Sub Lead

സുധാകരനെ കുറ്റവിമുക്തനാക്കിയിട്ടില്ല; പ്രചാരണം ശരിയല്ലെന്ന് ഇ പി ജയരാജന്‍

സുധാകരനെ കുറ്റവിമുക്തനാക്കിയിട്ടില്ല; പ്രചാരണം ശരിയല്ലെന്ന് ഇ പി ജയരാജന്‍
X

കണ്ണൂര്‍: തന്നെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെ സുധാകരനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചെന്ന പ്രചാരണം ശരിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണ്. മാധ്യമ വാര്‍ത്ത വിശ്വസിച്ച് പ്രതികരിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ മാധ്യമ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് വിധിപ്പകര്‍പ്പ് വ്യക്തമാക്കുന്നു. നടപടിക്രമങ്ങളുടെ സാങ്കേതികത്വവും നിയമസാധുതയും മാത്രം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സുധാകരന്റെ അപ്പീല്‍ അനുവദിച്ചത്. ഒരു കേസില്‍ രണ്ട് എഫ്‌ഐആര്‍ പാടില്ലെന്നത് മാത്രമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ വിഷയം. അതായത് ആന്ധ്രയിലെ ചിരാല റെയില്‍വേ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവിലുള്ളതിനാല്‍ കേരള പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന് സാധുതയില്ലെന്ന് മാത്രം. ആന്ധ്ര പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം സുധാകരന്‍ കേസില്‍ പ്രതിയാണ്. അന്ന് ആറു മാസത്തേക്ക് ആന്ധ്ര വിട്ടു പോവരുതെന്ന് പോലും കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ അന്നത്തെ കേന്ദ്ര ഭരണവും സംസ്ഥാന ഭരണവും ഉപയോഗിച്ച് ഈ എഫ്‌ഐആറുമായി ബന്ധപ്പെട്ട കേസ് രണ്ടാക്കി മാറ്റി. അതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ കോടതി ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ സുധാകരന്‍ പ്രതിസ്ഥാനത്തുള്ള ഗൂഢാലോചനാക്കേസിലുള്ള തുടര്‍ നടപടികള്‍ സ്തംഭിച്ചു. അപ്പോഴാണ് നീതി തേടി ഗൂഢാലോചന നടന്ന സ്ഥലങ്ങളിലൊന്നായ തിരുവനന്തപുരത്തെ സെഷന്‍സ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരം തമ്പാനൂര്‍ പോലിസ് അന്വേഷണം നടത്തി എഫ്‌ഐആര്‍ ഇടുകയും ചെയ്തു. ആ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുധാകരന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത് ആന്ധ്രയില്‍ ഇതേ കേസില്‍ മറ്റൊരു എഫ്‌ഐആര്‍ ഉണ്ടെന്ന് മാത്രമാണ്. അതാണ് കോടതി അംഗീകരിച്ചത്. ആ എഫ്‌ഐആര്‍ പ്രകാരം തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നത് ഹൈക്കോടതിയും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നുവച്ചാല്‍ ആന്ധ്രയിലെ എഫ്‌ഐആര്‍ പ്രകാരം സുധാകരനെതിരായ കേസ് നിലനില്‍ക്കുന്നുവെന്നാണ്. അതായത് സുധാകരന്‍ ഇപ്പോഴും പ്രതിയാണ് എന്ന് തന്നെയാണ്. ആന്ധ്രയിലെ എഫ്‌ഐആറിന്റെ പേരില്‍ ഹൈക്കോടതി ഇങ്ങനെയൊരു നിലപാട് എടുത്ത സാഹചര്യത്തില്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it