Sub Lead

'വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ശരിയല്ല'; ഗവര്‍ണര്‍ക്ക് പരസ്യ മറുപടിയുമായി മുഖ്യമന്ത്രി

ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമായി കാര്യങ്ങള്‍ പറഞ്ഞതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിന് പിടിവാശിയില്ലെന്നും പിണറായി പറഞ്ഞു.

വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന  ശരിയല്ല; ഗവര്‍ണര്‍ക്ക് പരസ്യ മറുപടിയുമായി മുഖ്യമന്ത്രി
X

കണ്ണൂര്‍: സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് വാര്‍ത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ തുടരണമെന്നും പദവി ഉപേക്ഷിക്കരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സ്ഥാനത്തിരുന്ന് സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. ഈ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമായി കാര്യങ്ങള്‍ പറഞ്ഞതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിന് പിടിവാശിയില്ലെന്നും പിണറായി പറഞ്ഞു. ഗവര്‍ണറുമായി ചര്‍ച്ച ചെയ്താലേ അറിയൂ. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമായി പറഞ്ഞതിനാലാണ്. പൗരത്വ നിയമഭേദഗതി വന്ന സമയത്തെ റസിഡന്റ് പരാമര്‍ശം ഗവര്‍ണര്‍ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമല്ല. രാഷ്ട്രീയമായ മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ തന്നെ പറഞ്ഞതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ നിലപാട് മനസിലാക്കാത്ത ആളല്ല ഗവര്‍ണറെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഉന്നതവിദ്യാഭ്യാസ മേഖലകളെ കുറിച്ച് ഒട്ടേറ ചര്‍ച്ചകള്‍ ഉയര്‍ന്ന് വരുകയാണ്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ തന്നെ ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കുന്നത് എടുത്ത് പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറണമെന്നാണ് പ്രകടന പത്രികയിലെ നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിയൊന്നും ചെയ്യേണ്ടതില്ലെന്ന അഭിപ്രായം സര്‍ക്കാരിനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഇനി ശ്രദ്ധ വേണ്ടതെന്ന ബോധ്യം സര്‍ക്കാറിനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ട് പോകാന്‍ കൂടുതല്‍ ശാക്തീകരിക്കണം നടത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമുള്ളത് ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗം മികവിന്റെ കേന്ദ്രമാക്കണമെന്ന പൂര്‍ണ ബോധം സര്‍ക്കാരിനുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടോയേക്കാം. അത് ചര്‍ച്ച ചെയ്ത പരിഹരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമണ്ഡലത്തിലും മാധ്യമത്തിലും ചില പ്രതികരണങ്ങള്‍ വന്നു കാണുന്നു. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതരത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഡിസംബര്‍ 8ന് ഗവര്‍ണര്‍ കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്കണ്ഠ ഗൗരവത്തോടെ ഉള്‍ക്കൊണ്ടുവെന്നും ഗവര്‍ണറുടെ ആശങ്ക സര്‍ക്കാര്‍ അവഗണിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേ ദിവസം തന്നെ സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഗവര്‍ണറെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിലെ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയും ഗവര്‍ണറെ നേരിട്ട് കണ്ടാണ് മറുപടി നല്‍കിയത്. താന്‍ ഫോണില്‍ ഗവര്‍ണറുമായി ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ദിവസങ്ങളില്‍ കണ്ണൂരിലായത് കൊണ്ടാണ് നേരില്‍ കാണാന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മികവാര്‍ന്ന അക്കാദമിക് വിദഗ്ധരെയാണ് സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 24 മണിക്കൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കാത്തവരെ പോലും തലപ്പത്ത് നിയമിച്ചവരാണ് ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഒരു സര്‍വകലാശാല വിസി യോഗ്യനല്ല എന്ന് കണ്ട് ക്ഷീല ദീക്ഷിത് മാറ്റിയ അനുഭവം ഉണ്ടായിട്ടുണ്ട്. അതൊക്കെ മറന്നിട്ടാണ് ഇപ്പോഴത്തെ നിയമനത്തെ വിമര്‍ശിക്കുന്നത്. വിസിയെ നിയമിക്കുന്നത് യുജിസി മാനദണ്ഡ പ്രകാരം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചാണ്. നിയമനങ്ങളില്‍ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് അഭിപ്രായം പറയാനുള്ള എല്ലാ അവകാശവും ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിഷേധ ചിന്തക്കാര്‍ക്ക് ഉത്തേജനം നല്‍കുന്നതരത്തിലുള്ള പരസ്യ പ്രസ്താവന ഗവര്‍ണര്‍ നടത്തുന്നത് ദുഃഖകരമായ കാര്യമാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. കേരളം ഒട്ടും മുന്നോട്ട് പോകാന്‍ പാടില്ല എന്ന നിലപാടുള്ളവര്‍ക്ക് ഊര്‍ജം പകരുന്ന നിലപാട് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതായിരുന്നു. ഗവര്‍ണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ അറിയിക്കുമെന്നും ഗവര്‍ണര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിമര്‍ശനം ഉയരുമെന്ന് ഭയന്ന് ഗവര്‍ണര്‍ ഉചിതമായ തീരുമാനം എടുക്കാതിരിക്കുന്നതില്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. റസിഡന്റ് എന്ന പദം ഇഷ്ടപ്പെടുന്നില്ല എന്ന് മാധ്യമങ്ങളില്‍ കണ്ടു ഗവര്‍ണറെ ബഹുമാനിക്കാത്ത ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. വാക്കിലോ നോക്കിലോ ഗവര്‍ണറെ ബുദ്ധിമുട്ടിക്കണം എന്ന ആഗ്രഹം സര്‍ക്കാരിനില്ല. പൗരത്വ വിഷയത്തില്‍ നിയമ സഭ പ്രമേയത്തെ പരസ്യമായി ചോദ്യം ചെയ്തപ്പോഴാണ് ഗവര്‍ണറെ റെസിഡന്റ് പരാമശത്തിലൂടെ ഓര്‍മ്മിപ്പിച്ചത്. റസിഡന്റ് എന്ന പ്രയോഗം ഗവര്‍ണര്‍ ഉന്നയിച്ച രാഷ്ട്രീയ വിമര്‍ശനത്തിനുള്ള രാഷ്ട്രീയ മറുപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുമായി വ്യക്തിപരമായും തനിക്ക് ഊഷ്മളമായ ബന്ധമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈസ് ചാന്‍സിലറെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനം ഞങ്ങള്‍ മോഹിക്കുന്നില്ല. ഗവര്‍ണര്‍ തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ ഇന്നലെ പൊട്ടിമുളച്ച ആളല്ല. കാര്യങ്ങള്‍ എങ്ങനെ നടത്തണമെന്ന് ഗവര്‍ണര്‍ക്ക് അറിയാം.

