Sub Lead

വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ; പോലിസ് സ്‌റ്റേഷന്‍ വളഞ്ഞ് മല്‍സ്യത്തൊഴിലാളികള്‍, രണ്ട് ജീപ്പുകള്‍ തകര്‍ത്തു

വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ; പോലിസ് സ്‌റ്റേഷന്‍ വളഞ്ഞ് മല്‍സ്യത്തൊഴിലാളികള്‍, രണ്ട് ജീപ്പുകള്‍ തകര്‍ത്തു
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. മല്‍സ്യത്തൊഴിലാളികള്‍ പോലിസ് സ്‌റ്റേഷന്‍ വളഞ്ഞു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇന്ന് അഞ്ച് മല്‍സ്യത്തൊഴിലാളികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിഴിഞ്ഞം പോലിസ് സ്‌റ്റേഷന്‍ മല്‍സ്യത്തൊഴിലാളികള്‍ ഉപരോധിക്കുന്നത്. കൂടുതല്‍ മല്‍സ്യത്തൊഴിലാളികള്‍ സ്‌റ്റേഷന്‍ പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളും സ്ഥലത്ത് മുദ്രാവാക്യം വിളിക്കുന്നുണ്ട്. കൂടുതല്‍ പോലിസ് സന്നാഹവും ഇവിടേക്ക് എത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. പോലിസ് സ്‌റ്റേഷനിലെ രണ്ട് ജീപ്പുകള്‍ തകര്‍ക്കുകയും ചെയ്തു.

ദൃശ്യം ചിത്രീകരിച്ച പ്രദേശിക മാധ്യമപ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു. ഷെരീഫ് എന്ന മാധ്യമപ്രവര്‍ത്തകനാണ് പരിക്കേറ്റത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തിരുന്നു. തുറമുഖത്തിനെതിരെ സമരം ചെയ്ത വൈദികര്‍ അടക്കം കേസില്‍ പ്രതികളാണ്. തുറമുഖത്തിനെതിരേ സമരം ചെയ്യുന്നവരുടെ പേരില്‍ ഒമ്പത് കേസുകളുണ്ടാണ് രജിസ്റ്റര്‍ ചെയ്തത്. തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരേ ഒരു കേസുമെടുത്തു.

വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആര്‍ ലഭിച്ച പരാതിക്ക് പുറമെ പോലിസ് സ്വമേധയായും കേസെടുത്തിട്ടുണ്ട്. തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗൂഢാലോചന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

സംഘര്‍ഷസ്ഥലത്ത് നേരിട്ടുണ്ടായിരുന്ന വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികര്‍ക്കെതിരേ വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായും പോലിസ് കണക്കാക്കുന്നു. സംഘം ചേര്‍ന്നതിനും പൊതുമുതല്‍ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരേ രണ്ടുകേസുമെടുത്തിട്ടുണ്ട്.

പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന 1000 ത്തോളം പേരും കേസില്‍ പ്രതിയാണ്. വിഴിഞ്ഞം സമരത്തിനെതിരേ സര്‍ക്കാര്‍ നിലപാടും കടുപ്പിക്കുകയാണെന്നാണ് വിവരം. പോലിസിന്റെ സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന ഇത് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it