- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാസുവേട്ടനെന്ത് 94, എന്തറസ്റ്റ്, എന്ത് ജയില്‍, എന്ത് കോടതി, എന്ത് പോലിസ്...?
എന്‍ എം സിദ്ദീഖ്
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ അമ്പാടി ശങ്കരന്‍കുട്ടി മേനോനെന്ന പോലിസ് ഇന്‍ഫോര്‍മറായ നക്‌സലൈറ്റ് നേതാവിനെ തലശ്ശേരി സെഷന്‍സ് കോടതിയിലിട്ടു തല്ലിയയാളാണ് വാസുവേട്ടന്‍. 'വെള്ളത്തിലെ മല്‍സ്യം പോലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന'യാളാവണം കമ്മ്യൂണിസ്‌റ്റെന്ന മാവോ സൂക്തം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിയ മനുഷ്യന്‍. 'സോള്‍ട്ട് ആന്റ് പെപ്പര്‍' എന്ന സിനിമയില്‍ രസകരമായ ഒരു ഡയലോഗുണ്ട്. ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു ആദിവാസിമൂപ്പനെ പൊക്കിക്കൊണ്ടുവന്ന് കൂടെ താമസിപ്പിക്കുന്ന അവസരത്തില്‍ അതു ചോദ്യംചെയ്യാനെത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരുടെ നേതാവ് പറയുന്നത്, താന്‍ പോലിസില്‍നിന്നു ലീവെടുത്താണ് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ആയതെന്നാണ്! ആംനസ്റ്റി മെംബര്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്നൊക്കെ വിസിറ്റിങ് കാര്‍ഡില്‍ അച്ചടിച്ച ആളുകളുള്ള നാട്ടില്‍ എ വാസുവെന്ന ആക്ടിവിസ്റ്റ് കേരളീയസമൂഹത്തിലെ മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ തൃണമൂലതലത്തിലെ ആള്‍രൂപമാണ്. സമൂഹത്തില്‍ അനീതികള്‍ നടമാടുമ്പോഴൊക്കെ വാസുവേട്ടന്‍ പ്രതികരിക്കുന്നു. പ്രായത്തിന്റെ അസ്‌കിതയൊന്നും 93കാരനായ അദ്ദേഹത്തെ ബാധിക്കുന്നില്ല. നക്‌സലൈറ്റ് വര്‍ഗീസ് വധക്കേസില്‍ കെ ലക്ഷ്മണയെന്ന, ഇപ്പോള്‍ 88 വയസ്സുള്ള, മുന്‍ ഐജി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്നത് ഈ മനുഷ്യന്‍ നിമിത്തമാണ്. അബ്ദുന്നാസിര്‍ മഅ്ദനി പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിയത് വാസുവേട്ടന്റെ നിരന്തരശ്രമത്തിലൂടെയാണ്. ബിര്‍ളയെ മാവൂരില്‍നിന്നു കെട്ടുകെട്ടിച്ചത് എ വാസു നേതൃത്വം നല്‍കിയ ഉശിരന്‍ സമരത്തിലൂടെയായിരുന്നു. സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു തൊഴിലാളികള്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ട(!) അത്യപൂര്‍വസമരത്തിലെ ട്രേഡ് യൂനിയന്‍ നേതാവാണ് എ വാസു.
