Sub Lead

അസമില്‍ 1971 മാര്‍ച്ച് 24ന് മുമ്പ് എത്തിയവരുടെ പൗരത്വം ശരിവച്ച് സുപ്രിംകോടതി

1971 മാര്‍ച്ച് 24ന് ശേഷം എത്തിയവര്‍ നിയമവിരുദ്ധ കുടിയേറ്റക്കാര്‍

അസമില്‍ 1971 മാര്‍ച്ച് 24ന് മുമ്പ് എത്തിയവരുടെ പൗരത്വം ശരിവച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: അസമില്‍ 1966 ജനുവരി ഒന്നിന് മുമ്പെത്തിയ ബംഗ്ലാദേശി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവച്ചു. 1971 മാര്‍ച്ച് 24ന് മുമ്പ് രാജ്യത്ത് എത്തിയ ബംഗ്ലാദേശികള്‍ക്ക് നിബന്ധനകളോടെ പൗരത്വം നല്‍കാമെന്ന നിയമഭേദഗതിയും ചീഫ്ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ശരിവച്ചു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും ആള്‍ ഇന്ത്യ അസം സ്റ്റുഡന്റ്‌സ് യൂണിയനും തമ്മില്‍ 1985ല്‍ ഒപ്പിട്ട ഉടമ്പടിയെ തുടര്‍ന്ന് കൊണ്ടുവന്ന നിയമഭേദഗതിയാണ് ഭൂരിപക്ഷ വിധിയില്‍ ശരിവച്ചത്.

ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിച്ചതിനെതിരേ ആള്‍ ഇന്ത്യ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ ആറു വര്‍ഷം അക്രമസമരം നടത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കരാറിലെത്തിയത്. സര്‍ക്കാരും സംഘടനയും തമ്മിലുള്ള കരാര്‍ നിയമപരമാക്കാനാണ് പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയത്.

1966 ജനുവരി ഒന്നിന് മുമ്പ് അസമില്‍ എത്തിയ ബംഗ്ലാദേശി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാമെന്നാണ് നിയമഭേദഗതി ശുപാര്‍ശ ചെയ്യുന്നത്. കൂടാതെ 1966 ജനുവരി ഒന്നിനും 1971 മാര്‍ച്ച് 25നും ഇടയില്‍ രാജ്യത്തെത്തിയവര്‍ക്ക് ചില നിബന്ധനകള്‍ പാലിച്ചാല്‍ പൗരത്വം നല്‍കാമെന്നും നിയമം ശുപാര്‍ശ ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രിംകോടതി അംഗീകരിച്ചിരിക്കുന്നത്. ഇതോടെ 1971 മാര്‍ച്ച് 24ന് ശേഷം ഇന്ത്യയില്‍ എത്തിയ ബംഗ്ലാദേശി അഭയാര്‍ഥികള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരായി മാറുകയാണ്.

നിയമഭേദഗതി അസം ജനതയുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നാണ് ഹരജിക്കാര്‍ വാദിച്ചത്. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നത് സംസ്ഥാനത്ത് ബംഗാളി ജനസംഖ്യ വര്‍ധിപ്പിക്കും, ഇത് അസമിലെ സംസ്‌കാരത്തെ തകര്‍ക്കും തുടങ്ങിയ വാദങ്ങളാണ് ഹരജിക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, ഈ വാദം സുപ്രിംകോടതി തള്ളി. വ്യത്യസ്ഥ വംശീയ വിഭാഗങ്ങള്‍ ഒരു പ്രദേശത്തുണ്ടാവുന്നത് മറ്റേതെങ്കിലും വിഭാഗത്തിന്റെ സംസ്‌കാരം തകരാന്‍ കാരണമാവില്ലെന്ന് കോടതി വ്യക്തമാക്കി. അസമിന്റെ സംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ നിരവധി നിയമങ്ങളുണ്ട്. അസമിലെ ആദിവാസി പ്രദേശങ്ങളെ സംരക്ഷിക്കാന്‍ ഭരണഘടന നിര്‍ദേശിക്കുന്നുണ്ട്. അസമിലെ ഔദ്യോഗിക ഭാഷ പോലും സര്‍ക്കാര്‍ നിയമപരമായി സംരക്ഷിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it