- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തളിപ്പറമ്പിലെ വഖ്ഫ് ഭൂമി വിവാദം: ക്ലറിക്കല്‍ മിസ്‌റ്റേക്കെന്ന വിചിത്ര വാദവുമായി മുസ്‌ലിം ലീഗ് നേതാവ്

കണ്ണൂര്‍: തളിപ്പറമ്പ് ജുമുഅത്ത് പള്ളി ട്രസ്റ്റിന്റെ ഏക്കര്‍ കണക്കിന് ഭൂമി തട്ടിയെടുക്കാനുള്ള ലീഗ് അനുകൂലികളുടെ കൂട്ടായ്മയുടെ നീക്കം വിവാദമായതോടെ വിചിത്രവാദവുമായി മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം രംഗത്ത്. ലീഗ് നേതാക്കള്‍ ഭാരവാഹികളായ ജില്ലാ മുസ്‌ലിം എജ്യുക്കേഷനല്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച വാദം വിവാദമായതോടെയാണ് മലക്കം മറിച്ചില്‍. കണ്ണൂര്‍ ജില്ലാ മുസ്‌ലിം എജ്യുക്കേഷനല്‍ അസോസിയേഷന്‍ (സിഡിഎംഇഎ) ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ക്ലറിക്കല്‍ മിസ്‌റ്റേക്കാണെന്ന് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി അവകാശപ്പെട്ടു. സര്‍ സയ്യദ് കോളജിന്റെ ഭൂമി വഖ്ഫ് സ്വത്താണെന്ന കാര്യത്തില്‍ ലീഗിനോ കോളജ് മാനേജ്‌മെന്റിനോ രണ്ടഭിപ്രായമില്ലെന്നും കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലം തിരുത്തുന്നതിലൂടെ ആ പ്രശ്‌നം അവസാനിക്കുമെന്നുമാണ് പുതിയ ന്യായീകരണം.
നിലവില്‍ സര്‍ സയ്യിദ് കോളജ് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍പ്പെടെയുള്ള ഭൂമി വഖ്ഫ് ഭൂമി അല്ലെന്നും അത് നരിക്കോട് ഈറ്റിശ്ശേരി ഇല്ലത്തിന്റേത് ആയിരുന്നുവെന്നുമാണ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഇതുവരെ ആരും എവിടെയും ഉന്നയിക്കാത്ത വാദം എവിടെ നിന്നു വന്നു എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ തുടരുകയാണ്. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറിയും തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാനുമായ മഹ്മൂദ് അള്ളാംകുളമാണ് സിഡിഎംഇഎയ്ക്കു വേണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിഷയം ലീഗ് അണികളിലും സമുദായത്തിനുള്ളിലും വലിയ വിവാദമായിരുന്നു. മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ലീഗിന് വഖ്ഫ് വിഷയത്തില്‍ ഇരട്ടത്താപ്പാണെന്ന് തളിപ്പറമ്പ് സംഭവം ചൂണ്ടിക്കാട്ടി പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
കോളജ് ആരംഭിക്കാന്‍ ഭൂമി പാട്ടത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് 1966ലാണ് സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റായ സിഡിഎംഇഎ തളിപ്പറമ്പ് ജുമുഅത്ത് പള്ളി കമ്മിറ്റിയെ സമീപിച്ചത്. അന്നത്തെ മുതവല്ലിയായിരുന്ന കെ വി സൈനുദ്ദീന്‍ ഹാജി, പള്ളിയുടെ ഭൂമി ലീസിന് നല്‍കാന്‍ അനുവദിക്കണമെന്നാശ്യപ്പെട്ട് വഖ്ഫ് ബോര്‍ഡിന് അപേക്ഷ നല്‍കി. വഖ്ഫ് ബോര്‍ഡ് 1966 സപ്തംബര്‍ 17ന് പള്ളിയുടെ പേരില്‍തന്നെ ഭൂനികുതി അടയ്ക്കണമെന്ന നിബന്ധനയില്‍ ഏക്കറിന് അഞ്ചു രൂപ ലീസ് തുക നിശ്ചയിച്ച് 99 വര്‍ഷത്തേക്ക് സിഡിഎംഇഎക്ക് ഭൂമി പാട്ടത്തിന് കൈമാറാന്‍ അനുവദിച്ചു.
