Sub Lead

അല്‍ അഖ്‌സ പള്ളിയില്‍ വീണ്ടും ഇസ്രായേല്‍ നരനായാട്ട്; വിശ്വാസികള്‍ക്ക് നേരേ ലാത്തിച്ചാര്‍ജും ഗ്രനേഡും, നൂറുകണക്കിന് പേരെ തടഞ്ഞുവച്ചു

അല്‍ അഖ്‌സ പള്ളിയില്‍ വീണ്ടും ഇസ്രായേല്‍ നരനായാട്ട്; വിശ്വാസികള്‍ക്ക് നേരേ ലാത്തിച്ചാര്‍ജും ഗ്രനേഡും, നൂറുകണക്കിന് പേരെ തടഞ്ഞുവച്ചു
X

ജറൂസലേം: അല്‍ അഖ്‌സ പള്ളിയില്‍ ഫലസ്തീനികള്‍ക്ക് നേരേ വീണ്ടും ഇസ്രായേല്‍ നരനായാട്ട്. 48 മണിക്കൂറിനിടെ രണ്ടാമത്തെ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ഇന്ന് പ്രഭാത പ്രാര്‍ത്ഥനയ്ക്കു പിന്നാലെയാണ് പള്ളിയിലേക്ക് ഇരച്ചെത്തിയ സൈന്യം മുസ്‌ലിം വിശ്വാസികള്‍ക്കുനേരേ അതിക്രമം അഴിച്ചുവിട്ടത്. രാവിലെ ഏഴോടെ ഇസ്രായേലില്‍നിന്നെത്തുന്ന ജൂതവിശ്വാസികള്‍ക്ക് സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കാനായായിരുന്നു സൈന്യത്തിന്റെ നടപടി. പ്രാദേശിക സമയം രാവിലെ ഏഴിനാണ് നൂറുകണക്കിനു വരുന്ന പ്രത്യേക ഇസ്രായേല്‍ സേന പള്ളിക്കുള്ളിലേക്ക് ഇരച്ചുകയറിയത്.


ലാത്തി ഉപയോഗിച്ച് വിശ്വാസികളെ മര്‍ദ്ദിച്ച സംഘം ഗ്രനേഡ് പ്രയോഗിച്ചതായും റിപോര്‍ട്ടുണ്ട്. പള്ളിയിലേക്ക് ഇരച്ചുകയറിയ സംഘം തലങ്ങും വിലങ്ങും വിശ്വാസികള്‍ക്കുനേരേ ഗ്രനേഡ് പ്രയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്ന വിഡിയോകളില്‍ വ്യക്തമാവുന്നത്. ഖിബ്‌ലി പ്രാര്‍ത്ഥനാ ഹാളിലേക്ക് കടന്ന സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. വിശ്വാസികളെ ഹാളിനകത്ത് നൂറുകണക്കിന് വിശ്വാസികളെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ആരും രക്ഷപ്പെടരുതെന്ന് ഉറപ്പിച്ച പോലെ പള്ളിയുടെ പല വാതിലുകളിലൂടെയാണ് സൈന്യം വലിയ സംഘങ്ങളായി അതിക്രമിച്ചുകയറിയത്. പിന്നാലെ, ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കാതെ തലങ്ങും വിലങ്ങും വെടിവച്ചു.


മൂന്നുമണിക്കൂര്‍ നീണ്ട സൈനിക നടപടിക്കിടെ ഇവിടെനിന്ന് ഒരാളെയും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. പരിക്കേറ്റവര്‍ക്കടക്കം അടിയന്തര പരിചരണം നല്‍കാനും അനുവദിച്ചില്ലെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കാനായെത്തിയ തങ്ങളുടെ ആരോഗ്യപ്രവര്‍ത്തകരെ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി(പിആര്‍സിഎസ്) വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, വിശുദ്ധ സ്ഥലത്തേക്കുള്ള ജൂതന്‍മാരുടെ പതിവ് സന്ദര്‍ശനം സുഗമമാക്കുന്നതിനാണ് ഞായറാഴ്ച പ്രത്യേക പോലിസ് സേന കോമ്പൗണ്ടില്‍ പ്രവേശിച്ചതെന്നും ഫലസ്തീനികള്‍ കല്ലുകള്‍ സ്ഥാപിച്ച് കോമ്പൗണ്ടില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായും ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു.

രണ്ടാമത്തെ അതിക്രമത്തില്‍ കുറഞ്ഞത് 10 പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. നമസ്‌കാരത്തിനു നേതൃത്വം നല്‍കുന്ന ഇമാം നില്‍ക്കുന്ന ഖിബ്‌ലി പ്രാര്‍ത്ഥനാമുറിക്കു മുകളില്‍ കയറി വിശ്വാസികള്‍ക്കുനേരെ തിരിഞ്ഞും ഗ്രനേഡ് പ്രയോഗം തുടര്‍ന്നു. വിശ്വാസികള്‍ ആത്മരക്ഷാര്‍ഥം ചിതറിയോടുമ്പോഴും സൈന്യം നിര്‍ത്താതെ വെടിവയ്പ്പ് തുടര്‍ന്നു. കണ്ണീര്‍വാതക, ഗ്രനേഡ് പ്രയോഗങ്ങളും ശക്തമാക്കി. പുറത്തുനിന്ന് അടിയന്തര ആരോഗ്യ പരിചരണത്തിന് ആളുകളെത്തുന്നത് തടഞ്ഞായിരുന്നു ക്രൂരകൃത്യമെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it