Sub Lead

വാട്ട്‌സാപ്പില്‍ മൂന്ന് ടിക്ക് മാര്‍ക്ക് വന്നാല്‍ പോലിസ് പിടിക്കുമോ?

ഇതിന്റെ വാസ്തവം തേടി നിരവധി പേര്‍ തേജസ് ന്യൂസുമായി ബന്ധപ്പെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ 2015ല്‍ സ്‌കൂപ്പ് വൂപ്പ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ആക്ഷേപ ഹാസ്യ ലേഖനത്തിലെ ചിത്രമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമെന്ന രീതിയില്‍ പ്രചരിക്കുന്നത്.

വാട്ട്‌സാപ്പില്‍ മൂന്ന് ടിക്ക് മാര്‍ക്ക് വന്നാല്‍ പോലിസ് പിടിക്കുമോ?
X

കോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്ട്‌സാപ്പ് വഴി പ്രചരിക്കുന്ന ഒരു സന്ദേശം യൂസര്‍മാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. സന്ദേശം ഇങ്ങനെയാണ്:

ശ്രദ്ധിക്കൂ, നിങ്ങള്‍ ഒരു മെസ്സേജ് അയക്കുമ്പോള്‍ താഴെ വലതു മൂലയില്‍ ഒരു ടിക് മാര്‍ക്ക് വരുന്നില്ലേ. അത് 2 ടിക് മാര്‍ക്കാകുമ്പോള്‍ മെസ്സേജ് അവിടെ കിട്ടിയെന്നും, അതു നീലയാകുമ്പോള്‍ ആ മെസ്സേജ് ലഭിച്ചയാള്‍ വായിച്ചു എന്നും നാം മനസ്സിലാക്കുന്നുണ്ടല്ലോ. എന്നാല്‍ അത് 3 നീല ടിക് മാര്‍ക്കായി കാണുന്നുവെങ്കില്‍ ആ മെസ്സേജ് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സി നിരീക്ഷിച്ചിട്ടുണ്ടെന്നും 3 ല്‍ 1 ചുവപ്പ് ടിക് ആണെങ്കില്‍ ഉടന്‍ നിങ്ങളുടെ പേരില്‍ നിയമ നടപടി വരുന്നു എന്നും മനസ്സിലാക്കുക.

ടിക്ക് മാര്‍ക്കുകളുടെ ചിത്രം സഹിതമാണ് ഈ സന്ദേശം പ്രചരിക്കുന്നത്.

ഇതിന്റെ വാസ്തവം തേടി നിരവധി പേര്‍ തേജസ് ന്യൂസുമായി ബന്ധപ്പെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ 2015ല്‍ സ്‌കൂപ്പ് വൂപ്പ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ആക്ഷേപ ഹാസ്യ ലേഖനത്തിലെ ചിത്രമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമെന്ന രീതിയില്‍ പ്രചരിക്കുന്നത്.

ഈ സന്ദേശം വ്യാജമാണെന്ന് ബൂംലൈവ് എന്ന വസ്തുതാ പരിശോധനാ വെബ്‌സൈറ്റിനോട് വാട്ട്‌സാപ്പ് വക്താവ് തന്നെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വാട്ട്‌സാപ്പ് യൂസര്‍മാരുടെ സ്വകാര്യതയ്ക്ക് വലിയ പ്രധാന്യമാണ് നല്‍കുന്നതെന്ന് അദ്ദേഹം അറിയിച്ചു. വാട്ട്‌സാപ്പ് വഴി അയക്കുന്ന ഓരോ സന്ദേശവും കോളുകളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോഗിച്ചാണ് അയക്കുന്നത്. മൂന്നാമതൊരാള്‍ക്കോ വാട്ട്‌സാപ്പിന് പോലുമോ ആ സന്ദേശം വായിക്കാനോ കോള്‍ കേള്‍ക്കാനോ സാധിക്കില്ല. മാത്രമല്ല, മൂന്നാമതൊരു ടിക്ക് മാര്‍ക്ക് എന്നൊരു സംവിധാനം വാട്ട്‌സാപ്പ് ചാറ്റുകളില്‍ ഇതുവരെ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

വാട്ട്‌സാപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശത്തിന്റെ ഉറവിടം വ്യക്തമാകുന്നതിന് വാട്ട്‌സാപ്പിലെ എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ഈയിടെ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആവശ്യം വാട്ട്‌സാപ്പ് നിരസിക്കുകയായിരുന്നു.

വാട്ട്‌സാപ്പ് വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരം നിലവില്‍ വാട്ട്‌സാപ്പ് ചാറ്റില്‍ മൂന്ന് തരത്തിലുള്ള ടിക്ക് മാര്‍ക്കുകളാണുള്ളത്. മെസേജ് അയച്ചു എന്നതിന് ഒറ്റ ടിക്ക് മാര്‍ക്കും മേസേജ് മറുവശത്ത് ലഭിച്ചു എന്നതിന് രണ്ട് ടിക്ക് മാര്‍ക്കും മെസേജ് മറുവശത്തുള്ളയാള്‍ വായിച്ചു എന്നതിന് രണ്ട് നീല ടിക്ക് മാര്‍ക്കുമാണ് വരിക.





Next Story

RELATED STORIES

Share it