Sub Lead

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസ്: കേന്ദ്രസര്‍ക്കാരിനെയും എഎസ്‌ഐയേയും കക്ഷി ചേര്‍ത്തത് ശരിവച്ചു

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസ്: കേന്ദ്രസര്‍ക്കാരിനെയും എഎസ്‌ഐയേയും കക്ഷി ചേര്‍ത്തത് ശരിവച്ചു
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് ഹിന്ദുക്ഷേത്രമാക്കി മാറ്റണമെന്നാവശ്യപ്പെട്ടുള്ള അന്യായങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെയും കക്ഷിചേര്‍ത്ത അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീലാണ് ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് ഹിന്ദുക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്ന വാദം കൂടി അന്യായങ്ങള്‍ ഭേദഗതി ചെയ്ത് ഉള്‍പ്പെടുത്തണമെന്ന ഹിന്ദുത്വരുടെ അപേക്ഷയും അലഹബാദ് ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. കേസിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഫലപ്രദമായി തീര്‍പ്പാക്കുന്നതിനും കൂടുതല്‍ കോടതി വ്യവഹാരങ്ങള്‍ ഉണ്ടാവാതിരിക്കാനും ഈ ആവശ്യങ്ങള്‍ അംഗീകരിക്കല്‍ അനിവാര്യമാണെന്ന് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നത്.

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനെതിരെ രണ്ട് അന്യായങ്ങളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹിന്ദുദൈവമായ ശ്രീകൃഷ്ണന്റെ പേരില്‍ നല്‍കിയിട്ടുള്ളതാണ് ഒന്ന്. മറ്റൊന്ന് അഡ്വ. ഹരിശങ്കര്‍ ജെയ്‌നിന്റേതാണ്. 1904ലെ പുരാവസ്തുസ്മാരക സംരക്ഷണ നിയമപ്രകാരം 1920ല്‍ മസ്ജിദിനെ പുരാവസ്തുവായി പ്രഖ്യാപിച്ചിരുന്നതായി ഇപ്പോഴാണ് താന്‍ കണ്ടെത്തിയതെന്നും അതിനാലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയതെന്നും അഡ്വ. ഹരിശങ്കര്‍ ജെയ്ന്‍ വാദിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെന്നും അതിനാലാണ് അവരെ കക്ഷിചേര്‍ക്കാന്‍ അപേക്ഷ നല്‍കിയതെന്നും അഡ്വ. ഹരിശങ്കര്‍ ജെയ്ന്‍ വിശദീകരിച്ചു.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് ഹിന്ദുക്ഷേത്രം പൊളിച്ച് മസ്ജിദ് നിര്‍മിച്ചു എന്നും അതിനാല്‍ നിലവില്‍ മസ്ജിദുള്ള സ്ഥലത്തിന്റെ അവകാശം പ്രതിഷ്ഠയുടേതാണെന്നും അന്യായക്കാര്‍ നല്‍കിയ ഭേദഗതിയില്‍ പറയുന്നുണ്ട്. അതിനാല്‍ മസ്ജിദിനെ ക്ഷേത്രമാക്കി മാറ്റണമെന്നാണ് ആവശ്യം. അന്യായത്തില്‍ ആദ്യം ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ മാറുന്നില്ലെന്നും മറിച്ച് ആവശ്യങ്ങള്‍ നടപ്പാവാന്‍ വേണ്ട കൂടുതല്‍ വസ്തുതകള്‍ കൊണ്ടുവരുകയാണ് ചെയ്തതെന്നും അഡ്വ. ഹരിശങ്കര്‍ ജെയ്ന്‍ വാദിച്ചിരുന്നു.

Next Story

RELATED STORIES

Share it