Sub Lead

കപ്പല്‍ ഒന്നാകെ മുങ്ങുകയാണ്; ജനം തയ്യാറെങ്കില്‍ പുതിയ പാര്‍ട്ടിയെന്ന് പി വി അന്‍വര്‍

കപ്പല്‍ ഒന്നാകെ മുങ്ങുകയാണ്; ജനം തയ്യാറെങ്കില്‍ പുതിയ പാര്‍ട്ടിയെന്ന് പി വി അന്‍വര്‍
X

മലപ്പുറം: അന്‍വറുമായുള്ള ബന്ധം വിച്ഛേദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നതു പോലിസാണെന്നും അദ്ദേഹം പറഞ്ഞു. കപ്പല്‍ ഒന്നായി മുങ്ങാന്‍ പോവുകയാണ്. കപ്പല്‍ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ആ എന്നെ കപ്പലുമുക്കാന്‍ വന്നവന്‍ എന്ന രീതിയിലാണ് കണ്ടത്. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. സ്വര്‍ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ല. പൊതുപ്രശ്‌നങ്ങളുമായി ആളുകള്‍ പാര്‍ട്ടി ഓഫിസിലേക്ക് വരാത്ത സ്ഥിതിയായി. പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമുണ്ടെന്ന് പാര്‍ട്ടി ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷേ, അത് നടക്കാറില്ല. അച്ചടി ഭാഷയില്‍ പറഞ്ഞാല്‍ എല്ലാം ശരിയായെന്നല്ല. ഭരണഘടനയിലെ കാര്യങ്ങള്‍ ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്ത് പ്രാവര്‍ത്തികമായിരുന്നു. വടകരയില്‍ കെ കെ ശൈലജയ്ക്ക് വോട്ട് കിട്ടാതിരുന്നത് പാര്‍ട്ടി സഖാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ടാണ്. ശൈലജയ്ക്ക് അരലക്ഷം വോട്ടെങ്കിലും ഉണ്ടാവും. അങ്ങനെയെങ്കില്‍ ജയിക്കേണ്ടത്. പാര്‍ട്ടി അണികള്‍ തന്നെ പ്രതിഷേധ വോട്ട് രേഖപ്പെടുത്തിയതാണ്. സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള പരാതിയില്‍ അന്വേഷണം നടക്കുന്നില്ല. പി ശശി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പാര്‍ട്ടിക്ക് നല്‍കിയ കത്ത് നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറിന് കമ്മ്യൂണിസം അറിയില്ലെന്നതിനും അന്‍വര്‍ മറുപടി നല്‍കി. എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. മനുഷ്യന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. ഏഴാം കൂലിയായ അന്‍വര്‍ നടത്തിയ അന്വേഷണം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല. ഇവനാരിത് ഇതൊക്കെ പറയാന്‍. സംഘടനയുമായി ബന്ധമില്ലാത്തവന്‍ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാര്‍ട്ടി കാണുന്നത്. ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും. കോക്കസിലില്ലാത്തവര്‍ എനിക്കൊപ്പം നില്‍ക്കും. ജീപ്പില്‍ മൈക്കും കെട്ടിയിറങ്ങി ജനങ്ങളോട് എല്ലാം വിളിച്ചുപറയും. എനിക്കെതിരായ നേതൃത്വത്തിന്റെ നിലപാട് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാവുന്നതിനു മുമ്പ് എനിക്കെതിരേ മൂര്‍ദാബാദ് വിളിച്ചവര്‍ സത്യം മനസ്സിലാക്കി പിന്നീട് സിന്ദാബാദ് വിളിച്ചിരുന്നു. രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരേയാണ് ഞാന്‍ സംസാരിക്കുന്നത്. ജനങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നറിയാനാണ് ശ്രമം. ജനങ്ങളുടെ പ്രതികരണമറിയുന്നതിനാണ് ഗൂഗിള്‍ ഫോംമിട്ടത്. ജനം തയ്യാറാണെങ്കില്‍ പുതിയ പാര്‍ട്ടി ആലോചിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it