Sub Lead

ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് ഒരു വോട്ട്; വീട്ടില്‍ ഉള്ളത് അഞ്ച് പേര്‍, പോസ്റ്ററില്‍ 10 നേതാക്കളുടെ ചിത്രം

ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് ഒരു വോട്ട്; വീട്ടില്‍ ഉള്ളത് അഞ്ച് പേര്‍, പോസ്റ്ററില്‍ 10 നേതാക്കളുടെ ചിത്രം
X

ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് ഒരു വോട്ട്. സ്വന്തം ഭാര്യയുടെ വോട്ട് പോലും ലഭിക്കാത്ത ബിജെപി സ്ഥാനാര്‍ത്ഥിയെ ട്രോളി പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തി. സ്ഥാനാര്‍ഥിയുടെ കുടുംബത്തില്‍ തന്നെ അഞ്ചുപേരുണ്ടായിട്ടും ഒരു വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി ഇറക്കിയ പോസ്റ്ററില്‍ 10 ബിജെപി പ്രാദേശിക നേതാക്കളുടെ ചിത്രവും അച്ചടിച്ചിരുന്നു. ഇവരും കൂടെ നടന്ന പിന്നില്‍ നിന്ന് കുത്തിയെന്ന് ട്രോളന്‍മാര്‍ പരിഹസിച്ചു.

കോയമ്പത്തൂര്‍ ജില്ലയിലെ പെരിയനക്കന്‍പാളയത്ത് മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി ഡി കാര്‍ത്തികിനാണ് വെറും ഒരുവോട്ട് മാത്രം ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ഡിഎംകെയുടെ അരുള്‍രാജ് 387 വോട്ടുകള്‍ നേടി വിജയിച്ചു. അണ്ണാ ഡിഎംകെയുടെ വൈദ്യലിംഗത്തിന് 196 വോട്ടുകള്‍ ലഭിച്ചു. മൊത്തം 910 വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.

ഒരു വോട്ട് മാത്രം ലഭിച്ച ബിജെപി സ്ഥാനാര്‍ഥി ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുയാണ്. 12,000 ട്വീറ്റുകളാണ് ഇപ്പോള്‍ തന്നെ പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് ബിജെപിയെ ട്രോളി രംഗത്തെത്തിയത്. പോസ്റ്ററില്‍ 10 നേതാക്കളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെന്നും അവരെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യേണ്ടതായിരുന്നു എന്നും ശിവ പ്രസാദ് എന്നയാള്‍ ട്വീറ്റ് ചെയ്തു.

ബിജെപിയെ കൈയ്യൊഴിഞ്ഞ് മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച വീട്ടിലുള്ള നാലുപേരെക്കുറിച്ച് അഭിമാനമുണ്ടെന്ന് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മീന കന്ദസ്വാമി ട്വീറ്റ് ചെയ്തു. 'തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്. മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച വീട്ടിലുള്ള നാലുപേരെക്കുറിച്ച് അഭിമാനമുണ്ട്''. മീന കന്ദസ്വാമി ട്വീറ്ററില്‍ കുറിച്ചു.

ഇങ്ങനെയാണ് തമിഴ്‌നാട് ബിജെപിയെ കൈകാര്യം ചെയ്യുന്നതെന്നാണ് കോണ്‍ഗ്രസ് അനുഭാവിയായ അശോക് കുമാര്‍ ട്വീറ്റ് ചെയ്തത്. ഒക്‌ടോബര്‍ ആറു മുതല്‍ ഒന്‍പത് വരെയാണ് തമിഴ്‌നാട് ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആദ്യഫല സൂചനകളില്‍ ഡിഎംകെ ബഹുദൂരം മുന്നിലാണ്.

Next Story

RELATED STORIES

Share it