മനുഷ്യാവകാശപ്രവര്‍ത്തനത്തെ കേരളത്തില്‍ ജനകീയമാക്കിയ, അന്തരിച്ചുപോയ മുകുന്ദന്‍ സി മേനോന്‍ ഈദൃശപ്രവര്‍ത്തനങ്ങളില്‍ വാസുവേട്ടന്റെ വലംകൈയായി. വാസുവേട്ടനോട് കേരള പോലിസിന് വൈരാഗ്യം തോന്നാന്‍ പാകത്തില്‍ നടത്തിയിട്ടുള്ള നിരന്തര ഇടപെടലുകള്‍ ജീവിതസായാഹ്നത്തിലും സജീവമായി തുടരുന്ന വേളയിലാണ്, ജൂലൈ 29ന് അയിനൂര്‍ വാസുവിനെ 2016ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍, വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട പ്രതിഷേധത്തിന്റെ പേരിലെടുത്ത കേസില്‍ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ വാറന്റുണ്ടായിരുന്നു. പോലിസും മജിസ്‌ട്രേറ്റും സുഹൃത്തുക്കളും വാസുവേട്ടനെ പിഴയടപ്പിക്കാനോ ജാമ്യമെടുക്കാനോ പരമാവധി അനുനയിപ്പിക്കാന്‍ ശ്രമിച്ചു. താന്‍ കുറ്റക്കാരനല്ല എന്ന നിലപാടിലായിരുന്നു വാസുവേട്ടന്‍. പോലിസിനും കോടതിക്കും അറസ്റ്റും ജാമ്യവുമൊക്കെ നടപടിക്രമങ്ങളായിരുന്നു. വാസുവേട്ടന് പക്ഷേ, അത് നൈതികപ്രശ്‌നമായിരുന്നു. അവര്‍ നിയമത്തെക്കുറിച്ച് സംസാരിക്കട്ടെ, നമുക്ക് നീതിയെക്കുറിച്ച് പറയാം, വാസുവേട്ടന്‍ 94ന്റെ ചെറുപ്പത്തില്‍ അചഞ്ചലനായിരുന്നു. അറസ്റ്റിന് തലേന്ന് തന്റെ നേതാവായ ചാരുമജുംദാറിന്റെ രക്തസാക്ഷി ദിനമായിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുമായി രാജ്യം മുഴുവന്‍ ചുറ്റി ഭരണകൂടത്തെ വെല്ലുവിളിച്ച കടുത്ത ആസ്ത്മാരോഗിയായിരുന്ന നക്‌സലൈറ്റ് നേതാവിന്റെ അനുയായിക്ക് എന്ത് 94, എന്തറസ്റ്റ്, എന്ത് ജയില്‍, എന്ത് കോടതി, എന്ത് പോലിസ്.
ചുരുങ്ങിയത് ഒരു ഡസന്‍ സന്ദര്‍ഭങ്ങളിലെങ്കിലും അടുത്തിടപഴകിയ ഓര്‍മ്മകളുണ്ടെനിക്ക് വാസുവേട്ടനുമായി. അത് കോഴിക്കോട് പൊറ്റമ്മലിലെ വാസുവേട്ടന്റെ ഒറ്റമുറി ഗൃഹം, തിരുവനന്തപുരത്ത് തമ്പാനൂരില്‍ ഒന്നിച്ചുറങ്ങിയ ഹോട്ടല്‍മുറി, എന്റെ എറണാകുളം സബ്ജയിലിലെ വാസകാലത്തെ വാസുവേട്ടന്റെ സന്ദര്‍ശനം, തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയ വിരുദ്ധ സമരവാര്‍ഷികത്തില്‍ സംബന്ധിക്കാന്‍ നടത്തിയ ഒന്നിച്ചുള്ള യാത്ര, കുറച്ച് പബ്ലിക് മീറ്റിങ്ങുകളില്‍ സഹപ്രാസംഗികരായി, എന്നിങ്ങനെയൊക്കെയാണ്. കൂടംകുള സമരവാര്‍ഷിക പന്തലില്‍ തമിഴ് പേച്ചും പാട്ടും പുരോഗമിക്കവേ വയോധികനായ വാസുവേട്ടന് സംഘാടകരോട് കൃത്യസമയത്ത് ഉച്ചഭക്ഷണം വാങ്ങിനല്‍കി. ചോറിനൊപ്പമുള്ള ചുവന്ന കൊളമ്പ് വാസുവേട്ടന്റെ വെള്ളമുണ്ടില്‍ തൂവിയതോടെ അദ്ദേഹം ഖിന്നനായി. ചെറിയ സ്വകാര്യതയുണ്ടാക്കി, മുണ്ടൊന്ന് കറിവീണ ഭാഗം കഴുകി തിരിച്ചുടുപ്പിച്ച് അദ്ദേഹത്തെ ശാന്തനാക്കി. ആണവനിലയ വിരുദ്ധ സമര നേതാവായ എസ് പി ഉദയകുമാറിനോട് ഞങ്ങളുടെ സംഘത്തില്‍ വാസുവേട്ടന് മാത്രം സമരത്തെ അഭിസംബോധന ചെയ്യാന്‍ ഉചിതമായ സമയം ചോദിച്ചുവാങ്ങി. തലേദിവസം ഹോട്ടലില്‍ ഏറെ വൈകിയുറങ്ങി വെളുപ്പിന് അഞ്ചിന് ഫോണില്‍ ഇബ്രാഹീം മൗലവി വിളിച്ചെഴുന്നേല്‍പ്പിക്കുമ്പോള്‍, വാസുവേട്ടന്‍ ലഘു വ്യായാമങ്ങളിലായിരുന്നു!
