Sub Lead

തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാ ശ്രമം; മുസ്‌ലിമാവാന്‍ ആവശ്യപ്പെട്ടതിനെന്ന് സംഘപരിവാര കുപ്രചാരണം

തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിജിത് ഇസ്‌ലാമിലേക്ക് മതം മാറാനുള്ള സമ്മര്‍ദം സഹിക്കാനാവാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാ ശ്രമം; മുസ്‌ലിമാവാന്‍ ആവശ്യപ്പെട്ടതിനെന്ന് സംഘപരിവാര കുപ്രചാരണം
X

കോഴിക്കോട്: തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഉത്തരേന്ത്യയില്‍ വ്യാജ പ്രചാരണവുമായി സംഘപരിവാര ഗ്രൂപ്പുകള്‍. തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിജിത് ഇസ്‌ലാമിലേക്ക് മതം മാറാനുള്ള സമ്മര്‍ദം സഹിക്കാനാവാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇതിന്റെ നിജസ്ഥിതി അറിയുന്നതിന് ഡല്‍ഹിയിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ തന്നെ ബന്ധപ്പെട്ടതായും പതിനായിരക്കണക്കിന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ വ്യാജ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചതായും കെപിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലി വ്യക്തമാക്കി. ലീഗിന് അനുവദിച്ച സീറ്റിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിജിത്ത്് മത്സരിച്ചത്. അപ്രതീക്ഷിതമായി കൈവന്ന പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ സമ്മര്‍ദമായിരുന്നു യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. അദ്ദേഹം സുഖംപ്രാപിച്ച് വരികയാണ്.

നൗഷാദ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാവിലെ ഡല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തക സുഹൃത്തിന്റെ ഫോണ്‍ വിളി വരികയുണ്ടായി. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ വിജിത് ഇസ്ലാമിലേക്ക് മതം മാറാനുള്ള സമ്മര്‍ദം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വിഷം പുരട്ടിയ വാര്‍ത്ത ഉത്തരേന്ത്യയിലെ പതിനായിരക്കണക്കിന് വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ആളിപ്പടരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് അദ്ദേഹം വിളിച്ചത്.

തേഞ്ഞിപ്പലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ പാണമ്പ്രയില്‍ നിന്നാണ് 'കണക്ക' സമുദായാംഗമായ വിജിത് ജയിച്ചത്. യൂത്ത് കോണ്‍.പ്രവര്‍ത്തകനായ അദ്ദേഹം ലീഗിനനുവദിച്ച സീറ്റിലാണ് മത്സരിച്ചത്. അപ്രതീക്ഷിതമായി കൈവന്ന പഞ്ചായത്ത് പ്രസിഡണ്ട് പദവി തീര്‍ത്ത സമ്മര്‍ദ്ദവും, അമ്പരപ്പുമാണ് ഈ യുവാവിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. സുഖം പ്രാപിച്ചു വരുന്നുണ്ട്.

വര്‍ഗ്ഗീയതയുടെ ബലികുടീരത്തില്‍ ഇന്ധനം പകരാന്‍ തക്കം പാര്‍ത്തവര്‍ രംഗം കൈയ്യടക്കിയിരിക്കുന്നു. ശൂന്യാവസരങ്ങളില്‍ നിന്നു പോലും വിഷം പുരട്ടിയ വാര്‍ത്തകള്‍ സൃഷ്ടിച്ച് അധികാരമേറിയവര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ നിയമ നടപടികള്‍ അസ്ഥാനത്താണ്. പക്ഷെ, ലൗ ജിഹാദ്, ഫുഡ് ജിഹാദ്, ഡ്രസ്സ് ജിഹാദ്...തുടങ്ങി ഇസ്ലാമോഫോബിയ തീര്‍ത്ത് ആഘോഷിക്കുന്നവരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മുഖങ്ങളും, പ്രസ്ഥാനങ്ങളും കടന്നു വരുമ്പോള്‍ വലിയ ദു:ഖം തോന്നുന്നു. മത വെറി പൂണ്ട് വിഷപ്പുക തുപ്പുന്ന അല്‍പ്പന്‍മാരില്‍ നിന്നും ഭാരതാംബയെ ദൈവം കാത്തുരക്ഷിക്കട്ടെ!!

Next Story

RELATED STORIES

Share it