Sub Lead

ജെല്ലിക്കെട്ട് നിയമവിധേയം; ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി

ജെല്ലിക്കെട്ട് നിയമവിധേയം; ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിനും കാളയോട്ട മല്‍സരങ്ങള്‍ക്കും അനുമതി നല്‍കുന്നതിനെതിരേ നല്‍കിയ ഹരജികള്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളി. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനും മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ കാളയോട്ട മല്‍സരങ്ങള്‍ക്കും അനുമതി നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജികളാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയത്. ജെല്ലിക്കെട്ട് പോലെയുള്ള കായിക വിനോദങ്ങള്‍ സാംസ്‌കാരിക അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഭരണഘടനാ വകുപ്പ് പ്രകാരം അനുവദനീയമാക്കുന്നതിന് നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത നിരോധിക്കുന്ന 1960ലെ കേന്ദ്രനിയമം ഭേദഗതി ചെയ്താണ് തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ടും മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ കാളയോട്ട മല്‍സരങ്ങളും നിയമവിധേയമാക്കിയത്. നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, നിയമത്തില്‍ അനുശാസിക്കുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് മാത്രമേ ജെല്ലിക്കെട്ട് നടത്താവൂ എന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഉറപ്പുവരുത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയല്ലെന്നും സാംസ്‌കാരികമായ അവകാശമാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചു. 2014ല്‍ സുപ്രിംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത് ഏറെ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു.

Next Story

RELATED STORIES

Share it