Sub Lead

'ബാബരി മസ്ജിദ് കേസിലെ വിധി നീതിയെ പരിഹസിച്ചത്, മതേതരത്വത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ല'- റിട്ട. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍

ബാബരി മസ്ജിദ് കേസിലെ വിധി നീതിയെ പരിഹസിച്ചത്, മതേതരത്വത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ല- റിട്ട. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍
X

ന്യൂഡല്‍ഹി: പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരായ കേസുകള്‍ സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതിനാല്‍ അരാധനാലയ സംരക്ഷണം നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍. പലമുഖങ്ങളുള്ള സത്വങ്ങളെ പോലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ അന്യായങ്ങള്‍ ഫയല്‍ ചെയ്യപ്പെടുകയാണെന്നും ജസ്റ്റിസ് അഹമ്മദ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ അദ്ദേഹം പറഞ്ഞു.

'' പലമുഖങ്ങളുടെ സത്വങ്ങളെ പോലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ അന്യായങ്ങള്‍ ഫയല്‍ ചെയ്യപ്പെടുകയാണ്. പള്ളികള്‍ക്ക് പുറമെ ദര്‍ഗകള്‍ക്കെതിരെയും അന്യായങ്ങള്‍ വരുന്നു. ഇവ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നതിനാല്‍ ആരാധനാലയം ശരിവച്ച സുപ്രിംകോടതി വിധിയിലെ അഞ്ച് പേജുകള്‍ ജില്ലാ ജഡ്ജിമാര്‍ക്കും ഹൈക്കോടതി ജഡ്ജിമാര്‍ക്കും വായിച്ചു കേള്‍പ്പിക്കണം. അത് തങ്ങള്‍ക്ക് ബാധകമാണെന്ന് അവരെ ബോധ്യപ്പെടുത്തണം. ഇത് ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കാന്‍ സഹായിക്കും. വിധിയില്‍ പറയുന്നത് പോലെ നിയമം നടപ്പാക്കുകയാണെങ്കില്‍ അത് ഒന്നിന് പുറകെ പൊങ്ങുന്ന തലകളെ ചുട്ടുകളയും'' -ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ പറഞ്ഞു.

ബാബരി മസ്ജിദ് പൊളിച്ചിടത്ത് ക്ഷേത്രം പണിയാന്‍ സുപ്രിംകോടതി സ്വീകരിച്ച യുക്തിയെ ജസ്റ്റിസ് നരിമാന്‍ ചോദ്യം ചെയ്തു. ബാബരി മസ്ജിദ് കേസിലെ വിധി നീതിയെ പരിഹസിച്ചതാണെന്നും മതേതരത്വത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആ വിധിയില്‍ ചില രജതരേഖകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാധനാലയ സംരക്ഷണം കര്‍ശനമായി നടപ്പാക്കണമെന്നതാണ് അത്. ബിജോ ഇമ്മാനുവല്‍ കേസില്‍ സുപ്രിംകോടതി ജഡ്ജിയായിരുന്ന ഒ ചിന്നപ്പ റെഡ്ഡി നടത്തിയ പരാമര്‍ശം ഉദ്ധരിച്ചാണ് ജസ്റ്റിസ് നരിമാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. '' നമ്മുടെ പാരമ്പര്യം സഹിഷ്ണുത പഠിപ്പിക്കുന്നു, നമ്മുടെ തത്ത്വശാസ്ത്രം സഹിഷ്ണുത ഉപദേശിക്കുന്നു, നമ്മുടെ ഭരണഘടന സഹിഷ്ണുത പാലിക്കുന്നു, നാം അതില്‍ വെള്ളം ചേര്‍ക്കരുത്'' -ബിജോ ഇമ്മാനുവല്‍ കേസില്‍ ജസ്റ്റിസ് ചിന്നപ്പറെഡ്ഡി എഴുതി.

reference: ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരില്‍ 1985 ജൂലൈ 26ന് യഹോവയുടെ സാക്ഷികളായ ചില വിദ്യാര്‍ഥികളെ കോട്ടയത്തെ ഒരു സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇത് വിദ്യഭ്യാസ വകുപ്പും ഹൈക്കോടതിയും ശരിവച്ചു. എന്നാല്‍, അപ്പീലില്‍ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നും യഹോവയുടെ സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയഗാനം പാടാതെ സ്‌കൂളില്‍ പഠിക്കാനുള്ള സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും നിര്‍ദേശിച്ചു. ഈ കേസാണ് ബിജോ ഇമ്മാനുവല്‍ കേസ്.

പ്രസംഗം ഇവിടെ കാണാം

Next Story

RELATED STORIES

Share it