Sub Lead

നിലമ്പൂര്‍ പൂളക്കപ്പാറയിലെ വനഭൂമിയില്‍ ഊര് നിവാസികളുടെ കുടില്‍ കെട്ടി സമരം

നിലമ്പൂര്‍ പൂളക്കപ്പാറയിലെ വനഭൂമിയില്‍ ഊര് നിവാസികളുടെ കുടില്‍ കെട്ടി സമരം
X

നിലമ്പൂര്‍: മഴക്കെടുതിയും വെള്ളപ്പൊക്കവും കാരണം ദുരിതമനുഭവിക്കുന്ന ഊരുനിവാസികളെ പുനരധിവസിപ്പിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ പൂളക്കപ്പാറയിലെ വനഭൂമികൈയേറി ഊര് നിവാസികളുടെ കുടില്‍ കെട്ടി സമരം. എടക്കര മൂത്തേടം ഗ്രാമപ്പഞ്ചായത്തിലെ പൂളക്കപ്പാറ നിവാസികളാണ് സമരം തുടങ്ങിയത്. മൂത്തേടം ഗ്രാമപ്പഞ്ചായത്തില്‍പെട്ട നെല്ലിക്കുത്ത്, പൂളക്കപ്പാറ ഊരുകളില്‍ നിന്നുള്ളവരാണ് പടുക്ക ഫോറസ്റ്റ് സ്റ്റേഷനു സമീപമാണ് ഇന്നു രാവിലെ മുതല്‍ 24 കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. തങ്ങള്‍ക്ക് ഭൂമി ലഭിക്കാതെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍. കാട്ടുനായ്ക്ക, പണിയ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് സമരത്തിലുള്ളത്. എല്ലാ വര്‍ഷവും വെള്ളപ്പൊക്കവും മഴക്കെടുതിയും ഉണ്ടാവുന്നതിനാല്‍ പുഴയോരത്തെ

ഊരുകളില്‍ താമസിക്കുന്നത് ജീവനു ഭീഷണിയാണെന്നും വിഷയത്തില്‍ അധികൃതര്‍ നിസ്സംഗത കാണിക്കുകയാണെന്നും സമരക്കാര്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ആദിവാസി ഐക്യവേദി, ആദിവാസി ഫോറം, ദലിത് ഫോറം മലപ്പുറം തുടങ്ങിയ സംഘടനകള്‍ സമരക്കാര്‍ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. 2010ല്‍ നിലമ്പൂരിലെ 503 ഏക്കര്‍ വനഭൂമി ഭൂരഹിതര്‍ക്ക് നല്‍കാന്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നുവെന്നും എന്നാല്‍, 278 ഏക്കര്‍ ഭൂമി മാത്രമാണ് വനംവകുപ്പ് നല്‍കിയതെന്നും സമരസമിതി നേതാവ് ചിത്ര ആരോപിച്ചു. ബാക്കി ഭൂമി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ വാദം. 16528 കുടുംബങ്ങളാണ് നിലമ്പൂരിലുള്ളത്. ഇവരില്‍ പലര്‍ക്കും ഭൂമിയില്ല. രേഖ പോലും ഇല്ലാത്ത രണ്ട് സെന്റ് ഭൂമിയാണ് കാട്ടുനായ്കര്‍ക്കുള്ളത്. ഇതിനു അധികൃതര്‍ പരിഹാരം കാണണമെന്നും ചിത്ര ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു പ്രളയമുണ്ടായപ്പോഴും ഊര് നിവാസികളെ വനത്തിനുള്ളിലെ ബദല്‍ സ്‌കൂളിലാണു താമസിപ്പിച്ചിരുന്നത്. അതേസമയം, കുടില്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് പടുക്ക ഫോറസ് റ്റേഷനിലെ വനപാലകര്‍ രംഗത്തെത്തുകയും നാളെ വൈകീട്ട് നാലിനു ചര്‍ച്ച നടത്താമെന്നും ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Struggle by villagers to build huts in the forest land of Poolakappara in Nilambur


Next Story

RELATED STORIES

Share it