എല്‍ ഡി എഫിന്റെ ഇപ്പോഴത്തെ സര്‍ക്കാരോ നേരത്തെ ഇടതുപക്ഷം നയിച്ച സര്‍ക്കാരുകളോ അനധികൃതമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനോ ശ്രമിച്ചിട്ടില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്. സര്‍വകലാശാലകളെ അക്കാദമിക് രംഗത്ത് മികവുറ്റ രീതിയില്‍ നയിക്കാന്‍ നിയുക്തരാകുന്നവരാണ് വൈസ് ചാന്‍സിലര്‍മാര്‍. അവരെ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അനുവദിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയില്ല. യൂണിവേഴ്‌സിറ്റിയിലൂടെ ചാന്‍സിലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ല. അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടുമില്ല. ബഹുമാനപ്പെട്ട ഗവര്‍ണര്‍ തന്നെ ആസ്ഥാനത്ത് തുടരണം എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മറിച്ചുള്ള നിലപാട് അദ്ദേഹം പിന്‍വലിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ചാന്‍സിലറുടെ അധികാരം നിയമ പ്രകാരമുള്ളതാണ്. അവ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല എന്ന് ഉറപ്പ് നല്‍കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം. ജനഹിതത്തിനനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാരിന്റെ നയമല്ല. അദ്ദേഹം പരസ്യമായി ചില കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് ഇവിടെ വസ്തുത നിങ്ങളുമായി സംസാരിക്കണമെന്ന് വെച്ചത്. അദ്ദേഹം ഉന്നയിച്ച ഏതു വിഷയത്തിലും ചര്‍ച്ചയാകാം. അതിലൊന്നും ഞങ്ങള്‍ക്ക് പിടിവാശിയില്ല. ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ നിയമസഭ നല്‍കിയ ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിക്കരുത്; അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് തുടര്‍ന്ന്‌കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാരിന്റെയും സര്‍വകലാകാലകളുടെയും ശ്രമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കി ഉണ്ടാകണം എന്നാണ് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്.

വിഷയത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണ് ഉള്ളതെന്നും ഗവര്‍ണര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Next Story

RELATED STORIES

Share it