥിക്കുന്നുണ്ട്. തൊട്ടുപിന്നാലെ ഖഷഗ്ജി മരണത്തിന് കീഴടങ്ങി. മൈക്രോഫോണില്‍ പതിഞ്ഞ അറക്കവാളിന്റെ മുരള്‍ച്ചപോലെയുള്ള ശബ്ദം ഖഷഗ്ജിയുടെ മൃതദേഹം ഇലക്ട്രിക് വാള്‍ ഉപയോഗിച്ചു മുറിച്ചുമാറ്റുന്നതാണെന്നും സംശയിക്കുന്നതായി ഇഗ്നേഷ്യസ് പറയുന്നു.

പന്ത്രണ്ടില്‍ അധികം യുഎസ്, സൗദി വൃത്തങ്ങളുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായും ഇതില്‍നിന്നാണ് സൗദി ദ്രുതകര്‍മ സേന യുഎസില്‍ പരിശീലനം തേടിയിരുന്നുവെന്നു വ്യക്തമായതെന്നും ഇഗ്നേഷ്യസ് ചൂണ്ടിക്കാട്ടുന്നു.


സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ ഖഷഗ്ജിയെ ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി എംബസിയില്‍വച്ച് 15 അംഗ സൗദി കൊലയാളി സംഘം കൊലപ്പെടുത്തി മൃതദേം തുണ്ടംതുണ്ടമാക്കി നശിപ്പിച്ചത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ആസിഡില്‍ ഇട്ട് നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊലപാതകം ആദ്യം നിഷേധിച്ച സൗദി അറേബ്യ അന്താരാഷ്ട്ര സമ്മര്‍ദ്ദം വന്നതോടെ പതിനൊന്ന് പേര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചിരുന്നു. ഖഷഗ്ജി വധത്തിനു പിന്നില്‍ സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന സിഐഎയുടെ കണ്ടെത്തല്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തള്ളിയിരുന്നു. തങ്ങളുടെ അറിവില്ലാതെയാണ് സൗദി ഉദ്യോഗസ്ഥര്‍ ഖഷോഗിയെ കൊലപ്പെടുത്തിയതെന്നാണ് സൗദി അവകാശപ്പെടുന്നത്.


ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് സൗദിയില്‍ നിന്ന് 15 അംഗ സംഘം തുര്‍ക്കിയിലെത്തി കൊലപാതകം നടത്തി മടങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണപരിഷ്‌കാരളുടെ നിശിത വിമര്‍ശകനായ ജമാല്‍ ഖഷോഗി വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്നു. തുര്‍ക്കി പൗരയെ വിവാഹം കഴിക്കുന്നതിനായി സൗദി കോണ്‍സിലേറ്റില്‍ നിന്ന് നിയമപരമായ കടലാസുകള്‍ വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ ദൂരൂഹമായ തിരോധാനം.

Next Story

RELATED STORIES

Share it