Sub Lead

ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ സുദാന്‍ സമ്മതിച്ചതായി ട്രംപ്

സംഭവത്തെ അപലപിച്ച ഫലസ്തീന്‍ പിറകില്‍നിന്നുള്ള പുതിയ കുത്തെന്നാണ് ധാരണയെ വിശേഷിപ്പിച്ചത്.

ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ സുദാന്‍ സമ്മതിച്ചതായി ട്രംപ്
X

ഖാര്‍ത്തൂം: ബന്ധം സാധാരണ നിലയിലാക്കാന്‍ ഇസ്രായേലും സുഡാനും സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍വച്ചാണ് ട്രംപ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.സംഭവത്തെ അപലപിച്ച ഫലസ്തീന്‍ പിറകില്‍നിന്നുള്ള പുതിയ കുത്തെന്നാണ് ധാരണയെ വിശേഷിപ്പിച്ചത്.

നവംബര്‍ മൂന്നിന് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക്, ട്രാന്‍സിഷണല്‍ കൗണ്‍സില്‍ മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബര്‍ഹാന്‍ എന്നിവരുമായി നടത്തിയ ഫോണ്‍ കോളിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയതെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സുഡാനും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനും നേതാക്കള്‍ സമ്മതിച്ചതായി മുന്നു രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

വരും മാസങ്ങളില്‍ ഫലസ്തീനികളും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇസ്രായേലുമായി അടുത്ത ബന്ധത്തിന് സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎഇക്കും ബഹ്‌റയ്‌നും ശേഷം കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന മൂന്നാമത്തെ അറബ് രാജ്യമാണ് സുദാന്‍.

കാര്‍ഷിക മേഖലയ്‌ക്കൊപ്പം സാങ്കേതികവിദ്യ, വ്യോമയാന, കുടിയേറ്റ പ്രശ്‌നങ്ങള്‍, മറ്റ് മേഖലകള്‍ എന്നിവയിലെ സഹകരണക്കരാറുകള്‍ ചര്‍ച്ച ചെയ്യാന്‍ വരും ആഴ്ച്ചകളില്‍ ഇസ്രയേലും സുഡാനും കൂടിക്കാഴ്ച നടത്തുമെന്നും സംയുക്ത പ്രസ്താവന പറുന്നു.

തീവ്രാവാദത്തിന്റെ പ്രായോജകരായ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സുദാനെ നീക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ സമ്മതിച്ചെന്ന പ്രഖ്യാപനം എത്തിയത്. സുഡാന് പിറകെ കുവൈത്തും ഇസ്രായേലുമായി സന്ധി ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ട്രംപ് കുവൈത്തി പ്രതിനിധി ശൈഖ് സബാഹ് അല്‍ അഹ്മദി യുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സുദാന്‍-ഇസ്രായേല്‍ ബന്ധത്തിനെതിരേ ഫലസ്തീന്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള സുഡാന്റെ തീരുമാനം ഫലസ്തീനികള്‍ക്ക് 'പിന്നില്‍നിന്നുള്ള പുതിയ കുത്താണെന്ന്' അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ സംസാരിച്ച ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) ഭാരവാഹി വാസല്‍ അബു യൂസഫ് കുറ്റപ്പെടുത്തി.

അധിനിവേശ ഇസ്രായേലുമായി സാധാരണ ബന്ധം പുലര്‍ത്തുന്ന മറ്റുള്ളവരുമായി സുദാന്‍ ചേരുന്നത് ഫലസ്തീന്‍ ജനതയ്ക്ക് പിന്നില്‍നിന്നുള്ള പുതിയ കുത്താണെന്നും ഇത് ഫലസ്തീന്‍ വിഷയത്തെ വഞ്ചിക്കലാണെന്നും അബു യൂസഫ് പറഞ്ഞു. സുദാന്റെ പരമ്പരാഗത സഖ്യകക്ഷിയായ ഹമാസും രൂക്ഷ പ്രതികരണമാണ് നടത്തിയത്. തീരുമാനം 'തെറ്റായ ദിശയിലുള്ള' നടപടിയാണെന്നാണ് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പ്രതികരിച്ചത്.

Next Story

RELATED STORIES

Share it