Sub Lead

കാവഡ് യാത്ര: കടയുടമകള്‍ പേരുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി

കാവഡ് യാത്ര: കടയുടമകള്‍ പേരുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കാവഡ് യാത്ര നടക്കുന്ന വഴിയോരത്തെ കടയുടമകള്‍ അവരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ വിഎന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ഗനിര്‍ദേശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സുപ്രിം കോടതി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്ത് അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്ന സര്‍ക്കാരിതര സംഘടന നല്‍കിയ ഹരജി പരിഗണിച്ചാണ് നടപടി. ഉടമകള്‍ അവരുടെ ഭക്ഷണശാലകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ പേരുകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നും സുപ്രിം കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവിന് നിയമപരമായ പിന്തുണയില്ലെന്നും ഇത് ഒരു ലക്ഷ്യവും നിറവേറ്റുന്നില്ലെന്നും എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സി യു സിങ് പറഞ്ഞു.

നിയമത്തിന്റെ യാതൊരു അധികാരവുമില്ലാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് കാവഡ് യാത്രയുടെ മറപിടിച്ച ഉത്തരവാണെന്നും നിയമലംഘകര്‍ക്ക് അവരുടെ പേര് കാണിക്കാത്തപക്ഷം പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. നിങ്ങള്‍ ഒരു റെസ്‌റ്റോറന്റിലേക്ക് പോവുമ്പോള്‍ മെനു അനുസരിച്ചാണ് പോവുക. ആരാണ് സേവനം നല്‍കുന്നത് എന്നു നോക്കിയല്ല. ഈ നിര്‍ദേശം വഴി ഐഡന്റിറ്റി പ്രകാരം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഇത് ഭരണഘടനയില്‍ വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യമല്ല. പതിറ്റാണ്ടുകളായി കാവഡ് യാത്രകള്‍ നടക്കുന്നുണ്ട്. എല്ലാ മതത്തില്‍പ്പെട്ടവരും അവരുടെ യാത്രയില്‍ സഹായിക്കുന്നുണ്ടെന്നും സിങ് വി പറഞ്ഞു.

കാവഡ് യാത്ര കടന്നുപോവുന്ന എല്ലാ ഭക്ഷണശാലകളോടും ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ മുസഫര്‍നഗര്‍ പോലിസ് നിര്‍ദേശം നല്‍കിയത് ഏറെ വിവാദമായിരുന്നു. ആദ്യം യാത്ര കടന്നുപോവുന്നിടത്താണ് തീരുമാനമെങ്കില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വ്യാപിപ്പിച്ചു. ഇതിനുപിന്നാലെ ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകളും സമാനരീതിയിലുള്ള ഉത്തരവുമായെത്തി. ഇതിനെതിരേ പ്രതിപക്ഷത്തിനു പുറമെ എന്‍ഡിഎ പക്ഷത്തുള്ള ജെഡിയു, ആര്‍എല്‍ഡി തുടങ്ങിയ സഖ്യകക്ഷികളും എതിര്‍ത്തിരുന്നു.

Next Story

RELATED STORIES

Share it