Sub Lead

ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം അനന്തമായി നീട്ടികൊണ്ടുപോവരുത്; കേരളത്തോട് സുപ്രിംകോടതി

അര്‍ഹതപ്പെട്ടവര്‍ക്ക് തസ്തിക കണ്ടെത്തി ഉടന്‍ നിയമനം നല്‍കണം. നിയമനം നടത്തിയതിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ജൂലൈ രണ്ടാം വാരം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം അനന്തമായി നീട്ടികൊണ്ടുപോവരുത്; കേരളത്തോട് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് കേരളത്തോട് നിര്‍ദേശിച്ച് സുപ്രിം കോടതി. അര്‍ഹതപ്പെട്ടവര്‍ക്ക് തസ്തിക കണ്ടെത്തി ഉടന്‍ നിയമനം നല്‍കണം. നിയമനം നടത്തിയതിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ജൂലൈ രണ്ടാം വാരം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാന്‍ 2021 സെപ്റ്റംബറില്‍ സുപ്രിം കോടതി കേരളത്തിന് നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 വകുപ്പുകളിലായി 380 തസ്തികകള്‍ നിയമനത്തിനായി കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ സി കെ ശശി സുപ്രിം കോടതിയെ അറിയിച്ചു. നിയമനം നടത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വളരെക്കുറച്ച് തസ്തികകള്‍ മാത്രമേ ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണത്തിനായി കണ്ടെത്തുന്നുള്ളുവെന്ന് ഹര്‍ജിക്കാരനായ കെ എന്‍ ആനന്ദിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവര്‍ വാദിച്ചു. തസ്തികകള്‍ കണക്കാക്കുന്നതും ശരിയായ രീതിയില്‍ അല്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജൂലൈ രണ്ടാം വാരം കോടതി ഉത്തരവ് നടപ്പിലാക്കിയതിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് നിര്‍ദേശിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ ആനന്ദും മറ്റു ചിലരും നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് സുപ്രിം കോടതി നിര്‍ദേശം. മറ്റ് ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷക മാലിനി പൊതുവാള്‍ ആണ് ഹാജരായത്. കേസ് ജൂലൈ മൂന്നാം വാരം വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it