Sub Lead

ഹിജാബ് നിരോധനത്തിന് ശേഷം ഇതും സംഭവിക്കും; ക്രിപാണ്‍ ധരിച്ചതിന്റെ പേരില്‍ മെട്രോസ്‌റ്റേഷനില്‍ തടഞ്ഞതില്‍ പ്രതിഷേധവുമായി സിഖ് യുവാവ് (വീഡിയോ)

ഹിജാബ് നിരോധനത്തിന് ശേഷം ഇതും സംഭവിക്കും; ക്രിപാണ്‍ ധരിച്ചതിന്റെ പേരില്‍ മെട്രോസ്‌റ്റേഷനില്‍ തടഞ്ഞതില്‍ പ്രതിഷേധവുമായി സിഖ് യുവാവ് (വീഡിയോ)
X

ന്യൂഡല്‍ഹി: ക്രിപാണ്‍ ധരിച്ചതിന്റെ പേരില്‍ ഡല്‍ഹി മെട്രോ സ്‌റ്റേനില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സിഖ് യുവാവിനെ തടഞ്ഞു. മതാചാര പ്രകാരം സിഖുകാര്‍ക്ക് വിമാനത്താവളങ്ങളില്‍ പോലും ക്രിപാണ്‍ ധരിക്കാന്‍ അനുമതിയുള്ളപ്പോഴാണ് മെട്രോ സ്‌റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സിഖ് യുവാവിനെ തടഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടു. 'ഹിജാബ് നിരോധനത്തിന് ശേഷം ഇത് സംഭവിക്കും. സിഖ് മതപരമായ വസ്ത്രങ്ങള്‍ ഒന്നും തന്നെ ഭരണഘടനാപരമായി നിരോധിച്ചിട്ടില്ലെങ്കിലും, ഈയിടെയായി നമ്മള്‍ സിഖുകാര്‍ക്കെതിരെ ധാരാളം പീഡനങ്ങള്‍ അരങ്ങേറുന്നു. ചിലപ്പോള്‍ ക്രിപാണ്‍ ധരിക്കുന്നതിനും മറ്റു ചിലപ്പോള്‍ നിഷാന്‍ സാഹിബ് പതാകകള്‍ കൈവശം വയ്ക്കുന്നതിന്റെ പേരിലും വിവേചനം നേരിടുന്നു'. എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിമാനത്താവളങ്ങളിലെ സിഖ് ജീവനക്കാര്‍ക്ക് കൃപാണ്‍ ധരിക്കാന്‍ അനുമതി നിഷേധിച്ച നടപടി പ്രതിഷേധത്തിന് ഇടയായിരുന്നു. മാര്‍ച്ച് നാലിനാണ് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കൃപാണ്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തുവിട്ടത്. എന്നാല്‍ അടുത്തിടെ അമൃത്‌സറിലെ ശ്രീ ഗുരുറാംദാസ് ജീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കൃപാണ്‍ ധരിച്ച ഒരു സിഖ് ജീവനക്കാരനെ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് സിഖ് സംഘടനയായ 'ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി' രംഗത്തെത്തിയിരുന്നു. കമ്മിറ്റി പ്രസിഡണ്ട് ഹര്‍ജീന്ദര്‍ സിങ് ധാമി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

''ഈ വിവേചനം സിഖുകാരുടെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വലിയ ആക്രമണമാണ്. അതൊരിക്കലും നടപ്പാക്കാന്‍ അനുവദിക്കില്ല. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിക്കുന്നതില്‍ സിഖുകാരാണ് മുന്‍പന്തിയില്‍ നിന്നിട്ടുള്ളന്നതെന്നും രാജ്യത്തിന്റെ സംസ്‌കാരം ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ സിഖുകാര്‍ക്കും പങ്കുണ്ടെന്ന് കേന്ദ്രം ഒരിക്കലും മറക്കരുത്'' ധാമി കത്തില്‍ പറഞ്ഞു.

തുടര്‍ന്ന് മാര്‍ച്ച് 12നാണ് ബിസിഎഎസ് വിലക്ക് പിന്‍വലിച്ചത്. ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കൃപാണ്‍ ധരിക്കാം. ഇത്തരത്തില്‍ ധരിക്കുന്ന കൃപാണിന്റെ നീളം ഒമ്പത് ഇഞ്ചില്‍ കൂടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിഖ് മതത്തില്‍ ശരീരത്തോട് ചേര്‍ന്ന് ധരിക്കുന്ന വളഞ്ഞ കഠാരയാണ് കൃപാണ്‍.

Next Story

RELATED STORIES

Share it