Sub Lead

'ബിജെപി മുക്ത ഭാരതം'; നീക്കം ശക്തമാക്കി കെസിആര്‍, നിതീഷ് കുമാറുമായി കൂടിക്കാഴ്ച

ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരേയും കെസിആര്‍ സന്ദര്‍ശിക്കും.

ബിജെപി മുക്ത ഭാരതം; നീക്കം ശക്തമാക്കി കെസിആര്‍, നിതീഷ് കുമാറുമായി കൂടിക്കാഴ്ച
X

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരേയും കെസിആര്‍ സന്ദര്‍ശിക്കും. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള ജനതാദള്‍ (യു) നീക്കത്തിനിടെ ചന്ദ്രശേഖര്‍ റാവുവിന്റെ സന്ദര്‍ശനത്തിനു രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുണ്ട്.

2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ ഐക്യം കെട്ടിപടിക്കാനുള്ള നീക്കത്തിന് ശക്തിപകരുന്നതായിരിക്കും കൂടിക്കാഴ്ച. അതുകൊണ്ട് തന്നെ ഏറെ പ്രധാന്യത്തോടെയാണ് കൂടിക്കാഴ്ചയെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

കശ്മീരില്‍ കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശികളായ സൈനികരുടെയും കുടിയേറ്റ തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്കുള്ള തെലങ്കാന സര്‍ക്കാരിന്റെ ധനസഹായ വിതരണത്തിനാണ് ചന്ദ്രശേഖര്‍ റാവു ബിഹാറില്‍ എത്തുന്നത്. മുഖ്യമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് റാവു ബിഹാര്‍ സന്ദര്‍ശിക്കുന്നത്. നേരത്തേ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ അവതരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കെ സി ആര്‍ ശ്രമം നടത്തിയിരുന്നു.

തേജസ്വി യാദവുമായി വലിയ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് കെസിആര്‍. നേരത്തേ ബിജെപി ബന്ധം ഉപേക്ഷിച്ച് ജെഡിയു പുറത്ത് വന്നതിന് പിന്നാലെയുള്ള ബിഹാറിലെ രാഷ്ട്രീയ അട്ടിമറിയില്‍ ആര്‍ജെഡിക്കൊപ്പം തന്ത്രങ്ങള്‍ മെനയുന്നതില്‍ കെസിആര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 2024 ല്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ ഐക്യത്തിനായി നിരന്തരം ആവശ്യമുയര്‍ത്തുന്ന നേതാക്കളില്‍ ഒരാളാണ് കെസിആര്‍.

അടുത്തിടെ തെലങ്കാനയില്‍ സംഘടിപ്പിച്ച റാലിയില്‍ '2024ല്‍ ബിജെപി മുക്ത ഭാരതം' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ബിജെപിക്കെതിരേ കെസിആര്‍ രംഗത്തെത്തിയത്. ബിജെപിയുമായും മോദിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു കെസിആര്‍. തെലങ്കാന പിടിക്കാനുള്ള ബിജെപി നീക്കമാണ് ബന്ധം തകരാന്‍ കാരണമായത്.

അതിനിടെ ഇരു മുഖ്യമന്ത്രിമാരുടേയും കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് ജെഡിയു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ രംഗത്തെത്തി. പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുമ്പെങ്ങുമില്ലാത്തവിധം അനിവാര്യമായിരിക്കുകയാണ്. നിതീഷ് കുമാര്‍ ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്ന വലിയ ലക്ഷ്യവും അതാണ്. എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ല. അതേസമയം രണ്ട് മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ യാതൊരു അസ്വാഭാവികതയും ഇല്ലെന്നും രാജീവ് രഞ്ജന്‍ പ്രതികരിച്ചു.ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ 2024 ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിന്റെ പേര് നിര്‍ദ്ദേശിക്കപ്പെടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും നിതീഷ് കുമാര്‍ പോലും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും രാജീവ് രഞ്ജന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it