Sub Lead

'ഞാന്‍ യമനില്‍ വന്നത് മതപഠനത്തിന്, പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത'; തൃക്കരിപ്പൂര്‍ സ്വദേശിയുടെ വീഡിയോ സന്ദേശം പുറത്ത്

ഞാന്‍ യമനില്‍ വന്നത് മതപഠനത്തിന്, പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; തൃക്കരിപ്പൂര്‍ സ്വദേശിയുടെ വീഡിയോ സന്ദേശം പുറത്ത്
X

കാസര്‍കോട്: തൃക്കരിപ്പൂര്‍ സ്വദേശിയും കുടുംബവും യെമനില്‍ പോയി ഐഎസില്‍ ചേര്‍ന്നെന്നും ദമ്മാജ് സലഫിസത്തിലേക്ക് പോയെന്നും പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി യുവാവ് തന്നെ രംഗത്ത്. യമനില്‍ പോയ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീറാണ് വീഡിയോ സന്ദേശത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. മതപഠനാര്‍ഥം വന്നതാണെന്നും യമനിലെ തരിം എന്ന സ്ഥലത്തെ ദാറുല്‍ മുസ്തഫ കാംപസിലാണ് തങ്ങള്‍ ഇപ്പോഴുള്ളതെന്നും മുഹമ്മദ് ഷബീര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. യമനിലെ പണ്ഡിതന്‍ ഹബീബ് ഉമറിന് കീഴില്‍ സൂഫിസവും അറബിയും പഠിക്കാന്‍ വന്നതാണ്.

എല്ലാ വിസ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് യമനില്‍ എത്തിയത്. കുടുംബാംഗങ്ങളുമായി സ്ഥിരം ബന്ധപ്പെടാറുണ്ടെന്നും യുവാവ് സന്ദേശത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശികളായ ദമ്പതികളും കുട്ടികളും ഐഎസില്‍ ചേരാന്‍ യമനിലെത്തിയതായി കേന്ദ്ര അന്വേഷണ സംഘത്തിന് വിവരം ലഭിച്ചെന്ന വാര്‍ത്തകള്‍ പരന്നത്. ഉദിനൂര്‍ സ്വദേശിയായ 42 കാരന്‍, 32കാരിയായ ഭാര്യ, ഇവരുടെ മൂന്ന്, അഞ്ച്, ഏഴ്, എട്ടുവയസ് പ്രായം വരുന്ന നാലു മക്കള്‍ എന്നിവരാണ് യമനിലേക്ക് കടന്നതെന്നും ദുരൂഹസാഹചര്യത്തില്‍ ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ചന്തേര പോലിസില്‍ പരാതിപ്പെട്ടിരുന്നു എന്നുമായിരുന്നു വാര്‍ത്ത.

എന്‍ഐഎ ഉള്‍പ്പെടെയുള്ള സംഘം അന്വേഷണത്തിനായി സ്ഥലത്തെത്തുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ഷബീറിന്റെ കുടുംബം പരാതിപ്പെട്ടതിനാലാണ് അന്വേഷണം നടക്കുന്നതെന്നായിരുന്നു വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍, തങ്ങള്‍ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നും ഷബീര്‍ നമ്മളുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്നും കുടുംബം പറയുന്നു. കുടുംബത്തെ അറിയിച്ച് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് യമനിലേക്ക് പോയത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷബീറിന്റെ കുടുംബം അറിയിച്ചു.

ദുബയിലെ ഒരു പ്രമുഖസ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്ന മുഹമ്മദ് ഷബീര്‍ നാലുമാസം മുമ്പ് ഇസ്‌ലാമിക് സ്റ്റഡീസില്‍ തുടര്‍ പഠനത്തിനായാണ് നിയമാനുസൃതം രേഖകള്‍ ശരിയാക്കി യമനിലെ തരീം എന്ന പ്രദേശത്തെ പ്രമുഖ കോളജായ ദാറുല്‍ മുസ്തഫയില്‍ പ്രവേശനം നേടിയത്. ഷബീറിന്റെ ഭാര്യ റിസ്‌വാനയും ഇവരുടെ നാല് മക്കളും 12 വര്‍ഷമായി യുഎഇയിലാണ് കഴിയുന്നത്. ഒരാഴ്ച മുമ്പ് വരെ വാട്‌സ്ആപ്പ് വഴി ഷബീറും ഭാര്യയും ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് അന്വേഷണഭാഗമായി ഷബീറിന്റെ സഹോദരിയെയും സഹോദരീ ഭര്‍ത്താവിനെയും ചന്തേര പോലിസ് കഴിഞ്ഞ ദിവസം സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

ഷബീര്‍ നാലുമാസം മുമ്പ് കുടുംബത്തിന്റെ സമ്മത പ്രകാരം തുടര്‍പഠനത്തിന് പോയതാണെന്നും നിരന്തരം കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സഹോദരീ ഭര്‍ത്താവ് പോലിസിനോട് പറയുകയും ചെയ്തിരുന്നു. മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലരുമായി ഷബീര്‍ തന്നെ സംസാരിക്കുകയും കോളജില്‍ പ്രവേശനം നേടിയതിന്റെ രേഖകളും യാത്രാ രേഖകളും കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഐഎസില്‍ ചേര്‍ന്നുവെന്ന രീതിയില്‍ പ്രചാരണമുണ്ടായത്.

അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കി കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നതെന്നും ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. കുടുംബം യമനിലേക്ക് കടന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സഹോദരിയെയും സഹോദരീ ഭര്‍ത്താവിനെയും പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് വിവരം ആരാഞ്ഞിരുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് മാധ്യമവാര്‍ത്തകളും ബന്ധുക്കള്‍ നല്‍കിയ വിവരങ്ങളും മാത്രമാണ് തങ്ങള്‍ക്കറിയാവുന്നതെന്ന് ചന്തേര എസ്‌ഐ ശ്രീദാസ് പ്രതികരിച്ചു. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സംശയാസ്പദമായ ബന്ധങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഫയല്‍ ക്ലോസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചന്തേര പോലിസിനെ ബന്ധപ്പെടുകയോ ചന്തേര പോലിസ് ശബീറിന്റെ വീട് സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നും എസ്‌ഐ വ്യക്തമാക്കി.

Next Story

RELATED STORIES

Share it