Sub Lead

രേഖകള്‍ ഇല്ലാതെ ഹാരിസണ്‍ മലയാളം കൈവശംവച്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

കൊല്ലം വെസ്റ്റ് വില്ലേജ് പരിധിയില്‍ വരുന്ന നാലു ഏക്കറോളം ഭൂമിയാണ് പതിറ്റാണ്ടുകളായി ഹാരിസണ്‍ കൈവശപ്പെടുത്തി വച്ചിരിക്കുന്നത്.

രേഖകള്‍ ഇല്ലാതെ ഹാരിസണ്‍ മലയാളം കൈവശംവച്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു
X

കൊല്ലം: രേഖകള്‍ ഇല്ലാതെ ഹാരിസണ്‍ മലയാളം കൈവശംവച്ചിരുന്ന കൊല്ലം നഗരമധ്യത്തിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കൊല്ലം വെസ്റ്റ് വില്ലേജ് പരിധിയില്‍ വരുന്ന നാലു ഏക്കറോളം ഭൂമിയാണ് പതിറ്റാണ്ടുകളായി ഹാരിസണ്‍ കൈവശപ്പെടുത്തി വച്ചിരിക്കുന്നത്. പുതിയ ജില്ലാ ജയില്‍ നിര്‍മിക്കാന്‍ ഈ സ്ഥലം ജയില്‍ വകുപ്പിന് നല്‍കിയേക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ച ഈ സ്ഥലം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ രേഖകള്‍ ഒന്നും ഇല്ലാതെ കൈവശം വെച്ചിരുക്കുകയായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഭൂമിയാണിതെന്ന് തിരിച്ചറിഞ്ഞതോടെ റവന്യൂ വകുപ്പ് ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. ഹാരിസണ്‍ പ്ലാന്റേഷന്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിക്കാതായതോടെ ഭൂമി ഏറ്റെടുക്കാന്‍ കൊല്ലം ജില്ലാ കലക്ടര്‍ ഉത്തരവിടുകയായിരുന്നു.

കൊല്ലം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ശശിധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഹാരിസണ്‍ പ്ലാന്റേഷന്റെ ബോര്‍ഡ് മാറ്റി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. ഹാരിസണ്‍ പ്ലാന്റേഷന്‍ ജീവനക്കാരെ പുറത്താക്കിയ ശേഷം ഗേറ്റ് ചങ്ങല ഉപയോഗിച്ച് പൂട്ടി.

വിപണിയില്‍ നാല് കോടിയോളം രൂപ ഭൂമിക്ക് വിലവരുമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയ ജില്ലാ ജയില്‍ നിര്‍മിക്കാനായി ജയില്‍ വകുപ്പ് ജില്ലാഭരണകൂടത്തോട് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ വകുപ്പിന് ഭൂമി നല്‍കുന്ന കാര്യത്തില്‍ ഉടന്‍ അന്തിമതീരുമാനം കൈക്കൊള്ളുമെന്നാണ് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it