കള്ളക്കേസില്‍ എറണാകുളം, മട്ടാഞ്ചേരി സബ്ജയിലുകളില്‍ റിമാന്റില്‍ കഴിയവേ, ഒരു ദിവസം മാധ്യമപ്രവര്‍ത്തക ശബ്‌നാ സിയാദും കോഴിക്കോട് യൂത്ത് സെന്ററിലെ റഷീദ് മക്കടയുമൊത്ത് വാസുവേട്ടന്‍ എറണാകുളം സബ്ജയിലില്‍ എന്നെ കാണാനെത്തി. മുതിര്‍ന്ന ജയിലുദ്യോഗസ്ഥരില്‍ എന്റെ 'ജയില്‍പ്പുള്ളി നിലവാരം' ഗണ്യമായി ഉയര്‍ന്ന സന്ദര്‍ശനം. ശബ്‌നാസിയാദിന്റെ മുന്നില്‍ ശോഷിച്ച അര്‍ധനഗ്‌നതയില്‍ ഞാന്‍ ചൂളി. വാസുവേട്ടനോട് ഞാന്‍ ബീഡിയും സിഗററ്റും ചോദിക്കുന്ന 'നിലവാര'ത്തിലായിരുന്നു അന്നേരം!. വര്‍ഷങ്ങളുടെ ജയിലനുഭവങ്ങളുള്ള വാസുവേട്ടന്‍ റഷീദിനോട് എനിക്കായി ബീഡിയും സിഗററ്റും വാങ്ങി നല്‍കാനാവശ്യപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനത്തിനൊടുവില്‍ വാസുവേട്ടന്‍ മുഷ്ടിചുരുട്ടി വായുവിലെറിഞ്ഞെന്നെ അഭിവാദ്യം ചെയ്തു. അപ്രതീക്ഷിത പ്രതികരണത്തില്‍ ഏറെക്കാലത്തിനു ശേഷം മുഷ്ടിചുരുട്ടി വാസുവേട്ടനെ പ്രത്യഭിവാദ്യം ചെയ്തു. ജയില്‍ മോചനാനന്തരം കോഴിക്കോട് നിളയില്‍ എന്നെ സ്വീകരിച്ച് പ്രസംഗിച്ചവരിലും വാസുവേട്ടനുണ്ടായിരുന്നു.
മുമ്പൊരിക്കല്‍, 2011 ഒക്ടോബര്‍ 14ന് വെള്ളിയാഴ്ച വെളുപ്പിന്, വാസുവേട്ടനെ തമിഴ്‌നാട് പിയുസിഎല്‍ നേതാക്കളായ അഡ്വ. ബാലഗോപാല്‍, അഡ്വ. മുരുകന്‍, ഹരിദാസ് (കര്‍ണാടക), സുഗതന്‍ ചോമ്പാല, അജയന്‍ മണ്ണൂര്‍ എന്നിവരോടൊപ്പം തൃശൂര്‍ പൊതുമരാമത്തുവകുപ്പ് റസ്റ്റ്ഹൗസില്‍ നിന്ന് ഇന്റേണല്‍ സെക്യൂരിറ്റി വിങ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് തൃശൂര്‍ ഈസ്റ്റ് പോലിസ്‌സ്‌റ്റേഷനിലെത്തിച്ച് അസിസ്റ്റന്റ് പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറുമണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. പിയുസിഎല്‍ നേതാവ് അഡ്വ. പി എ പൗരന്‍, കെ വേണു എന്നിവരുടെ ഇടപെടലുകള്‍ക്കുശേഷം വാസുവേട്ടനെയും സംഘത്തെയും, കുറ്റകൃത്യങ്ങളില്‍നിന്ന് തടയുന്ന സിആര്‍പിസി 151ാം വകുപ്പ് ചുമത്തി കേസെടുത്ത് വിട്ടയക്കുകയായിരുന്നു.
