Sub Lead

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: അന്വേഷണത്തിന് സുപ്രിംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: അന്വേഷണത്തിന് സുപ്രിംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
X

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിന് സുപ്രിംകോടതി നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്ന ആവശ്യം വീണ്ടുമുയര്‍ത്തി സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്ത്. ലഖിംപൂര്‍ കൂട്ടക്കൊലയില്‍ നീതി ലഭിക്കണമെങ്കില്‍ സുപ്രിംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കീഴിലുള്ള കര്‍ഷക യൂനിയനുകള്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. അന്വേഷണസംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലം മാറ്റുന്നത് അന്വേഷണത്തെ ബാധിക്കും. സര്‍ക്കാര്‍ ഇടപെടല്‍ അന്വേഷണം മന്ദഗതിയിലാക്കുകയാണ്. ഈ സ്ഥലംമാറ്റങ്ങള്‍ സുപ്രിംകോടതി പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ചോദ്യം ചെയ്യുമെന്നുമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കേസിലെ പ്രതി ആശിഷ് മിശ്രയ്ക്ക് ലഭിക്കുന്ന വിഐപി പരിഗണനയെക്കുറിച്ച് റിപോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഈ വിഷയത്തില്‍ നീതി ലഭിക്കുന്നതിന് മുഴുവന്‍ അന്വേഷണവും സുപ്രിംകോടതി നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്ന് കിസാന്‍ മോര്‍ച്ച ഒരിക്കല്‍കൂടി ആവശ്യപ്പെടുന്നുവെന്നും പ്രസ്താവന ഓര്‍മപ്പെടുത്തുന്നു. കര്‍ഷക കൂട്ടക്കൊലയ്ക്ക് പിന്നില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് ആരോപണം. ബുധനാഴ്ച മുതല്‍ ഡല്‍ഹി അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ നീക്കാന്‍ ഡല്‍ഹി പോലിസ് പ്രത്യേക ശ്രമങ്ങള്‍ നടത്തിവരികയാണ്. പ്രതിഷേധക്കാര്‍ ഇന്ത്യയുടെ ശത്രുക്കളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയുമാണെന്ന മട്ടിലാണ് പോലിസ് പെരുമാറിയതെന്ന് എല്ലാവര്‍ക്കും അറിയാം.

കൂറ്റന്‍ സിമന്റ് പാറക്കല്ലുകളും മെറ്റല്‍ ബാരിക്കേഡുകളുടെ ഒന്നിലധികം പാളികള്‍ സ്ഥാപിച്ചും മണല്‍ സ്ഥാപിച്ചും പോലിസ് അതിര്‍ത്തികള്‍ ശക്തിപ്പെടുത്തി. റോഡുകള്‍ക്ക് കുറുകെയുള്ള ട്രക്കുകളിട്ടും റോഡില്‍ ഒന്നിലധികം ഇരുമ്പുപാളികള്‍ ഉറപ്പിച്ചുമാണ് തടസ്സം തീര്‍ക്കുന്നത്. സുപ്രിംകോടതി ഇടപെടലില്‍ ഈ ബാരിക്കേഡുകള്‍ ഭാഗികമായി നീക്കംചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സമരം ചെയ്യുന്ന കര്‍ഷകരുടെ നിലപാട് ശരിയാണെന്ന് നേതാക്കള്‍ പറഞ്ഞു. ബാരിക്കേഡുകള്‍ സ്ഥാപിച്ച് റോഡുകള്‍ തടഞ്ഞത് പോലിസാണ്. കര്‍ഷകരല്ല, വാഹനഗതാഗതം മുമ്പ് സമരക്കാര്‍ അനുവദിച്ചിരുന്നുവെന്നും ഇപ്പോഴും അങ്ങനെ ചെയ്യുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

Next Story

RELATED STORIES

Share it