Sub Lead

വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് കേന്ദ്രം വീണ്ടും സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍

കോട്ടയം മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും നാളെ സിപിഎം പ്രതിഷേധം

വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് കേന്ദ്രം വീണ്ടും സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍
X

കോട്ടയം: ആദ്യസന്ദര്‍ശനം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിട്ടും വിജയദശമി ദിനത്തില്‍ വീണ്ടും ആര്‍എസ്എസ് കേന്ദ്രം സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ചെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമീപത്തെ, ആര്‍എസ്എസ് പോഷക സംഘടനയായ സേവാഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് സേവാഭാരതിയുടെ കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ എത്തിയത് വിവാദമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയപ്പോള്‍, ക്ഷേത്രത്തിലെ പരിപാടിക്കെത്തിയതാണെന്നും ഭക്ഷണപ്പുരയാണ് സന്ദര്‍ശിച്ചതെന്നുമായിരുന്നു വിശദീകരണം. എന്നാല്‍, സംഘപരിവാറിന്റെ ആദ്യകാല നേതാക്കളുടെ ചിത്രത്തിനു താഴെ തിരുവഞ്ചൂര്‍ ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. ഇത് വിവാദമായതിനു പിന്നാലെയാണ്, ആര്‍എസ്എസ് സ്ഥാപകദിനമായി ആഘോഷിക്കുന്ന വിജയദശമി ദിനത്തില്‍ തിരുവഞ്ചൂര്‍ വീണ്ടും സേവാഭാരതി കേന്ദ്രം സന്ദര്‍ശിച്ചത്. പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെത്തുകയും വിദ്യാമണ്ഡപം ഉള്‍പ്പെടെ സന്ദര്‍ശിക്കുകയും ചെയ്ത ശേഷം സേവാഭാരതിയുടെ ഭക്ഷണവിതരണ കേന്ദ്രത്തിലും കലവറയിലുമെത്തുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട തിരുവഞ്ചൂര്‍ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചു.

സിപിഎമ്മുകാര്‍ക്ക് ക്ഷേത്രം എന്തെന്ന് അറിയാത്തതിനാലാണ് വിവാദം ഉണ്ടാക്കിയതെന്നും അവര്‍ ഒരിക്കലെങ്കിലും നേരെ ചൊവ്വേ ക്ഷേത്രത്തില്‍ പോവണ്ടേയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അവര്‍ ആരാധന നടത്തുന്നില്ലെങ്കില്‍ വേണ്ട. ദൈവവിശ്വാസമുണ്ടെങ്കില്‍ അവര്‍ ദൈവവിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുകയല്ലേ ചെയ്യേണ്ടത്. ശബരിമല വിവാദവും തുടര്‍ സംഭവങ്ങളും സിപിഎം മറക്കരുത്. പനച്ചിക്കാട് ക്ഷേത്രത്തെ വിവാദങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഎം തയ്യാറാവണം. മതമൈത്രിക്ക് പേരുകേട്ട സ്ഥലമാണിത്. വിവിധ മതങ്ങളിലെ ദേവാലയങ്ങള്‍ തമ്മില്‍ ഇവിടെ വലിയ മൈത്രിയിലെന്നതു പോലും പരിഗണിക്കാതെ സിപിഎം വിവാദമുണ്ടാക്കുകയാണ്. ക്ഷേത്ര ഭാരവാഹികള്‍ ക്ഷണിച്ചതിനാലാണ് സന്ദര്‍ശനമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു കുട്ടി ഈപ്പന്‍, പഞ്ചായത്തംഗം എബിസണ്‍ കെ എബ്രഹാം എന്നിവരും കൂടെയുണ്ടായിരുന്നു. തിരുവഞ്ചൂറിന്റെ വാദങ്ങള്‍ ക്ഷേത്രം ഭാരവാഹികളായ ഗോപിനാഥ് വാര്യരും ശ്രീകുമാറും ശരിവച്ചു.

അതേസമയം, തിരുവഞ്ചൂരിനെതിരേ കോട്ടയം നിയോജകമണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം അറിയിച്ചു. കോണ്‍ഗ്രസ്-ആര്‍എസ്എസ് അവിശുദ്ധ കൂട്ടുകെട്ടാണ് ഇതോടെ തെളിഞ്ഞതെന്ന് സിപിഎം ആരോപിച്ചു.

Thiruvanchoor visits RSS center again on Vijayadashami day





Next Story

RELATED STORIES

Share it