Sub Lead

ബില്ലുകള്‍ പിടിച്ചുവയ്ക്കല്‍; കേരളത്തിന്റെ ഹരജിയില്‍ കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും സുപ്രിം കോടതി നോട്ടിസ്

ബില്ലുകള്‍ പിടിച്ചുവയ്ക്കല്‍; കേരളത്തിന്റെ ഹരജിയില്‍ കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും സുപ്രിം കോടതി നോട്ടിസ്
X

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി പിടിച്ചുവയ്ക്കുന്നതിനെതിരേ കേരളം നല്‍കിയ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രിം കോടതി നോട്ടിസ്. രാഷ്ട്രപതി ബില്ലുകള്‍ക്ക് അനുമതി നല്‍കാത്തതിനെതിരേ കേരളം സുപ്രിം കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഗവര്‍ണറുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിക്കുമാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്. നോിസിന് മൂന്ന് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടിസിലുള്ളത്. ഗവര്‍ണര്‍ ഏഴു ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതും നാലുബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കാതിരുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാരിനു പുറമെ, ടി പി രാമകൃഷ്ണന്‍ എംഎല്‍എയും ഇതേ ആവശ്യമുന്നയിച്ച് ഹരജി ഫയല്‍ ചെയ്തിരുന്നു.

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതു സംബന്ധിച്ച് ചില ഗവര്‍ണര്‍മാര്‍ക്കുള്ള സംശയം നീക്കാന്‍ സുപ്രിംകോടതി ഇടപെടണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ചില ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടിയെ സംസ്ഥാനം ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഗവര്‍ണര്‍മാര്‍ ഏതൊക്കെ സാഹചര്യത്തില്‍ ബില്ലുകള്‍ കേന്ദ്രത്തിന് അയക്കാം എന്നതിനെ സംബന്ധിച്ച് മാര്‍ഗ്ഗരേഖ പുറത്തിറക്കണമെന്നും വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സമാന ആവശ്യവുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇരുസംസ്ഥാനങ്ങളുടെ അഭിഭാഷകര്‍ ചര്‍ച്ചചെയ്ത് കോടതി പരിഗണിക്കേണ്ട വിഷയം സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കാനും സുപ്രിം കോടതി നിര്‍ദേശം നല്‍കി. കേരളത്തിനുവേണ്ടി കെ കെ വേണുഗോപാലിന് പുറമെ, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റാന്റിങ് കോണ്‍സല്‍ സി കെ ശശി, സ്‌പെഷ്യല്‍ ഗവണ്‍ന്മെന്റ് പ്ലീഡര്‍ വി മനു എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it