Sub Lead

സംസ്ഥാന കായികമേള ഇനി സ്‌കൂള്‍ ഒളിംപിക്‌സ്; ശാസ്ത്രമേള നവംബറില്‍ ആലപ്പുഴയില്‍

സംസ്ഥാന കായികമേള ഇനി സ്‌കൂള്‍ ഒളിംപിക്‌സ്; ശാസ്ത്രമേള നവംബറില്‍ ആലപ്പുഴയില്‍
X

തിരുവനന്തപുരം: സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിംപിക്‌സ് എന്ന രീതിയില്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ വിപുലമായ രീതിയില്‍ നടത്താനാണ് തീരുമാനം. ആദ്യ സ്‌കൂള്‍ ഒളിംപിക്‌സ് ഒക്‌ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടക്കും. സംസ്ഥാന സ്‌കൂള്‍ കായികമേളയെ ഒളിംപ്ക്‌സ് മാതൃകയില്‍ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിലാണ് മാറ്റുന്നത്. ഇതിന് പ്രത്യേക ലോഗോയും തീമും ഗാനവും ആലോചിക്കുന്നുണ്ട്. ഒളിംപിക്‌സ് മാതൃകയില്‍ അല്ലാത്ത വര്‍ഷങ്ങളില്‍ സാധാരണ പോലെ കായിക മേള നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സെപ്ഷ്യല്‍ സ്‌കൂള്‍ കലോല്‍സവം സപ്തംബര്‍ 25,26,27 തിയ്യതികളില്‍ കണ്ണൂരിലും ശാസ്ത്രമേള നവംബര്‍ 14,15,16 ആലപ്പുഴയിലും നടക്കും. ദിശ എക്‌സ്‌പോ ഒക്ടോബര്‍ 5,6,7,8, 9 തിയ്യതികളില്‍ തൃശൂരില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സ്‌കൂളിലെ പിടിഎകള്‍ക്കെതിരേ ആക്ഷേപം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് മാര്‍ഗരേഖ പുതുക്കി ഇറക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പിടിഎ ഭാരവാഹികള്‍ പ്രധാനാധ്യാപകരെ നോക്കുകുത്തിയാക്കി സ്‌കൂളുകള്‍ ഭരിക്കുന്ന സ്ഥിതി അനുവദിക്കാനാവില്ല. ചിലയിടത്ത് പിടിഎ പ്രസിഡന്റും ഭാരവാഹികളും രാവിലെ കയറിവന്ന് ഭരിക്കുന്ന സ്ഥിതിയുണ്ട്. പിടിഎ ഭാരാവാഹികള്‍ ക്ലാസ് സമയങ്ങളില്‍ സ്‌കൂളില്‍ വരേണ്ടതില്ല. സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പോ ശേഷമോ അല്ലെങ്കില്‍ യോഗങ്ങളിലോ പങ്കെടുത്താല്‍ മതി. എല്ലാ ദിവസവും ഓഫിസില്‍ എത്തേണ്ടതില്ല. ഇത് സംബന്ധിച്ച് നിയന്ത്രണങ്ങള്‍വരുത്തിയുള്ള ഉത്തരവ് ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പിടിഎ ചെയ്യുന്ന സേവനങ്ങളെ വിസ്മരിക്കാനാവില്ല. പിടിഎ ഫണ്ട് പിരിവിനും നിയന്ത്രണമുണ്ടാവും.ഓരോ കുട്ടികയില്‍നിന്നും എത്ര രൂപവരെ വാങ്ങാമെന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കും. എസ്‌സി-എസ്ടി വിഭാഗങ്ങളിലെ കുട്ടികളില്‍നിന്ന് പണം പിരിക്കാന്‍ പാടില്ല. പതിനായിരവും ഇരുപതിനായിരവും പിരിക്കുന്നതും അത് നല്‍കാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it