Sub Lead

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി വേട്ട കണ്ണൂരില്‍; ഒരു കോടിയിലേറെ രൂപയുടെ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി വേട്ട കണ്ണൂരില്‍; ഒരു കോടിയിലേറെ രൂപയുടെ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍
X

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട കണ്ണൂരില്‍. ഏകദേശം 2 കിലോയോളം എംഡിഎംഎയുമായി ദമ്പതികള്‍ പോലിസ് പിടിയില്‍. കോയ്യോട് തൈവളപ്പില്‍ ഹൗസില്‍ അഫ്‌സല്‍(37), ഭാര്യ കാപ്പാട് ഡാഫോഡില്‍സ് വില്ലയില്‍ ബള്‍ക്കീസ്(28) എന്നിവരെയാണ് പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടെരിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. പ്രതികളുടെ കൈയില്‍ നിന്നും ഏകദേശം 2 കിലോയോളം എംഡിഎംഎ, ഒപിഎം 7.5 ഗ്രാം, ബ്രൗണ്‍ ഷുഗര്‍ 67 ഗ്രാം എന്നിവയാണ് കണ്ടെത്തിയത്. ഒരു കോടിക്ക് മുകളില്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ആണ് പിടിച്ചെടുത്തതെന്നും വില ഇതിലും കൂടാന്‍ സാധ്യതയുണ്ടെന്നും പോലിസ് അറിയിച്ചു.


ബെംഗളൂരുവില്‍ നിന്ന് ടൂറിസ്റ്റ് ബസ്സില്‍ കണ്ണൂരില്‍ തുണിത്തരങ്ങളുടെ പാര്‍സല്‍ എന്ന വ്യാജേന ഒളിച്ചു വച്ച് കണ്ണൂര്‍ പ്ലാസ ജങ്ഷനിലെ പാര്‍സല്‍ ഓഫിസില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നു പ്രതികള്‍ സാധനം കൈപ്പറ്റുമ്പോഴാണ്ണ് പോലിസ് പിടികൂടിയത്. പ്രതി ബള്‍ക്കീസിനിനെതിരേ നേരത്തേ എടക്കാട് പോലിസ് സ്‌റ്റേഷനില്‍ മറ്റൊരു മയക്കുമരുന്നു കേസ് ഉണ്ടെന്ന് ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. വാട്‌സപ്പ് വഴിയാണ് പ്രതികള്‍ മയക്കുമരുന്നു ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാര്‍ക്ക് കച്ചവടം ഉറപ്പിച്ചശേഷം അവര്‍ പറയുന്ന സ്ഥലത്തു ചെറു പൊതികളാക്കി വഴിയരികില്‍ ഉപേക്ഷിച്ചു പോകുന്ന രീതിയാണ് സ്വീകരിച്ചുവന്നത്. കണ്ണൂരിലെ പ്രധാന മയക്കുമരുന്നു വിതരണ സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നും പോലിസ് പറയുന്നു.

ടൗണ്‍ പോലിസ് ഇസ്‌പെക്ടര്‍ ശ്രീജിത്ത് കൊടെരിക്കു പുറമെ സബ്ബ് ഇന്‍സ്‌പെക്ടര്‍ മഹിജന്‍, എഎസ് ഐമാരായ അജയന്‍, രഞ്ജിത്, സജിത്ത്, എസ്സിപിഒ മുഹമ്മദ്, സറീന, സിപിഒമാരായ നാസര്‍, അജിത്ത്, രാഹുല്‍, രജില്‍ രാജ് തുടങ്ങിയവരും മയക്കുമരുന്നു വേട്ടയില്‍ സംഘത്തിലുണ്ടായിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലിസ് കേസ്സ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ഇതിനുപിറകിലെ കണ്ണികളെ കണ്ടെത്താന്‍ വേണ്ടി വിപുലമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it