Sub Lead

നേതൃമാറ്റമുണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം; കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും

നേതൃമാറ്റമുണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം; കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും
X

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരാന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. സംഘടനാ തിരഞ്ഞെടുപ്പുവരെ സോണിയാ ഗാന്ധി അധ്യക്ഷയായി തുടരും. ഇക്കാര്യം യോഗത്തിനുശേഷം എഐസിസി നേതൃത്വം വിശദീകരിച്ചു. നിര്‍ണായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കാനിരിക്കെയാണ് ഗാന്ധി കുടുംബം പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായത്.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കുന്നുവെന്നായിരുന്നു റിപാര്‍ട്ടുകള്‍. സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കുമ്പോള്‍ പ്രിയങ്ക ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കും. എന്നാല്‍, ഗാന്ധി കുടുംബമടക്കം ആരും യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബത്തില്‍ പ്രവര്‍ത്തക സമിതിയിലെ ഭൂരിപക്ഷവും വിശ്വാസം അറിയിച്ചതായാണ് വിവരം. ഗാന്ധി കുടുംബത്തിന് ബദല്‍ എന്തിനെന്ന് അംബികാ സോണി ചോദിച്ചു.

പ്രവര്‍ത്തക സമിതിയില്‍ ജി 23 നേതാക്കള്‍ കടുത്ത നിലപാട് ഒഴിവാക്കി. സോണിയാ ഗാന്ധി മാറണമെന്ന് പ്രവര്‍ത്തക സമിതിയില്‍ ജി 23 നേതാക്കള്‍ ആവശ്യപ്പെട്ടില്ല. തുറന്ന ചര്‍ച്ചയാകാമെന്ന നിലപാട് ഇവരും പൊതുവില്‍ അംഗീകരിച്ചു. യോഗം നടക്കുമ്പോള്‍ സോണിയക്ക് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടിയിരുന്നു. ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയാ യോഗത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ റിപോര്‍ട്ട് സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാര്‍ അവതരിപ്പിച്ചെന്ന് കെ സി വേണുഗോപാല്‍ യോഗത്തിനുശേഷം വിശദീകരിച്ചു. ആത്മാര്‍ഥമായ ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു. തിരുത്തല്‍ നടപടികള്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കും. തോല്‍വി അതീവഗുരുതരമെന്ന് വിലയിരുത്തി. സംഘടനയില്‍ മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ ആലോചിക്കാന്‍ പ്രത്യേക യോഗം ചേരും. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസം രേഖപ്പെടുത്തി. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ അധ്യക്ഷയ്ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കി. സംഘടനാ തിരഞ്ഞെടുപ്പ് മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

എല്ലാ അംഗങ്ങളും അഭിപ്രായം തുറന്നുപറഞ്ഞെന്ന് രണ്‍ദീപ് സുര്‍ജേവാല വിശദമാക്കി. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം നേതാക്കളുടെ ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും. വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. നാലര മണിക്കൂറോളം യോഗം നീണ്ടുനിന്നു. എഐസിസി ആസ്ഥാനത്തായിരുന്നു യോഗം. പാര്‍ട്ടിക്ക് ഗുണകരമായ നിര്‍ണായക തീരുമാനമെടുത്തുവെന്നാണ് യോഗത്തിനുശേഷം ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.

Next Story

RELATED STORIES

Share it