Sub Lead

അര്‍ജുനായുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തി; തുടര്‍ നടപടികളുടെ തീരുമാനം ഉടന്‍

അര്‍ജുനായുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തി; തുടര്‍ നടപടികളുടെ തീരുമാനം ഉടന്‍
X

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാട്ടി നാല് ദിവസത്തേക്ക് നിര്‍ത്തിവെക്കാനാണ് കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. കാലവാസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാദൗത്യം ദുഷ്‌കരമാണ് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെയും നേവിയും എന്‍.ഡി.ആര്‍.എഫ് സംഘങ്ങളും ഒന്നിച്ച് പരിശ്രമിച്ചാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. വെള്ളത്തിനടിയില്‍ ചെളിയും മണ്ണും പാറയുമാണ്. കൂറ്റന്‍ ആല്‍ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. തിരച്ചിലിന് അത്യാധുനിക യന്ത്രങ്ങള്‍ വേണമെന്നും അവ കൊണ്ടുവരാന്‍ ദിവസങ്ങളെടുക്കുമെന്നും എം.എല്‍.എ പറഞ്ഞു.

തിരച്ചില്‍ അവസാനിപ്പിച്ചത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സാധ്യതകളെ ഉപയോഗപ്പെടുത്തിയില്ലെന്നും പരിമിതിയില്‍നിന്നു രക്ഷാപ്രവര്‍ത്തനം എങ്ങനെ നടത്തുമെന്ന് പരിശോധിക്കാവുന്നതാണെന്നും റിയാസ് പറഞ്ഞു. ''കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍നിന്നും പിന്നോട്ടു പോകണം. നേവല്‍ ബേസിലെ ഏറ്റവും മികച്ച ഡൈവേഴ്‌സിനെ ഉപയോഗപ്പെടുത്തണം. ഇനിയും ഒരുപാട് സാധ്യതകളുണ്ട്. ഇപ്പോള്‍ എടുത്ത തീരുമാനത്തില്‍നിന്നും പിന്നോട്ട് പോകണം. എല്ലാവരും ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനം നടപ്പിലാക്കണം'' റിയാസ് ആവശ്യപ്പെട്ടു.

''ആരെയും കുറ്റപ്പെടുത്താനോ അനാവശ്യ വിവാദങ്ങള്‍ക്ക് പോകാനോ താല്‍പര്യമില്ല. ഞങ്ങളോടു ബന്ധപ്പെടാതെ ഇത്തരമൊരു തീരുമാനമെടുക്കുന്നത് ശരിയല്ല. ഭരണഘടനാപരമായി ചെയ്യാന്‍ പറ്റുന്നതെല്ലാം കേരള സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. മറ്റൊരു സംസ്ഥാനമായതിനാല്‍ അവിടെ പോയി മന്ത്രിമാര്‍ക്ക് തമ്പടിച്ച് നില്‍ക്കാന്‍ പറ്റില്ല. എന്നാല്‍ ഞങ്ങള്‍ പിന്നീട് അങ്ങോട്ടേക്ക് പോയി. മന്ത്രിയെന്ന നിലയിലല്ല പൗരനെന്ന നിലയിലാണ് അഭിപ്രായം'' റിയാസ് പറഞ്ഞു.





Next Story

RELATED STORIES

Share it