1967 ഫെബ്രുവരി 22നാണ് അന്നത്തെ രജിസ്ട്രാര്‍ പി രാധാകൃഷ്ണന്‍ മേനോന്‍ മുമ്പാകെ 44.5 രൂപ ഫീസടച്ച് മുതവല്ലി കെ വി സൈനുദ്ദീന്‍ ഹാജി ഒന്നാം നമ്പറുകാരനായും സിഡിഎംഇഎ സ്ഥാപക പ്രസിഡന്റ് അഡ്വ. വി ഖാലിദ് രണ്ടാം നമ്പറുകാരനായും ലീസ് ആധാരം എഴുതിയത്. ഇതുപ്രകാരമാണ് സര്‍ സയ്യിദ് കോളജ് നിര്‍മിക്കാന്‍ ഭൂമി ലഭിച്ചത്. പിന്നീട് 1975ല്‍ സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചു. ഇവിടെയാണ് പിന്നീട് ബിഎഡ് കോളജും സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസും സര്‍ സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കുറുമാത്തൂര്‍ സൗത്ത് യുപി സ്‌കൂളും സ്ഥാപിച്ചത്.
1967 മുതല്‍ കോളജ് മാനേജ്‌മെന്റ് വാടക നല്‍കിയതിനും പള്ളിക്കമ്മിറ്റിയുടെ കൈയില്‍ തെളിവുകളുണ്ട്. 2007 ജനുവരി മുതല്‍ 3,000 രൂപയും 2016 ഒക്ടോബര്‍ മുതല്‍ മൂന്നു ലക്ഷം രൂപയുമാക്കി ലീസ് തുക വര്‍ധിപ്പിച്ചതിനും നല്‍കിയതിനും രേഖകളുണ്ട്. ഏറ്റവുമൊടുവില്‍, 2022 ജൂലൈ ആറിന് സിഡിഎംഇഎ മൂന്ന് ലക്ഷം രൂപ നല്‍കിയതിന്റെ രശീതി അനുവദിക്കാന്‍ ആവശ്യപ്പെട്ട് സെക്രട്ടറി ഒപ്പിട്ട് സീല്‍ വച്ച് നല്‍കിയ കത്തില്‍ ലീസ് തുക എന്നുതന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, പിന്നീട് ലീസ് തുക നല്‍കാതെ കോളജ് അധികൃതര്‍ ഭൂമിയില്‍ അവകാശവാദമുന്നയിക്കുകയായിരുന്നു.
തളിപ്പറമ്പ് സ്വദേശികളായ ദില്‍ഷാദ് പാലക്കോടന്‍, കെ എന്‍ ഷാനവാസ് എന്നിവര്‍ ഭൂമി വഖ്ഫ് ബോര്‍ഡിന്റേതാണ് എന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. വില്ലേജ് ഓഫിസര്‍ ഇത് പരിശോധനകള്‍ക്കായി തഹസില്‍ദാര്‍ക്ക് കൈമാറി. ഇതോടെ തണ്ടപ്പേര് തിരുത്താന്‍ തഹസില്‍ദാര്‍ ഉത്തരവിറക്കി. ഇതിനെതിരേ ആര്‍ഡിഒയ്ക്ക് നല്‍കിയ അപ്പീല്‍ ഇതുവരെ പരിഗണിക്കപ്പെട്ടില്ലെന്ന് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പറയുന്നു. അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആ കേസിലാണ് ഇതുവരെ ആരും ഉന്നയിക്കാത്ത രീതിയിലുള്ള വാദം ഉയര്‍ന്നത്. മാത്രമല്ല, വിഷയം പുറത്തു കൊണ്ടുവന്ന അഡ്വ. എസ് മമ്മു, പരാതിക്കാര്‍ എന്നിവരുടെ പ്രതീകാത്മക ഖബറിടം ഒരുക്കി ഭീഷണിപ്പെടുത്തിയതും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
എന്നാല്‍, ഗുരുതരമായ വിഷയത്തെ കേവലം ക്ലറിക്കല്‍ മിസ്‌റ്റേക്കാക്കി നിസ്സാരവല്‍ക്കരിക്കാനാണ് അഭിഭാഷകന്‍ കൂടിയായ ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
അഡ്വ. അബ്ദുല്‍ കരീം ചേലേരിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
''
സര്‍സയ്യദ് കോളജ് വിഷയത്തില്‍ മുഖ്യമന്ത്രിക്ക് രാഷ്ട്രീയ ദുഷ്ടലാക്ക്: അഡ്വ അബ്ദുല്‍ കരീം ചേലേരി
തളിപ്പറമ്പ് സര്‍സയ്യദ് കോളജിന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ലിം ലീഗിനെ പഴിചാരി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നതെന്നും അത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി
തളിപ്പറമ്പ് സര്‍സയ്യദ് കോളജ് ഭൂമിയുമായി ബന്ധപ്പെട്ട് തണ്ടപ്പേരു മാറ്റുന്നത് സംബന്ധിച്ച ഒരു വ്യവഹാരത്തില്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് വന്ന ഒരു ക്ലരിക്കല്‍ തകരാറ് തിരുത്തുന്നതിന് വേണ്ടി കോളജിന്റെ ഉടമസ്ഥാവകാശമുള്ള കണ്ണൂര്‍ ജില്ലാ മുസ്ലിം എഡുക്കേഷണല്‍ അസോസിയേഷന്‍ (ഇഉങഋഅ) എക്‌സിക്യുട്ടീവ് തീരുമാനമെടുക്കുകയും അതിന് ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടും വിഷയം സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന് പിന്നില്‍ തികഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. മുനമ്പം വിഷയത്തിലടക്കം പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പിന്റെ മറ്റൊരു വകഭേദമാണിത്.
