Sub Lead

കേന്ദ്രം ഏറ്റെടുക്കണം; വാക്‌സിന്‍ നയത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി

പകുതി വാക്‌സിന്‍ സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെ എന്ന് എന്തുകൊണ്ട് തീരുമാനിച്ചു എന്ന് കോടതി ചോദിച്ചു.

കേന്ദ്രം ഏറ്റെടുക്കണം; വാക്‌സിന്‍ നയത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി
X

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. വാക്‌സിന്‍ വിലനിര്‍ണ്ണയം കേന്ദ്രം ഏറ്റെടുക്കണം എന്ന നിര്‍ദ്ദേശം സുപ്രീംകോടതി ആവര്‍ത്തിച്ചു. 18 മുതല്‍ 45 ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറരുതെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. സ്വമേധയ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിന്‍ പോലെ മറ്റ് വിഭാഗങ്ങള്‍ക്കായും വാക്‌സീന്‍ കേന്ദ്രം നേരിട്ട് കമ്പനികളില്‍ നിന്ന് വാങ്ങാന്‍ ശ്രമിക്കണമെന്നാണ് കോടതി പറയുന്നത്.

പകുതി വാക്‌സിന്‍ സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെ എന്ന് എന്തുകൊണ്ട് തീരുമാനിച്ചു എന്ന് കോടതി ചോദിച്ചു. വിലനിര്‍ണ്ണയം കമ്പനികള്‍ക്ക് നല്‍കരുത്. രാജ്യമാകെ വാക്‌സിന് ഒറ്റ വില നിര്‍ണ്ണയിച്ച് ഇത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കൊവിന്‍ ആപ്പിലെ രജിസ്‌ട്രേഷന് കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പടെ പലര്‍ക്കും കഴിയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാവും എന്നാണ് സോളസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.

അതിനിടെ രണ്ട് വാക്‌സീന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള വീണ്ടും മാറ്റേണ്ടതുണ്ടോ എന്ന് കേന്ദ്രം ആലോചിക്കുകയാണ്. വാക്‌സീന്‍ ഒറ്റ ഡോസ് മതിയാകുമോ എന്ന പഠനവും ഓഗസ്‌റ്റോടെ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സീന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള നാലു മുതല്‍ എട്ടാഴ്ച എന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ കൊവിഷീല്‍ഡ് ഡോസ് നല്‍കാനുള്ള ഇടവേള പിന്നീട് 12 മുതല്‍ 16 ആഴ്ച വരെ ആക്കി. കൊവാക്‌സിന് പഴയ ഇടവേള തുടര്‍ന്നു.

Next Story

RELATED STORIES

Share it