Sub Lead

ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കല്‍; കേന്ദ്രത്തിനും അന്വേഷണ ഏജന്‍സികള്‍ക്കും സുപ്രിംകോടതി നോട്ടീസ്

ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കല്‍; കേന്ദ്രത്തിനും അന്വേഷണ ഏജന്‍സികള്‍ക്കും സുപ്രിംകോടതി നോട്ടീസ്
X

ന്യൂഡല്‍ഹി: കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ കേന്ദ്രസര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ തേടിയുള്ള പരാതിയില്‍ പ്രതികരണം ആരാഞ്ഞാണ് കേന്ദ്രത്തിനും അന്വേഷണ ഏജന്‍സികള്‍ക്കും കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ഥ ഫയല്‍ ചെയ്ത പരാതിയില്‍ നോട്ടീസ് അയച്ചത്. സമാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഫയല്‍ ചെയ്ത മറ്റു കേസുകള്‍ക്കൊപ്പം ഈ കേസിന്റെ വാദം കേള്‍ക്കുമെന്നും സുപ്രിംകോടതി പറഞ്ഞു. അതേസമയം, ഭരണഘടനയുടെ അനുഛേദം 32 പ്രകാരമുള്ള പരാതികളുമായി എല്ലാവരും നേരിട്ട് പരമോന്നത കോടതിയെ സമീപിക്കുന്നത് അഭിലഷണീയമല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. സമാനമായ പരാതികള്‍ കോടതികളില്‍ തീര്‍പ്പാവാത്ത സാഹചര്യത്തിലാണ് ഉന്നത നീതിപീഠത്തെ സമീപിച്ചതെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിനു പുറമെ സിബിഐ, ഇഡി, ആദായ നികുതി വകുപ്പ്, ഡല്‍ഹി പോലിസ്, മറ്റ് ഏജന്‍സികള്‍ എന്നിവരോടും മാര്‍ഗനിര്‍ദേശങ്ങളുടെ കാര്യത്തില്‍ സുപ്രിം കോടതി പ്രതികരണം തേടിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ കേസുകളില്‍ വാദം കേള്‍ക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചത് കുറ്റാന്വേഷണത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തിയെന്നാണ്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതു വരെ ഇത്തരം ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ സിബിഐയുടെ നടപടി ക്രമങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിന്തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. വ്യക്തികളില്‍നിന്ന്, പ്രത്യേകിച്ച് മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 7ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it