2011 ആഗസ്ത് 12ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുന്‍ ഹൈക്കോടതി ജീവനക്കാരി പി എ ഷൈന ഒരു പരാതി സമര്‍പ്പിച്ചു. ഒളിവിലുള്ള മാവോവാദിപ്രവര്‍ത്തകന്‍ രൂപേഷിന്റെ ഭാര്യ ഷൈനയുടെ വീട്ടില്‍ അന്വേഷണത്തിന്റെ പേരില്‍ വലപ്പാട് പോലിസ് അതിക്രമം നടത്തുന്നുവെന്ന പരാതിയുടെ കോപ്പി വാസുവേട്ടനും ലഭിച്ചു. സിഐ രവീന്ദ്രനാഥും അഭിലാഷ് എന്ന പോലിസുകാരനും മാനസികമായി പീഡിപ്പിച്ച് തന്റെ ഉമ്മയെയും പെണ്‍മക്കളെയും ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയാണെന്നു കാണിച്ച് ഷൈന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് തൃശൂരിലെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലപ്പാട്ടേക്കു പോവുന്നതിനാണ് തൃശൂര്‍ പൊതുമരാമത്തുവകുപ്പ് റസ്റ്റ്ഹൗസില്‍ വാസുവേട്ടനും സംഘവും തങ്ങിയത്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ, രോഗിയായ അന്ന് 71 വയസ്സുള്ള ഷൈനയുടെ ഉമ്മയെയും 15ഉം എട്ടും വയസ്സുകാരായ രണ്ടു പെണ്‍മക്കളെയും പോലിസ് പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ പററഞ്ഞിരുന്നു. ആണുങ്ങളില്ലാത്ത വീട്ടില്‍ രാവും പകലും വനിതാപോലിസില്ലാതെ സകലവിധ മാനദണ്ഡങ്ങളും ലംഘിച്ച് റെയ്ഡ് നടത്തുന്ന പോലിസ് ഭീകരതയാണു പരാതിയില്‍ ഉന്നയിച്ചത്. മനുഷ്യാവകാശപ്രവര്‍ത്തനത്തില്‍ ഏറ്റവും പ്രധാനമായ വസ്തുതാന്വേഷണത്തിന് ഷൈനയുടെ വീട്ടില്‍ പോവാന്‍ വേണ്ടിയാണ് സംഘം തൃശൂരിലെത്തിയത്.
ബിനായക് സെന്നിനും ഡോ. റെനീഫിനും ജാമ്യം നല്‍കിക്കൊണ്ടുള്ള വ്യത്യസ്ത വിധിന്യായങ്ങളില്‍, ഒരാളുടെ മേല്‍ തീവ്രവാദബന്ധം ആരോപിക്കുന്നതിനു തീവ്രവാദികളുമായുള്ള ഇടപെടല്‍ കാരണമായിക്കൂടാ എന്നു സുപ്രിംകോടതി നിരീക്ഷിച്ചിട്ടുണ്ട്. അന്ന് വാസുവേട്ടന്റെയും സംഘത്തിന്റെയും കാര്യത്തില്‍ സംഭവിച്ചത് സുപ്രിംകോടതി വിധികളുടെ ലംഘനമാണ്. ഭരണകൂടം അന്ന് തലയ്ക്കു വിലയിട്ടിട്ടുള്ള പിടികിട്ടാപ്പുള്ളിയാണ്, പിന്നീട് അറസ്റ്റിലായ, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മാവോവാദിയായ രൂപേഷ്. പോലിസ് പീഡനത്തെ തുടര്‍ന്ന് 2008ല്‍ ഒളിവില്‍പ്പോയതാണു ഷൈന. പിന്നീട് പോലിസ് പിടിയിലാവുകയും ജയില്‍മോചിതയാവുകയുമായിരുന്നു. അവര്‍ക്കു മനുഷ്യാവകാശം നിഷേധിക്കാന്‍ പോലിസിനെന്ത് അധികാരം?. വാസുവേട്ടന്‍ നീതിയുടെ ഉചിതം ചോദിച്ചു. വാസുവേട്ടനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തതു