Sub Lead

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുന്നു; ഇന്ന് പതിനൊന്ന് പേര്‍ക്ക് കടിയേറ്റു

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുന്നു; ഇന്ന് പതിനൊന്ന് പേര്‍ക്ക് കടിയേറ്റു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നിരവധി പേര്‍ക്ക് നായയുടെ കടിയേറ്റു. തൃശൂരില്‍ രണ്ട് പേര്‍ക്കും ഇടുക്കിയില്‍ അഞ്ച് പേര്‍ക്കും കാട്ടാക്കടയില്‍ നാല് പേര്‍ക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്.

തൃശൂര്‍ അഞ്ചേരി സ്‌കൂളിന് സമീപത്ത് വച്ചാണ് രണ്ട് പേരെ പട്ടി കടിച്ചത്. ഓട്ടോ ഡ്രൈവറായ സന്തോഷിനേയും ഒരു ബംഗാള്‍ സ്വദേശിയേയുമാണ് നായ ആക്രമിച്ചത്. സന്തോഷിന്റെ കണങ്കാലിലാണ് നായ കടിച്ചത്. ഇരുവരേയും തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി ഉപ്പുതറ കണ്ണംപടിയില്‍ അഞ്ച് പേരെയാണ് തെരുവ് നായ കടിച്ചത്. കണ്ണന്‍പടി കിഴുകാനം സ്വദേശികളായ ഗോവിന്ദന്‍ ഇലവുങ്കല്‍, രാഹുല്‍ പുത്തന്‍ പുരക്കല്‍, അശ്വതി കാലായില്‍, രമണി പതാലില്‍, രാഗണി ചന്ദ്രന്‍ മൂലയില്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. എല്ലാവര്‍ക്കും കാലിനാണ് കടിയേറ്റത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആമച്ചല്‍ ബസ് സ്‌റ്റോപ്പില്‍ കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും , ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് ആദ്യം കടിയേറ്റത്.ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് , നെയ്യാറ്റിന്‍കര ആശുലത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കാട്ടാക്കട പൂവച്ചല്‍ പ്രദേശത്തും മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

അതേസമയം ആലുവ നെടുവന്നൂരില്‍ ഇന്നലെ രണ്ട് പേരെ കടിച്ച തെരുവ് നായയെ പിടികൂടി. നിരീക്ഷണത്തിലാക്കിയ നായ പക്ഷേ പിന്നീട് ചത്തു. നെടുവന്നൂര്‍ സ്വദേശികളായ ഹനീഫ, ജോര്‍ജ് എന്നിവര്‍ക്കാണ് ഇന്നലെ തെരുവ് നായയടെ കടിയേറ്റത്. റോഡരികില്‍ കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലില്‍ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവില്‍ വച്ച് തന്നെയാണ് ജോര്‍ജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കല്‍ കോളജിലും എത്തി വാക്‌സിന്‍ എടുത്തു.ഈ തെരുവുനായ കടിച്ച വളര്‍ത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട പെരുനാട്ടില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ 9 മണിയോടെയാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിലെത്തിച്ചത്. റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍, അഭിരാമിയുടെ അധ്യാപകരും സഹപാഠികളും നാട്ടുകാരും അടക്കം ആയിരക്കണക്കിനാളുകളാണ് അവസാനമായി അഭിരാമിയെ കാണാന്‍ വീട്ടിലേക്ക് എത്തിയത്.

Next Story

RELATED STORIES

Share it