Sub Lead

സയ്യിദ് സ്വലാഹുദ്ധീന്‍ വധം: മൂന്നു ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ചുണ്ട സ്വദേശികളായ എം അമല്‍രാജ് എന്ന അപ്പു(23), പി കെ ബ്രിപിന്‍ (23), എം ആഷിഖ് ലാല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. മൂവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പോലിസ് അനുമാനം.

സയ്യിദ് സ്വലാഹുദ്ധീന്‍ വധം: മൂന്നു ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് സ്വലാഹുദ്ധീനെ സഹോദരിമാരുടെ മുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ചുണ്ട സ്വദേശികളായ എം അമല്‍രാജ് എന്ന അപ്പു(23), പി കെ ബ്രിപിന്‍ (23), എം ആഷിഖ് ലാല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. മൂവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പോലിസ് അനുമാനം. എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന കണ്ണവം അയ്യൂബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും അമല്‍രാജ് എന്ന അപ്പു പ്രതിയാണ്.

ഇന്ന് പുലര്‍ച്ചയെയാണ് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. കൊലയാളി സംഘം സഞ്ചരിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിറ്റാരിപ്പറമ്പ് അമ്മാറമ്പ് കോളനിക്ക് സമീപത്തെ നമ്പൂതിരി കുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാര്‍.

കാറിലും ബൈക്കിലും ഓട്ടോയിലുമായി എത്തിയ ഒരു ഡസനോളം വരുന്ന ആര്‍എസ്എസ് കൊലയാളി സംഘമാണ് സയ്യിദ് സ്വലാഹുദ്ധീനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണവം സി ഐ കെ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലയാളികള്‍ സഞ്ചരിച്ച കാര്‍ കണ്ടെടുത്തത്. കോളയാട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് അക്രമി സംഘം കൊലപാതകത്തിന് ഉപയോഗിച്ചത്.

സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍എസ്എസ് ഉന്നത നേതൃത്വത്തിനു സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് പോലിസ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ജില്ലയില്‍ പോലിസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ കണ്ണവത്തിനു സമീപം ചിറ്റാരിപ്പറമ്പിനടുത്ത് ചൂണ്ടയില്‍വച്ചാണ് കുടുംബത്തിന്റെ കണ്‍മുന്നിലിട്ട് എസ് ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സ്വലാഹൂദ്ദീനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടുസഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കാറില്‍ വരുന്നതിനിടെയാണ് ആസൂത്രിത കൊലപാതകം അരങ്ങേറിയത്. സ്വലാഹുദ്ദീനും കുടുംബവും സഞ്ചരിച്ച കാറിനു പിന്നില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇടിക്കുകയായിരുന്നു. അപകടം പറ്റിയതറിഞ്ഞ് വാഹനം സൈഡില്‍ നിര്‍ത്തി പോലിസിനെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തൊട്ടുപിന്നാലെ ബൈക്കിലെത്തിയ അക്രമിസംഘം തലയ്ക്കും മറ്റും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരിമാരെ ബോംബും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയ സംഘം സഹോദരി റാഹിദയെ വടിവാള്‍കൊണ്ട് വയറ്റിലും നെഞ്ചത്തും കൈക്കും മറ്റും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സയ്യിദ് ഹാമിദ് യാസീന്‍ തങ്ങളുടെ രണ്ടാമത്തെ മകനാണ് സ്വലാഹുദ്ദീന്‍. സ്വലാഹുദ്ധീനെ ഇന്ന് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ കണ്ണവം മഖാം ഖബര്‍സ്ഥാനില്‍ കബറടക്കി.

Next Story

RELATED STORIES

Share it