മുതല്‍ കേരളത്തിലും പുറത്തുമുള്ള മനുഷ്യസ്‌നേഹികളുടെ ഫോണുകളില്‍ ഇടതടവില്ലാതെ വിളികളും സന്ദേശങ്ങളും നിറഞ്ഞു. തൃശൂര്‍ ഈസ്റ്റ് പോലിസ് സ്‌റ്റേഷന് മുന്നില്‍ ആളു കൂടാന്‍ തുടങ്ങി. പോലിസിന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. ഈ മനുഷ്യനെത്ര ചെറുപ്പമെന്ന് ചരിത്രമറിയാത്ത പോലിസുപിള്ളേര്‍ വിസ്മയിച്ചു. വിട്ടയക്കപ്പെട്ട വാസുവേട്ടനെയും സംഘത്തെയും മനുഷ്യാവകാശപ്രവര്‍ത്തകര്‍ സ്വീകരിച്ചു. പിന്നീട് പ്രകടനമായി തൃശൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിലെത്തി യോഗം ചേര്‍ന്നു. രാത്രി വൈകി കോഴിക്കോട്ടെത്തിയ വാസുവേട്ടനെ സ്വീകരിക്കാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ചു തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ അന്നുതന്നെ പ്രതിഷേധപ്രകടനം നടന്നു.
ഇങ്ങനെ നിരവധി സംഭവങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വാസുവേട്ടനെ ഓര്‍ക്കാനുണ്ട്. പൊറ്റമ്മലിലെ ഒറ്റമുറി വീട്ടില്‍ 94ാം വയസ്സിലും 'മാരിവില്‍' ബ്രാന്റില്‍ കുടയുണ്ടാക്കി വിറ്റ് ജീവിക്കുന്ന വാസുവേട്ടന് മുകളില്‍ ഭിത്തിയില്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, മാവോ, ചാരുമജുംദാര്‍, വര്‍ഗീസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഫ്രെയിമിലുണ്ട്. അതില്‍ ചിലരുടെ ചിത്രങ്ങള്‍ എകെജി സെന്ററിലും കാണും. പക്ഷേ, വാസുവേട്ടന്‍ കോര്‍പറേറ്റ് സ്ഥാപനമായ സിപിഎമ്മിലെ നേതാക്കളെ പോലെ കമ്മീഷന്‍ പറ്റിയല്ല ഉപജീവിക്കുന്നത്. അതാണദ്ദേഹത്തിന്റെ ധൈര്യവും സ്ഥൈര്യവും നൈതികതയും ആര്‍ജവവും.
RELATED STORIES
നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; പ്രതി ചെന്താമര പിടിയില്‍
28 Jan 2025 5:53 PM GMTപാസ്ബുക്ക് ചോദിച്ചിട്ട് നല്‍കിയില്ല; ഭാര്യയെ നിരവധി തവണ കുത്തിയ...
28 Jan 2025 1:54 PM GMTതേനീച്ചകളുടെ കുത്തേറ്റ് ചികില്‍സയിലിരുന്ന വയോധികന് മരിച്ചു
28 Jan 2025 1:50 PM GMTരണ്ടു പേരെ കൊല്ലാനുണ്ടെന്ന് ചെന്താമര പറഞ്ഞിരുന്നതായി സുഹൃത്ത്
28 Jan 2025 1:39 PM GMTനെന്മാറ ഇരട്ടക്കൊല:എസ്ഡിപിഐ പോലീസ് സ്‌റ്റേഷന് മാര്‍ച്ച് ബുധനാഴ്ച
28 Jan 2025 1:18 PM GMTനെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പോലിസിന്റെ വീഴ്ച്ചയില്‍ അന്വേഷണം വേണം:...
28 Jan 2025 1:09 PM GMT