Sub Lead

സംഭല്‍ ശാഹി ജമാ മസ്ജിദിലെ കിണര്‍; സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശം

സംഭല്‍ ശാഹി ജമാ മസ്ജിദിലെ കിണര്‍; സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശം
X

ന്യൂഡല്‍ഹി: സംഭല്‍ ശാഹീ ജമാ മസ്ജിദിലെ പള്ളിക്കിണറുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ റിപോര്‍ട്ടില്‍ മറുപടി നല്‍കാന്‍ മസ്ജിദ് കമ്മിറ്റിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. പള്ളിക്കിണറിന്റെ പേര് ധരണി വരാഹ് കിണര്‍ എന്നാണെന്നും അത് പള്ളിയുടേത് അല്ലെന്നുമാണ് ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ നല്‍കിയ റിപോര്‍ട്ട് പറയുന്നത്. 'തര്‍ക്കമുള്ള മതകെട്ടിടത്തിന്റെ(മസ്ജിദ്)' അകത്ത് അല്ല അത് സ്ഥിതി ചെയ്യുന്നതെന്നും അതിന് കെട്ടിടവുമായി ഒരു ബന്ധവുമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍, മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫ അഹ്മദി ഈ റിപോര്‍ട്ടിനെ എതിര്‍ത്തു. കിണറിന്റെ ഒരു ഭാഗം മസ്ജിദ് അങ്കണത്തിലാണെന്നും നൂറ്റാണ്ടുകളായി പള്ളി ഉപയോഗിക്കുന്ന കിണറാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ എന്താണ് മാര്‍ഗമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. കിണറിലെ വെള്ളം പള്ളി ഉപയോഗിക്കുന്നതിനൊപ്പം മറ്റുള്ളവരും ഉപയോഗിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമോയെന്ന് ചീഫ്ജസ്റ്റിസ് ചോദിച്ചു. പള്ളിയുടെ കിണറ്റില്‍ നിന്ന് ആരെങ്കിലും വെള്ളം എടുത്താല്‍ കുഴപ്പമില്ലെന്നും മതപരമായ ചടങ്ങുകള്‍ നടത്താന്‍ പാടില്ലെന്നും അഡ്വ. ഹുസൈഫ അഹ്മദി പറഞ്ഞു. ഇത് പ്രശ്‌നം വേറെയാണെന്നും ഹുസൈഫ അഹ്മദി സൂചന നല്‍കി. തുടര്‍ന്നാണ് വിഷയത്തില്‍ രണ്ടാഴ്ച്ചക്കകം രേഖാമൂലം മറുപടി നല്‍കാന്‍ മസ്ജിദ് കമ്മിറ്റിക്ക് കോടതി നിര്‍ദേശം നല്‍കിയത്.

മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സഫര്‍ അലിയെ ജയിലില്‍ അടച്ചിരിക്കുകയാണെന്നും അല്‍പ്പം കൂടെ സമയം വേണമെന്നും ഹുസൈഫ അഹ്മദി അഭ്യര്‍ത്ഥിച്ചു. സഫര്‍ അലിയെ ജയിലില്‍ പോയി കണ്ട് മറുപടി തയ്യാറാക്കാന്‍ കോടതി നിര്‍ദേശിച്ചു. സമയം നീട്ടി നല്‍കിയിട്ടില്ല. പള്ളിക്കിണര്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.

Next Story

RELATED STORIES

Share it