സര്‍ സയ്യദ് കോളജിന്റെ ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തില്‍ മുസ്ലിം ലീഗിനോ കോളജ് മാനേജ്‌മെന്റിനോ രണ്ടഭിപ്രായമില്ല. കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലം തിരുത്തുന്നതിലൂടെ ആ പ്രശ്‌നം അവസാനിക്കുകയും ചെയ്യും. ഉത്തര മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഉതകുന്ന ഉന്നത കലാലയങ്ങള്‍ സ്ഥാപിക്കാന്‍ തളിപ്പറമ്പ് മുസ്ലിം ജമാഅത്ത് ലീസായി നല്‍കിയ ഈ ഭൂമിയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തല്പര കക്ഷികളുടെ കൂടെ നില്‍ക്കാന്‍ മുസ്ലിം ലീഗിന് കഴിയില്ല. അതെ സമയം പ്രസ്തു ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തില്‍ മുസ്ലിം ലീഗിന് സംശയവുമില്ല.
കേരളത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുസ്ലിംലീഗ് നേതാക്കള്‍ മുന്‍കൈ എടുത്ത് പടുത്തുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം മുസ്ലിംലീഗിന്റെ സ്ഥാപനങ്ങളുമല്ല. മുസ്ലിം ലീഗ് അതിന്റെയൊന്നും അട്ടിപ്പേറ് അവകാശം ഉന്നയിക്കുന്നുമില്ല.
സര്‍ സയ്യദ് കോളജിന്റെ കാര്യത്തിലും ലീഗ് നിലപാട് ഇത് തന്നെയാണ്. മുസ്ലിം ലീഗ് കാരല്ലാത്ത നിരവധി പേര്‍ കോളജിന്റെയും അതിന്റെ മാതൃസംഘടനയുടെയും തലപ്പത്ത് ഉണ്ടായിട്ടുണ്ട്. വ്യവസായ പ്രമുഖനായ എ.കെ. ഖാദര്‍ കുട്ടി സാഹിബ്, സുപ്രീം കോടതി ജസ്റ്റീസായിരുന്ന വി.ഖാലിദ് സാഹിബ്, ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടരിയായിരുന്ന കെ. അബ്ദുല്‍ ഖാദര്‍ സാഹിബ്, തലശ്ശേരി മുനിസില്‍പ്പല്‍ ചെയര്‍മാനായിരുന്ന സി.പി.എം. നേതാവ് ഒ.വി. അബ്ദുള്ള എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. ഇപ്പോള്‍ സര്‍സയ്യദ് കോളജിന്റെ തലപ്പത്തിരിക്കുന്നത് മുസ്ലിംലീഗ് നേതാക്കളായതുകൊണ്ട് മാത്രം കോളജിന്റെ ഉടമസ്ഥാവകാശം മുസ്ലിംലീഗിലെത്തുന്നില്ല. അതിനാല്‍ ഈ വിഷയത്തില്‍ മുസ്ലിംലീഗിനെ പഴിചാരി വിഷയം സജീവമായി നിലനിര്‍ത്താനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ ദുഷ്ടലാക്ക് ജനം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് അബ്ദുല്‍ കരീം ചേലേരി പ്രസ്താവനയില്‍ പറഞ്ഞു.''
RELATED STORIES
യുവതി വിഷം അകത്ത് ചെന്ന് മരിച്ച സംഭവം കൊലപാതകം
5 July 2025 2:18 AM GMT36 വര്‍ഷം മുമ്പ് മറ്റൊരാളെ കൂടി കൊലപ്പെടുത്തിയെന്ന് മധ്യവയസ്കന്
5 July 2025 2:06 AM GMTനിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTവഖ്ഫ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു
4 July 2025 4:29 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMT